Entertainment
രാത്രി 12 മണിക്ക് തീപ്പൊരി പോസ്റ്ററുമായി പൃഥ്വിരാജ്, ആമിര്‍ ഖാന്‍ മുതല്‍ ഹോളിവുഡ് താരത്തെ വരെ സങ്കല്പിച്ച് ആരാധകര്‍

മലയാളസിനിമയുടെ റേഞ്ച് മാറ്റുന്ന ചിത്രമാകാന്‍ ഒരുങ്ങുകയാണ് എമ്പുരാന്‍. അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റും ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. ചിത്രത്തിന്റെ റിലീസിന് വെറും രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ പ്രീ ബുക്കിങ്ങിലൂടെ മാത്രം 60 കോടിയോളം ചിത്രം നേടിക്കഴിഞ്ഞു.

എമ്പുരാന്റെ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതല്‍ പ്രേക്ഷകര്‍ ചോദിക്കുന്ന ചോദ്യം ചിത്രത്തിലെ സര്‍പ്രൈസ് കാസ്റ്റ് ആരെന്നാണ്. ചുവന്ന ഡ്രാഗണിന്റെ ചിത്രമുള്ള ഷര്‍ട്ട് ധരിച്ച് പുറം തിരിഞ്ഞ് നില്‍ക്കുന്ന കഥാപാത്രം ആരായിരിക്കുമെന്ന് ആദ്യം മുതല്‍ക്ക് തന്നെ ചര്‍ച്ചകളുണ്ടായിരുന്നു.

 

ട്രെയ്‌ലറിലും റെഡ് ഡ്രാഗണിന്റെ സാന്നിധ്യം കണ്ടതോടെ ചര്‍ച്ചകള്‍ക്ക് ബലം വെച്ചു. മമ്മൂട്ടിയാണോ ഫഹദ് ഫാസിലാണോ എന്ന ചോദ്യത്തിന് അവര്‍ ഈ സിനിമയുടെ ഭാഗമല്ല എന്നായിരുന്നു പൃഥ്വിരാജും മോഹന്‍ലാലും മറുപടി നല്‍കിയത്. ഇപ്പോഴിതാ എമ്പുരാന്റെ കൗണ്ട് ഡൗണ്‍ പോസ്റ്റര്‍ കഴിഞ്ഞദിവസം പൃഥ്വി പുറത്തിറക്കിയതിന് പിന്നാലെ ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്.

ബോളിവുഡ് താരം ആമിര്‍ ഖാനാകും സര്‍പ്രൈസ് കഥാപാത്രമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ആമിര്‍ ഖാന്റെ സഹോദരി നിഖാത് ഖാന്‍ എമ്പുരാനില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട് എന്നത് ഈ റൂമറിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍ മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നത് ആ കഥാപാത്രം ഹോളിവുഡ് താരം റിക് യൂന്‍ ആണെന്നാണ്.

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്, നിന്‍ജാ അസ്സാസിന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് റിക് യൂന്‍. എമ്പുരാനില്‍ മിഷേല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആന്‍ഡ്രിയ തിവേദാറും റിക്ക് യൂനും ഒരേ കാസ്റ്റിങ് ഏജന്‍സിയുടെ ആര്‍ട്ടിസ്റ്റുകളാണ്. ഇരുവരും ഇന്ത്യന്‍ സിനിമയുടെ ഭാഗമാകുന്നു എന്ന് പറഞ്ഞുകൊണ്ട് ഇന്റര്‍നാഷണല്‍ ആര്‍ട്ടിസ്റ്റ് മാനേജ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ഇതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്.

ഇപ് മാന്‍ സീരീസ്, ജോണ്‍ വിക്ക് 4 എന്നീ ചിത്രങ്ങളിലൂടെ അമ്പരപ്പിച്ച ഡോണി യെന്‍, ഇന്തോനേഷ്യന്‍ താരം ഇക്കോ ഉവൈസ് എന്നിവരുടെ പേരും ഇതിനിടയില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ചില ട്രോളുകളും ഈ സര്‍പ്രൈസ് കഥാപാത്രത്തെക്കുറിച്ച് ഉയര്‍ന്നുവരുന്നുണ്ട്. ആ കഥാപാത്രം പൃഥ്വിരാജ് തന്നെയാണെന്നും അതായിരിക്കും ഏറ്റവും വലിയ ട്വിസ്റ്റെന്നുമാണ് ട്രോളുകള്‍.

ആദ്യ ഷോ അവസാനിക്കുമ്പോഴേക്ക് പൃഥ്വി ഒളിപ്പിച്ചു വച്ച രഹസ്യങ്ങള്‍ പ്രേക്ഷകര്‍ മനസിലാക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇന്ത്യയില്‍ രാവിലെ ആറ് മണിക്കാണ് ചിത്രത്തിന്റെ ആദ്യ ഷോ ആരംഭിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം ഇതുവരെ 10 കോടി ബുക്കിങ്ങിലൂടെ ആദ്യദിനം എമ്പുരാന്‍ നേടിക്കഴിഞ്ഞു. വിജയ് ചിത്രം ലിയോ നേടിയ 12 കോടി മറികടന്ന് കേരള ബോക്‌സ് ഓഫീസിലെ തന്റെ സിംഹാസനം മോഹന്‍ലാല്‍ തിരികെ നേടുമെന്ന് ഏറെക്കുറേ ഉറപ്പാണ്.

Content Highlight: Discussion going about count down poster of Empuraan posted by Prithviraj