കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വിമാനത്താവളങ്ങളുടെ നടത്തിപ്പും നിയന്ത്രണവുമായി ബന്ധപ്പെട്ട് യു.എ.ഇയുമായി കരാറിലേര്‍പ്പെടാന്‍ താലിബാന്‍ സര്‍ക്കാര്‍.
അഫ്ഗാനിസ്ഥാനിലെ ആക്ടിങ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ അബ്ദുല്‍ ഗനി ബരാദര്‍ ചൊവ്വാഴ്ച പുറത്തുവിട്ട ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
1/2: د ریاستالوزراء د اقتصادي مرستیال ملا عبدالغني برادر اخوند په حضور کې نن د ترانسپورټ او هوايي چلند وزارت او د متحده عربي اماراتو د GAAC/G42 کمپنۍ تر منځ د کابل، کندهار او هرات په هوايي ډګرونو کې الوتکو ته د پروازونو پر مهال د ځمکنیو خدماتو چمتو کولو تړون لاسلیک شو. pic.twitter.com/5RT1IqghJh
— د ریاست الوزراء لومړی معاونیت (@FDPM_AFG) May 24, 2022
അഫ്ഗാനുമായി കരാറിലേര്‍പ്പെടുന്നതോടെ യു.എ.ഇയുടെ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക് കമ്പനിയായ ജി.എ.സി ദുബായ്ക്കായിരിക്കും വിമാനത്താവളങ്ങളുടെ സുരക്ഷാ- നടത്തിപ്പ് ചുമതല.
അഫ്ഗാന്റെ ആഭ്യന്തര വിഷയങ്ങളിലും വിമാനത്താവളമടക്കമുള്ള കാര്യങ്ങളിലും നിയന്ത്രണവും സ്വാധീനവും നേടിയെടുക്കാന്‍ വേണ്ടി തുര്‍ക്കിയും യു.എ.ഇയും ഖത്തറും തമ്മില്‍ മാസങ്ങളായി നടക്കുന്ന ‘മത്സരങ്ങള്‍’ക്കൊടുവിലാണ് അഫ്ഗാന്‍ വിമാനത്താവളങ്ങളുടെ അധികാരം യു.എ.ഇക്ക് ലഭിക്കാന്‍ പോകുന്നത്.
ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പിടുന്നതോടെ അഫ്ഗാനിലേക്ക് വിദേശ നിക്ഷേപങ്ങള്‍ എത്തുന്നതിന് വഴിയൊരുങ്ങുമെന്ന് ട്വീറ്റ് പങ്കുവെച്ചുകൊണ്ട് അബ്ദുല്‍ ഗനി ബരാദര്‍ പറഞ്ഞു.
2021 ആഗസ്റ്റില്‍ താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ നടന്ന ആക്രമണങ്ങളില്‍ തലസ്ഥാനമായ കാബൂളിലെ ഹമീദ് കര്‍സായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഗുരുതര കേടുപാടുകള്‍ സംഭവിച്ചിരുന്നു.
ഇതിന് പിന്നാലെ കാബൂള്‍ വിമാനത്താവളം സംയുക്തമായി ഏറ്റെടുത്ത് നടത്താന്‍ ഖത്തറും തുര്‍ക്കിയും എത്തുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
യു.എസ് സേന അഫ്ഗാന്‍ വിട്ടതിന് ശേഷം അഫ്ഗാനില്‍ നടന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിച്ചതിനൊപ്പം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഖത്തറും തുര്‍ക്കിയും നേതൃത്വം നല്‍കിയിരുന്നു.
അതേസമയം, യു.എസ് പിന്തുണയോടെയുള്ള സര്‍ക്കാര്‍ അഫ്ഗാന്‍ ഭരിച്ചപ്പോള്‍ തങ്ങള്‍ കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഏറ്റെടുത്തിരുന്നത് തുടരുമെന്ന് യു.എ.ഇയും നേരത്തെ പ്രതികരിച്ചിരുന്നു.
”കാബൂള്‍ വിമാനത്താവളത്തോട് പ്രതിജ്ഞാബദ്ധരാണെന്നും അതിന്റെ ഓപ്പറേഷനുകളില്‍ അസിസ്റ്റ് ചെയ്യുന്നത് തുടരുമെന്നു”മായിരുന്നു ഇക്കഴിഞ്ഞ നവംബറില്‍ ഒരു മുതിര്‍ന്ന എമിറേറ്റ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ മിഡില്‍ ഈസ്റ്റ് ഐക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞത്.
സുരക്ഷിത യാത്രാ പാത ഉറപ്പുവരുത്തുമെന്നും യു.എ.ഇ വ്യക്തമാക്കിയിരുന്നു.
അതേസമയം, മിഡില്‍ ഈസ്റ്റ് പ്രദേശത്ത് തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ വേണ്ടി ഖത്തറും യു.എ.ഇയും മത്സരത്തിലാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലവില്‍ അത്ര സൗഹാര്‍ദപരമല്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlight: Taliban to sign A deal with UAE to operate airports in Afghanistan