ഐ.സി.സി ടി-20 ലോകകപ്പിന് ആവേശത്തോടെ തുടക്കമായിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ ആതിഥേയരായ അമേരിക്കയാണ് ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കിയത്. അമേരിക്കാസ് ക്വാളിഫയര്‍ കളിച്ചെത്തിയ കാനഡയെ പരാജയപ്പെടുത്തിയാണ് അമേരിക്ക തങ്ങളുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ജയം സ്വന്തമാക്കിയത്.
ടെക്‌സസിലെ ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് അമേരിക്ക വിജയിച്ചുകയറിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാനഡ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അമേരിക്ക ആരോണ്‍ ജോണ്‍സിന്റെയും ആന്‍ഡ്രീസ് ഗൗസിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ ഏഴ് വിക്കറ്റും 14 പന്തും ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.
ഗൗസ് 46 പന്തില്‍ മൂന്ന് ബൗണ്ടറിയും ഏഴ് സിക്‌സറുമടക്കം 65 റണ്‍സ് നേടിയപ്പോള്‍ പത്ത് സിക്‌സറും നാല് ഫോറും അടക്കം 40 പന്തില്‍ പുറത്താകാതെ 94 റണ്‍സാണ് ജോണ്‍സ് സ്വന്തമാക്കിയത്.
ഒടുവില്‍ 17ാം ഓവറിലെ നാലാം പന്തില്‍ യു.എസ്.എ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ഈ വിജയത്തില്‍ ഏറെ സന്തോഷമുണ്ടെന്നും തുടര്‍ന്നുള്ള മത്സരത്തിലും ഇത്തരത്തില്‍ പേടി കൂടാതെ തന്നെ കളിക്കുമെന്നും പറയുകയാണ് അമേരിക്കന്‍ നായകന്‍ മോനങ്ക് പട്ടേല്‍. എതിരാളികള്‍ ഇന്ത്യയോ പാകിസ്ഥാനോ ആണെങ്കിലും തങ്ങള്‍ ഇതേ ഫിയര്‍ലെസ് ക്രിക്കറ്റ് തന്നെ പുറത്തെടുക്കുമെന്നും പോസ്റ്റ് മാച്ച് പ്രസന്റേഷനിടെ താരം പറഞ്ഞു.
‘ഞങ്ങള്‍ വളരെ മികച്ച രീതിയില്‍ തന്നെ ബാറ്റ് ചെയ്തു. ചെയ്‌സിങ്ങിനിടെ ഞങ്ങള്‍ക്ക് രണ്ട് വിക്കറ്റ് വീണ സാഹചര്യത്തില്‍ കാനഡ ഏറെ മുമ്പിലായിരുന്നു. എന്നാല്‍ (ആരോണ്‍) ജോണ്‍സ് അവിശ്വസനീയമാം വിധം ബാറ്റ് ചെയ്തു. അവന്‍ ഏറെ കഴിവുള്ള താരമാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അദ്ദേഹം മത്സരത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി.
ഞങ്ങള്‍ ഫിയര്‍ലെസ് ക്രിക്കറ്റാണ് കളിച്ചത്. വരാനിരിക്കുന്ന മത്സരത്തിലും അത് തന്നെ തുടരും, എതിരാളികള്‍ ഇന്ത്യ ആയാലും പാകിസ്ഥാന്‍ ആയാലും അതുതന്നെ തുടരും. ഞങ്ങളുടെ ശൈലി ഒരിക്കലും മാറില്ല,’ യു.എസ്.എ ക്യാപ്റ്റന്‍ പറഞ്ഞു.