ഇതെന്റെ അവസാന ലോകകപ്പ്, ഇനി യുവതാരങ്ങള്‍ ഇന്ത്യയെ തോളിലേറ്റട്ടെ; വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട്
T20 world cup
ഇതെന്റെ അവസാന ലോകകപ്പ്, ഇനി യുവതാരങ്ങള്‍ ഇന്ത്യയെ തോളിലേറ്റട്ടെ; വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 30th June 2024, 12:19 am

 

17 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഒരിക്കല്‍ക്കൂടി ടി-20 ലോകകപ്പുയര്‍ത്തിയിരിക്കുകയാണ്. 2007ല്‍ എം.എസ്. ധോണിക്ക് ശേഷം രോഹിത് ശര്‍മയിലൂടെ ഇന്ത്യ ഒരിക്കല്‍ക്കൂടി കുട്ടിക്രിക്കറ്റിന്റെ ലോകകിരീടമണിഞ്ഞു.

ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യ വിജയിച്ചുകയറിയത്. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്കുയര്‍ന്നത്. ലോകകപ്പില്‍ ഇതുവരെ പരാജമായിരുന്ന വിരാട് ഫൈനലില്‍ തന്റെ ക്ലാസ് പുറത്തെടുക്കുകയായിരുന്നു. 59 പന്തില്‍ 76 റണ്‍സാണ് വിരാട് നേടിയത്.

ഈ മികച്ച പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുത്തതും വിരാട് കോഹ്‌ലിയെ തന്നെയായിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ കോഹ്‌ലി ഇത് തന്റെ അവസാന അന്താരാഷ്ട്ര ടി-20 മത്സരമായിരിക്കുമെന്ന് പ്രഖ്യാപിച്ചു.

‘ഇതെന്റെ അവസാന ടി-20 ലോകകപ്പായിരുന്നു. ഇതാണ് ഞങ്ങള്‍ നേടാന്‍ ആഗ്രഹിച്ചത്. ചില ദിവസങ്ങളില്‍ നിങ്ങള്‍ക്ക് ഒരു റണ്‍സ് പോലും നേടാന്‍ സാധിക്കുന്നില്ലെന്ന് തോന്നും, അപ്പോള്‍ ഇതുപോലുള്ള കാര്യങ്ങള്‍ സംഭവിക്കും. ദൈവം വലിയവനാണ്. ടീമിന് ഏറ്റവും ആവശ്യമുള്ള ദിവസം മികച്ച പ്രകടനം പുറത്തെടുക്കാന്‍ എനിക്ക് സാധിച്ചു.

ഇത് ഇന്ത്യക്കായി കളിക്കുന്ന അവസാന ടി-20 മത്സരമാണ്. ഈ മത്സരത്തില്‍ മികച്ച പ്രകടനം തന്നെ പുറത്തെടുക്കണെന്നാണ് ആഗ്രഹിച്ചത്. കപ്പുയര്‍ത്താന്‍ ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. സാഹചര്യങ്ങളെ വരുതിയിലാക്കാന്‍ നിര്‍ബന്ധിക്കുന്നതിനെക്കാള്‍ അതിനെ ബഹുമാനിക്കാന്‍ ആഗ്രഹിച്ചു.

ഇതെന്റെ അവസാന ലോകകപ്പാകുമെന്നുള്ളത് പരസ്യമായ രഹസ്യമായിരുന്നു. അടുത്ത തലമുറയിലെ താരങ്ങള്‍ കാര്യങ്ങളേറ്റെടുക്കാനുള്ള സമയമാണ്. ചില മികച്ച താരങ്ങള്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോവുകയും ഇന്ത്യന്‍ പതാക ഇനിയും ഉയരത്തില്‍ പറത്തുകും ചെയ്യും,’ വിരാട് പറഞ്ഞു.

 

ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കക്കും തുടക്കം പിഴച്ചിരുന്നു. റീസ ഹെന്‍ഡ്രിക്‌സിനെയും ഏയ്ഡന്‍ മര്‍ക്രമിനെയും ഒറ്റയക്കത്തിന് നഷ്ടപ്പെട്ട സൗത്ത് ആഫ്രിക്ക പക്ഷേ മൂന്നാം വിക്കറ്റില്‍ തിരിച്ചടിച്ചു.

ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെയും ക്വിന്റണ്‍ ഡി കോക്കിന്റെയും കൂട്ടുകെട്ടില്‍ സൗത്ത് ആഫ്രിക്ക മത്സരത്തിലേക്ക് തിരിച്ചുവന്നു. 58 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.

ടീം സ്‌കോര്‍ 70ല്‍ നില്‍ക്കവെ സ്റ്റബ്‌സിനെ പുറത്താക്കി അക്‌സര്‍ പട്ടേല്‍ ഇന്ത്യക്കാവശ്യമായ ബ്രേക് ത്രൂ നല്‍കി. എന്നാല്‍ അഞ്ചാം നമ്പറില്‍ ഹെന്‌റിക് ക്ലാസന്‍ കളത്തിലെത്തിയതോടെ ഇന്ത്യന്‍ ആരാധകര്‍ ആശങ്കയിലായി.

ഇന്ത്യയുടെ മികച്ച ബൗളര്‍മാരെ നിര്‍ദയം തല്ലിയൊതുക്കി ക്ലാസന്‍ സൗത്ത് ആഫ്രിക്കയെ വളരെ വേഗം ടാര്‍ഗെറ്റിലേക്കടുപ്പിച്ചു. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി ക്ലാസന്‍ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ടിരുന്നു.

എന്നാല്‍ ഹര്‍ദിക് പാണ്ഡ്യ ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ രക്ഷകനായി. ക്ലാസനെ പന്തിന്റെ കൈകളിലെത്തിച്ച് പുറത്താക്കി. 27 പന്തില്‍ 52 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

ഡി കോക്കിന് പിന്നാലെ ക്രീസിലെത്തിയ ഡേവിഡ് മില്ലറും സൗത്ത് ആഫ്രിക്കക്ക് പ്രതീക്ഷ നല്‍കിക്കൊണ്ടിരുന്നു. എന്നാല്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ മില്ലറിനെ ഹര്‍ദിക് മടക്കിയതോടെ ഇന്ത്യന്‍ ക്യാമ്പുകളില്‍ ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞുതുടങ്ങിയിരുന്നു.

ആ ഓവറില്‍ റബാദയെയും മടക്കി ഹര്‍ദിക് മൂന്ന് വിക്കറ്റ് നേട്ടവും ആഘോഷമാക്കി. അവസാന പന്തില്‍ ഒരു റണ്‍സ് മാത്രം പിറന്നതോടെ ഇന്ത്യ ഏഴ് റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.

 

 

Content highlight: T20 World Cup 2024: Virat Kohli confirms it will be his last t20 world cup