World News
വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വീട്ടില്‍ കയറി വെടിവെച്ചു കൊലപ്പെടുത്തി താലിബാന്‍; കൊലപ്പെടുത്തിയത് ബന്ധുക്കള്‍ക്കും കുട്ടികള്‍ക്കും മുന്നിലിട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Sep 05, 04:50 pm
Sunday, 5th September 2021, 10:20 pm

കാബൂള്‍: അഫ്ഗാനിലെ ഖോര്‍ പ്രവിശ്യയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വീട്ടില്‍ കയറി വെടിവെച്ചു കൊലപ്പെടുത്തി താലിബാന്‍. ബന്ധുക്കള്‍ക്കും കുട്ടികള്‍ക്കും മുന്നിലിട്ടാണ് പൊലിസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയത്.

ഖോര്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഫിറോസ്‌കോഹിലാണ് സംഭവം. ബാനു നേഗര്‍ എന്ന പൊലീസുകാരിയെയാണ് താലിബാന്‍കൊലപ്പെടുത്തിയത് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്ത് കാരണത്താലാണ് താലിബാന്‍ ബാനുവിനെ കൊലപ്പെടുത്തിയത് എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലുകള്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട് വരുന്നതിനിടെയാണ് താലിബാന്റെ അതിക്രമം.

വീട്ടിലേക്ക് ഇരച്ചെത്തിയ ആയുധധാരികളായ മൂന്ന് താലിബാന്‍ പ്രവര്‍ത്തകര്‍ ബന്ധുക്കളെ കെട്ടിയിട്ട ശേഷം അവര്‍ക്കു മുന്നിലിട്ടാണ് ബാനുവിനെ വെടിവെച്ചു കൊന്നതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

എന്നല്‍ ഈ വിഷയത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് താലിബാന്‍ പറയുന്നത്. ‘ഈ വിഷയത്തെ കുറിച്ച് ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്. താലിബാനല്ല അവരെ കൊന്നത് എന്ന് എനിക്കിപ്പോള്‍ വ്യക്തമായി പറയാന്‍ കഴിയും. ഞങ്ങളുടെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്’ എന്നാണ് താലിബാന്‍ വക്താവായ സബിയുള്ള മുജാഹിദ് ബി.ബി.സിയോട് പറഞ്ഞത്.

ബാനുവിനെ കൊലപ്പെടുത്തിയ മുറിയുടെയും ശരീരത്തിന്റെയും ചിത്രങ്ങള്‍ ബന്ധുക്കള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി. സമീപത്തെ ജയിലില്‍ ജോലി ചെയ്തിരുന്ന നേഗര്‍ എട്ട് മാസം ഗര്‍ഭിണിയായിരുന്നുവെന്ന് കുടുംബം പറയുന്നു.

ബാനു നേഗറിനെ കൊലപ്പെടുത്തിയവര്‍ അറബി ഭാഷയിലായിരുന്നു സംസാരിച്ചതെന്ന് ബന്ധുക്കള്‍ ബി.ബി.സിയോട് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Taliban gunman kills female police officer