വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ച് താലിബാന്‍. സി.ബി.എസ് ന്യൂസിന് താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് നല്‍കിയ അഭിമുഖത്തിലാണ് ഡൊണാള്‍ഡ് ട്രംപിന് താലിബാന്‍ പിന്തുണ അറിയിച്ചത്.
” അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് രണ്ടാം വട്ടവും തെരഞ്ഞടുക്കപ്പെട്ടാല്‍ അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സേനയെ പിന്‍വലിക്കുമെന്ന് പ്രതീഷിക്കുന്നു”, എന്നായിരുന്നു സബിഹുള്ള മുജാഹിദിന്റെ പ്രതികരണം.
കൊവിഡ് പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതില്‍ താലിബാന്‍ ആശങ്കയും അറിയിച്ചിട്ടുണ്ട്. ട്രംപിന് കൊവിഡ് പോസിറ്റീവായ വാര്‍ത്ത അറിഞ്ഞപ്പോള്‍ ആശങ്കയുണ്ടായെന്നും താലിബാന്റെ മറ്റൊരു മുതിര്‍ന്ന നേതാവ് സി.ബി.എസ് ന്യൂസിനോട് പ്രതികരിച്ചു.
അതേസമയം ഡൊണാള്‍ഡ് ട്രംപിന് താലിബാന്‍ പിന്തുണയെന്ന വാര്‍ത്ത വലിയ തലവേദനയാണ് അമേരിക്കയില്‍ ട്രംപ് പക്ഷത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. താലിബാന്റെ പിന്തുണ തങ്ങള്‍ക്കാവശ്യമില്ലെന്ന് ട്രംപിന്റെ പ്രതിനിധി അറിയിച്ചു.
”അമേരിക്കന്‍ പ്രസിഡന്റ് അമേരിക്കന്‍ താത്പര്യങ്ങള്‍ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നത് താലിബാന്‍ ഓര്‍ക്കണമെന്ന് ട്രംപ് വക്താവ് ടിം മുര്‍ട്ടോ സി.ബി.എസിനോട് പറഞ്ഞു.
അടുത്ത ക്രിസ്തുമസോടെ അഫ്ഗാനിസ്ഥാനിലെ എല്ലാ അമേരിക്കന്‍ സേനയേയും പിന്‍വലിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷമാണ് താലിബാന്‍ ട്രംപിന് പിന്തുണയറിയിച്ച് രംഗത്തെത്തിയത്.
അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറ്റം നടത്തുന്നതുമായി ബന്ധപ്പെട്ട് താലിബാനുമായി അമേരിക്ക ധാരണയിലെത്തിയിരുന്നു.
ഫെബ്രുവരിയില്‍ ദോഹയില്‍ വെച്ച നടന്ന യോഗത്തിലായിരുന്നു ധാരണയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Taliban Endorse Donald Trump in US presidential race