Entertainment
പൊളിറ്റിക്കൽ പാർട്ടിയുടെ പങ്ക് ഇല്ലാതെ എങ്ങനെ പൊളിറ്റിക്കൽ ഡ്രാമ പറയാൻ സാധിക്കും: ഛായാഗ്രാഹകൻ സുജിത്ത് വാസുദേവ്

എമ്പുരാൻ സിനിമ ബോക്സ് ഓഫീസിൽ തരംഗമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അതേസമയം തന്നെ സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. സിനിമ ആരംഭിച്ചത് കലാപം കാണിച്ചു കൊണ്ടായിരുന്നു. സിനിമയുടെ ആദ്യത്തെ 20 മിനിറ്റില്‍ കലാപമായിരുന്നു പശ്ചാത്തലം.

ചിത്രത്തില്‍ ചിലരെ അസ്വസ്ഥമാക്കിയ രംഗങ്ങള്‍ റീ സെന്‍സറിങ്ങിന് വിധേയമാക്കി പുതിയ പതിപ്പ് ഇന്ന് (തിങ്കൾ) മുതൽ പ്രദർശിപ്പിക്കുകയാണ്. ചിത്രത്തിലെ 17 ഇടത്താണ് മാറ്റങ്ങള്‍ വരുത്തിയത് എന്നാണ് റിപ്പോർട്ടുകൾ. മൂന്ന് മിനിറ്റോളം വരുന്ന ഭാഗങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുകയും ചെയ്തു. ചിത്രത്തിലെ പ്രധാന വില്ലന്റെ പേരായ ബജ്‌രംഗി എന്നതും അണിയറപ്രവര്‍ത്തകര്‍ മാറ്റിയിട്ടുണ്ട്.

ഇപ്പോൾ അത്തരത്തിലുള്ള ചർച്ചകളെക്കുറിച്ച് സംസാരിക്കുകയാണ് എമ്പുരാൻ സിനിമയുടെ ഛായാഗ്രാഹകൻ സുജിത്ത് വാസുദേവ്.

എമ്പുരാന് ഉറപ്പായും ഹേറ്റ് ക്യാമ്പയിൻ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ചില ആളുകളും പ്രസ്ഥാനങ്ങളും ഇതിനെ സിനിമയായിട്ടല്ല കണ്ടതെന്നും പറയുകയാണ് സുജിത്ത്. ഒരു പാർട്ടിയേയും ഇതിൽ കൃത്യമായി പറഞ്ഞിട്ടില്ലെന്നും എന്നാലും ഒരു പൊളിറ്റിക്കൽ ഡ്രാമയിൽ ഇത്തരം സൂചനകൾ കൊടുക്കണമെന്നും പറയുകയാണ് സുജിത്ത്.

ചില രാഷ്ട്രീയത്തിൻ്റെ ഇടപെടലുകൾ എല്ലാവർക്കും അറിയാമെന്നും എന്നാലും സിനിമയിൽ പൊളിറ്റിക്കലായിട്ടുള്ള കഥ പറയുമ്പോൾ പൊളിറ്റിക്കൽ പാർട്ടിയുടെ പങ്ക് ഇല്ലെങ്കിൽ എങ്ങനെയാണ് പൊളിറ്റിക്കൽ ഡ്രാമ എടുക്കാൻ സാധിക്കുകയെന്നും സുജിത്ത് പറയുന്നു.

കൊലപാതകമോ ഹ്യൂമറോ മാത്രമല്ല സിനിമയെന്നും സിനിമയ്ക്ക് ഇങ്ങനെയും ചില വശങ്ങളുണ്ടെന്നും സുജിത്ത് കൂട്ടിച്ചേർക്കുന്നു. ലൈഫ് നെറ്റ് ടി.വിയോട് സംസാരിക്കുകയായിരുന്നു സുജിത്ത്.

‘എമ്പുരാന് ഉറപ്പായും ഹേറ്റ് ക്യാമ്പയിൻ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം ആളുകൾ അല്ലെങ്കിൽ ഇത്തരം പ്രസ്ഥാനങ്ങൾ ഈ സിനിമയെ സിനിമയായിട്ടല്ല കണ്ടത്. അതുമല്ല ഒരു പാർട്ടിയേയും ഇതിൽ കൃത്യമായി പറഞ്ഞിട്ടില്ല. പക്ഷെ സൂചനകൾ നമ്മൾ കൊടുക്കണമല്ലോ?

ഇവിടെ നടന്ന് കൊണ്ടിരിക്കുന്ന പാർട്ടി, പാർട്ടി പ്രവർത്തനങ്ങൾ അല്ലെങ്കിൽ കേരളത്തിലോ ഇന്ത്യയിലോ സംഭവിച്ചിട്ടുള്ള ചില രാഷ്ട്രീയത്തിൻ്റെ അവരുടെ ഇടപെടലുകൾ എല്ലാം എല്ലാവർക്കും കൃത്യമായിട്ട് അറിയാം.

എന്നാലും സിനിമയിൽ ഒന്നും കൃത്യമായിട്ടല്ല പറഞ്ഞിരിക്കുന്നത്. ഇതൊരു കഥയാണ്. പൊളിറ്റിക്കലി ഇൻഫ്ലൂവൻസ് ആയിട്ടുള്ള ഒരു രാജ്യത്തിൻ്റെ അല്ലെങ്കിൽ സംസ്ഥാനത്തിൻ്റെ കഥയാണ് പറഞ്ഞിരിക്കുന്നത്. അവിടെ പൊളിറ്റിക്കൽ പാർട്ടിയുടെ പങ്ക് ഇല്ലെങ്കിൽ അങ്ങനെ നമ്മൾ കാണിച്ചില്ലെങ്കിൽ, പിന്നെ എങ്ങനെയാണ് പൊളിറ്റിക്കൽ ഡ്രാമ പറയാൻ പറ്റുന്നത്? ഇതൊരു കഥയായിട്ടല്ലെ കാണേണ്ടത്? വെറും ഹ്യൂമറോ അല്ലെങ്കിൽ കൊലപാതകവും മാത്രമല്ലല്ലോ സിനിമ. സിനിമയ്ക്ക് ഇങ്ങനെയും ചില വശങ്ങളില്ലേ? ,’ സുജിത്ത് പറയുന്നു.

Content Highlight: Sujith Vasudev Talking About Controversy on Empuraan