national news
താലിബാന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പരിപാടിക്ക് ക്ഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 14, 04:56 pm
Tuesday, 14th March 2023, 10:26 pm

കോഴിക്കോട്: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന
കോഴ്‌സില്‍ പങ്കെടുക്കാന്‍ അഫ്ഘാനിസ്ഥാനിലെ താലിബാന് ക്ഷണം. കോഴിക്കോട് ഐ.ഐ.എമ്മില്‍ തുടങ്ങിയ ദിവസത്തെ ഓണ്‍ലൈന്‍ കോഴ്സിനാണ് താലിബാനെ മോദി സര്‍ക്കാര്‍ ക്ഷണിച്ചിരിക്കുന്നത്. ഇമ്മേഴ്സിങ് വിത്ത് ഇന്ത്യന്‍ തോട്ട്(Immersing with Indian thoughts) എന്ന വിഷയത്തിലാണ് കോഴ്‌സ് ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം, സാമ്പത്തിക അന്തരീക്ഷം, സാമൂഹിക പശ്ചാത്തലം തുടങ്ങിയ വിഷയങ്ങള്‍ മനസിലാക്കാന്‍ വിദേശപ്രതിനിധികള്‍ക്ക് അവസരമൊരുക്കുന്നതാണ് കോഴ്‌സ്. താലിബാനെക്കൂടാതെ മറ്റ് വിദേശ പ്രതിനിധികളും പരിപാടിയുടെ ഭാഗമാകുന്നുണ്ട്.

കേന്ദ്രത്തിന്റെ ഈ നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. ഇന്ത്യ തീവ്രവാദ സംഘടനയെ അനൗദ്യോഗികമായി പിന്തുണക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ് ട്വീറ്റ് ചെയ്തു.

‘താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ അംഗീകരിക്കുന്നില്ല, എന്നാലോ വിദേശകാര്യ മന്ത്രാലയം താലിബാന്‍ ഉദ്യോഗസ്ഥര്‍ക്കായി കോഴ്‌സുകള്‍ നടത്തുന്നു.

ഔദ്യോഗികമായി പ്രധാനമന്ത്രി താലിബാനില്‍ അകന്നുനില്‍ക്കുന്നുവെന്ന് പറയുമ്പോഴും
ശിക്ഷയില്ലാതെ കൊല്ലപ്പെടുന്ന, സ്ത്രീകളുടെ അവകാശങ്ങള്‍ ഇല്ലാതാക്കിയ, തീവ്രവാദ സംഘടനയെ അനൗദ്യോഗികമായി പിന്തുണ്ക്കുന്നു’ ഡോ. ഷമ മുഹമ്മദ് എഴുതി.

അതേസമയം, താലിബാന്റെ സമീപനങ്ങളോടുള്ള ഇന്ത്യയുടെ നയത്തില്‍ യാതൊരു മാറ്റവും ഈ ക്ഷണത്തോടെ ഉണ്ടാകില്ലെന്നും, കോഴ്സ് പൂര്‍ണമായും ഓണ്‍ലൈനിലാണെന്നുമാണ് വിമര്‍ശനങ്ങളില്‍ ഐ.ഐ.എമയുടെ വിശദീകരണം.