മലയാളത്തിലെ മഹാനടന്‍ മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് കമല്‍ ഹാസന്‍. ഉന്നൈപ്പോല്‍ ഒരുവന്‍ എന്ന ചിത്രത്തിലാണ് താനും മോഹന്‍ലാല്‍ ആദ്യമായി ഒന്നിച്ചഭിനയിച്ചതെന്ന് കമല്‍ ഹാസന്‍ പറയുന്നു. തന്റെ അനുഭവത്തില്‍ അഭിനയിക്കാനറിയാത്ത നടനാണ് മോഹന്‍ലാലെന്നും അദ്ദേഹത്തിന് ബിഹേവ് ചെയ്യാനേ അറിയുവെന്നും കമല്‍ പറഞ്ഞു.
ഇന്ത്യന്‍ സിനിമയിലെ മികച്ച അഞ്ചു നടന്മാരെ താന്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ അതിലൊരാള്‍ മോഹന്‍ലാലായിരിക്കുമെന്നും അദ്ദേഹത്തിന്റെ കഴിവിനെ കുറിച്ച് പറയാന്‍ കൂടെ അഭിനയിക്കേണ്ടതില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. താന്‍ മോഹന്‍ലാലിന്റെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ടെന്നും തന്നിലെ ആസ്വാദകനെ മോഹന്‍ലാലിന്റെ കഥാപാത്രങ്ങള്‍ അമ്പരപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഉന്നൈപ്പോല്‍ ഒരുവനിലാണ് ഞാനും ലാല്‍ സാറും ഒന്നിക്കുന്നത്. ആ സിനിമയില്‍ ഞങ്ങളുടെ കോമ്പിനേഷന്‍ സീന്‍ ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ അനുഭവത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കാനറിയാത്ത നടനാണ്. ബിഹേവ് ചെയ്യാനേ അദ്ദേഹത്തിനറിയൂ.
നമ്മള്‍ വഴിയിലൂടെ നടന്നുപോകുമ്പോള്‍ ഒരു സുഹൃത്തിനെ കണ്ടുമുട്ടുന്നു എന്ന് കരുതുക. വിശേഷങ്ങള്‍ പരസ്പരം ചോദിച്ചറിയും. അതുപോലെയാണ് ലാല്‍സാറിന്റെ അഭിനയം. വല്ലാത്തൊരു ഒഴുക്ക്, താളം എല്ലാം അതിനുണ്ടാകും. അതാണ് ആ നടന മഹിമ. ഇന്ത്യന്‍ സിനിമയിലെ മികച്ച അഞ്ചു നടന്മാരെ ഞാന്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ അതിലൊരാള്‍ മോഹന്‍ലാലായിരിക്കും.
ഞാനദ്ദേഹത്തിന്റെ എത്രയോ ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. വലിയ ആരാധന തോന്നിയിട്ടുമുണ്ട്
ലാല്‍ സാറിന്റെ കഴിവിനെ കുറിച്ച് പറയാന്‍ ഒന്നിച്ചഭിനയിച്ച അനുഭവം പറയേണ്ടതില്ല. ഞാനദ്ദേഹത്തിന്റെ എത്രയോ ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. വലിയ ആരാധന തോന്നിയിട്ടുമുണ്ട്. പല സിനിമകളിലെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ എന്നിലെ ആസ്വാദകനെ അമ്പരപ്പിച്ചിട്ടുണ്ട്.
അങ്ങനെയൊരനുഭവമാണ് ‘വാനപ്രസ്ഥ’ത്തിലെ കഥകളി നടന്‍. അഭിനയത്തില്‍ ലാല്‍ സാറിന്റെ റിഥം എത്ര ഉന്നതിയിലാണെന്ന് ബോധ്യപ്പെടാന്‍ ആ സിനിമ മാത്രം മതി. വിരലുകളില്‍ പോലും നടനതാളം വിരിയിച്ചുകൊണ്ടാണ് അദ്ദേഹം കഥാപാത്രമായി മാറുന്നത്,’ കമല്‍ ഹാസന്‍ പറയുന്നു.
Content Highlight: Kamal Haasan talks about Mohanlal