Sports News
എന്റെ ക്യാപ്റ്റന്‍സിയില്‍ ദല്‍ഹി തുടര്‍ന്നും ഇങ്ങനെയായിരിക്കും കളിക്കുക: അക്സര്‍ പട്ടേല്‍
സ്പോര്‍ട്സ് ഡെസ്‌ക്
2 days ago
Tuesday, 25th March 2025, 1:55 pm

ഐ.പി.എല്‍ പതിനെട്ടാം സീസണില്‍ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുയാണ് ദല്‍ഹി ക്യാപിറ്റല്‍സ്. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഒരു വിക്കറ്റിന്റെ ത്രില്ലര്‍ ജയമാണ് ക്യാപിറ്റല്‍സ് നേടിയത്. ഒരറ്റത്ത് വിക്കറ്റുകള്‍ നഷ്ടമായപ്പോഴും പതറാതെ പോരാടിയ അശുതോഷ് ശര്‍മയുടെ അപരാജിത പ്രകടനമാണ് അക്‌സറും സംഘത്തിനും വിജയം സമ്മാനിച്ചത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹിക്ക് മോശം തുടക്കമാണ് ലഭിച്ചത്. വെറും ഏഴ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്യാപിറ്റല്‍സിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ടീം സ്‌കോര്‍ നാല് വിക്കറ്റിന് 65 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ക്രീസിലെത്തിയ അശുതോഷ് ശര്‍മയുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ക്യാപിറ്റല്‍സിനെ വിജയത്തിലേക്ക് എത്തിച്ചത്.

ആവേശഭരിതമായ മത്സരത്തില്‍ ദല്‍ഹി പുതിയ ക്യാപ്റ്റനായ അക്സര്‍ പട്ടേലിന് കീഴിലാണ് കളത്തിലറിങ്ങിയത്. ഇപ്പോള്‍ മത്സരത്തെ കുറിച്ചും യുവ താരങ്ങളുടെ പ്രകടനത്തെ കുറിച്ചും സംസാരിക്കുകയാണ് അക്സര്‍ പട്ടേല്‍. തന്റെ ക്യാപ്റ്റന്‍സിയില്‍ ദല്‍ഹി ക്യാപിറ്റല്‍സ് ഇങ്ങനെയാണ് കളിക്കുകയെന്ന് അക്സര്‍ പറഞ്ഞു. പവര്‍ പ്ലേയില്‍ നാല് വിക്കറ്റുകള്‍ നഷ്ടമായതിന് ശേഷം ഒരു ടീം ജയിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും വിജയിച്ചത് കൊണ്ട് ട്രിസ്റ്റന്‍ സ്റ്റബ്‌സിന് എന്തിന് ഒരു ഓവര്‍ നല്‍കിയെന്ന ചോദ്യങ്ങള്‍ ഉയരില്ലായെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘എന്റെ ക്യാപ്റ്റന്‍സിയില്‍ ദല്‍ഹി ക്യാപിറ്റല്‍സ് തുടര്‍ന്നും ഇങ്ങനെയാണ് കളിക്കുക. അതുകൊണ്ട് ഇത് ഒരു ശീലമാക്കുക. ടൂര്‍ണമെന്റില്‍ എന്റെ തീരുമാനങ്ങള്‍ ഇത് പോലെ ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. അതിനാല്‍ എന്തും സംഭവിക്കാം. ചിലപ്പോള്‍ ആരാധകര്‍ ദേഷ്യവും സന്തോഷവും തോന്നും.

പവര്‍പ്ലേ ഓവറുകളില്‍ നാല് വിക്കറ്റ് നഷ്ടപ്പെട്ടതിന് ശേഷം ഒരു ടീം കളി ജയിക്കുന്നത് ഞാന്‍ മുമ്പ് കണ്ടിട്ടില്ല. ഞങ്ങള്‍ വിജയിച്ചപ്പോള്‍ ഞാന്‍ എന്തിനാണ് ട്രിസ്റ്റന്‍ സ്റ്റബ്‌സിന് ഒരു ഓവര്‍ നല്‍കിയത് എന്നതിനെക്കുറിച്ച് ഇപ്പോള്‍ ആരും ചോദിക്കില്ല,’ അക്സര്‍ പറഞ്ഞു.

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ദല്‍ഹി റണ്‍സ് വഴങ്ങിയെങ്കിലും അവസാന ഏഴ് ഓവറുകളില്‍ തിരിച്ചടിക്കാനായെന്നും ദല്‍ഹി ക്യാപ്റ്റന്‍ പറഞ്ഞു. യുവതാരം വിപ്രജ് നിഗം കഴിവുള്ളവനാണെന്നും അക്സര്‍ പ്രശംസിച്ചു.

‘ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഞങ്ങള്‍ റണ്‍സ് വഴങ്ങി, ഒരു ക്യാച്ച് പോലും കൈവിട്ടു. എന്നിരുന്നാലും, അവസാന ഏഴ് ഓവറുകളില്‍ ഞങ്ങള്‍ക്ക് തിരിച്ചടിക്കാനായി. വിപ്രജ് നിഗം ??കഴിവുള്ളവനാണ്, അതുകൊണ്ടാണ് ഞങ്ങള്‍ അവനെ കളിപ്പിച്ചത്,’ അക്സര്‍ പറഞ്ഞു.

ക്യാപ്റ്റനായി അരങ്ങേറിയ മത്സരത്തില്‍ അക്സര്‍ പട്ടേല്‍ ഭേദപ്പെട്ട പ്രകടനം കാഴചവെച്ചത്. 11 പന്തില്‍ 22 റണ്‍സാണ് താരം മത്സരത്തില്‍ നേടിയത്. അതേസമയം, മൂന്ന് ഓവര്‍ എറിഞ്ഞ അക്സര്‍ 18 റണ്‍സാണ് വിട്ടുനല്‍കിയത്.

Content Highlight: IPL 2025: Axar Patel Says Delhi Capitals Play Like This Under His Captaincy