Entertainment news
ഉസ്താദ് ഹോട്ടലില്‍ ദുല്‍ഖര്‍ നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക തിരിച്ചൊരു ചോദ്യം ചോദിച്ചു: ചാര്‍ളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 29, 02:27 pm
Thursday, 29th June 2023, 7:57 pm

ഉസ്താദ് ഹോട്ടലില്‍ ദുല്‍ഖര്‍ സല്‍മാന്‍ നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് മമ്മൂട്ടിയോട് പറഞ്ഞപ്പോഴുള്ള അനുഭവം പങ്കുവെച്ച് തമിഴ് നടന്‍ ചാര്‍ലി. ദുല്‍ഖര്‍ ഉസ്താദ് ഹോട്ടലില്‍ നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ എന്റെ സിനിമകളൊന്നും കണ്ടില്ലേ എന്നാണ് മമ്മൂട്ടി തിരിച്ച് ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ദുല്‍ഖറിനെയും ഫഹദ് ഫാസിലിനെയുമെല്ലാം കുട്ടികളായിരിക്കുമ്പോള്‍ മുതല്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചാര്‍ലി.

‘ ദുല്‍ഖര്‍ സല്‍മാനെയും ഫഹദ് ഫാസിലിനെയും എനിക്ക് അവര്‍ കുട്ടികളായിരിക്കുന്ന കാലത്ത് നന്നായി അറിയാമായിരുന്നു. പക്ഷെ രണ്ട് പേരും ഹീറോസ് ആയതിന് ശേഷം ഞാന്‍ അവരെ കണ്ടിട്ടില്ല. മമ്മൂട്ടിയുമായി ഞാന്‍ ഫോണില്‍ സംസാരിക്കാറുണ്ട്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വലിയ ഫാനാണ് ഞാന്‍.

ഉസ്താദ് ഹോട്ടലില്‍ ദുല്‍ഖര്‍ സല്‍മാന്‍ നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് ഞാന്‍ മമ്മൂട്ടിയോട് ഒരിക്കല്‍ പറഞ്ഞിരുന്നു. എന്റെ പടങ്ങളൊന്നും കണ്ടില്ലേ എന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്. റോഷാക്ക് കണ്ടിട്ടുണ്ടായിരുന്നു എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. റോഷാക്ക് വളരെ മികച്ച ഒരു സിനിമയായിരുന്നു. ആ ഫിലിംമേക്കറുടെ തന്നെ സിനിമയാണല്ലോ കെട്ട്യോളാണ് എന്റെ മാലാഖ. പക്ഷെ ഇത് രണ്ടും തീര്‍ത്തും വ്യത്യസ്തമായിരുന്നു.

ക്രിയേറ്റര്‍ നടന് സ്‌പേസും കൊടുക്കുകയാണെങ്കില്‍ ആക്ടര്‍ക്ക് അദ്ദേഹത്തിന്റെ കഴിവ് തെളിയിക്കാനാകും. ക്രിയേറ്റേര്‍സ് പുതിയൊരു ലോകം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. മരക്കാര്‍ അറബിക്കടലിന്റെ സിംഹമൊക്കെ അതിന്റെ ഉദാഹരണമാണ്. മലയാളി ഫിലിംമേക്കര്‍സില്‍ നിന്നുള്ള അത്തരം പരീക്ഷണങ്ങള്‍ സ്വീകരിക്കാനായി പ്രേക്ഷകര്‍ തയ്യാറാണ്,’ ചാര്‍ളി പറഞ്ഞു.

content highlights: Tamil actor charley talks about mammootty and dulqer salaman