T20 world cup
ഏത് ടീമിനെയും തോല്‍പിക്കാനാകും; അട്ടിമറിക്കായി ആമേരിക്ക വീണ്ടുമിറങ്ങുന്നു, സൂപ്പര്‍ 8ല്‍ ആദ്യ ചിരി യു.എസ്.എക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jun 19, 02:25 pm
Wednesday, 19th June 2024, 7:55 pm

2024 ടി-20 ലോകകപ്പിലെ സൂപ്പര്‍ 8 മത്സരങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ആതിഥേയരായ യു.എസ്.എ ഗ്രൂപ്പ് ഘട്ടത്തില്‍ അപരാജിതരായ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ യു.എസ്.എ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

ആന്‍ഡിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയമാണ് വേദി.

മോനങ്ക് പട്ടേലിന്റെ അഭാവത്തില്‍ ആരോണ്‍ ജോണ്‍സാണ് ഈ മത്സരത്തിലും അമേരിക്കയെ നയിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും അടങ്ങുന്ന ഗ്രൂപ്പ് എ-യില്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് യു.എസ്.എ സൂപ്പര്‍ 8നെത്തിയത്.

തങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ലോകത്തിലെ ഏത് ടീമിനെയും തോല്‍പിക്കാന്‍ സാധിക്കുമെന്ന് ആരോണ്‍ ജെയിംസ് നേരത്തെ പറഞ്ഞിരുന്നു.

‘ഞങ്ങള്‍ക്ക് എത്രത്തോളം മികച്ച താരങ്ങളുണ്ടെന്ന് ലോകത്തിന് ഇപ്പോള്‍ മനസിലായിട്ടുണ്ട്… ഞങ്ങളുടെ ദിവസത്തില്‍, ഞങ്ങള്‍ മികച്ച ക്രിക്കറ്റ് പുറത്തെടുത്താല്‍ ലോകത്തിലെ ഏത് ടീമിനെയും തോല്‍പിക്കാന്‍ സാധിക്കും,’ എന്നാണ് ആരോണ്‍ ജെയിംസ് പറഞ്ഞത്.

 

മത്സരത്തില്‍ ടോസ് നേടിയാല്‍ തങ്ങളും ബൗളിങ് തന്നെ തെരഞ്ഞെടുക്കുമെന്നാണ് പ്രോട്ടിയാസ് നായകന്‍ ഏയ്ഡന്‍ മാര്‍ക്കവും പറഞ്ഞത്. വിക്കറ്റ് സ്പിന്നിനെ തുണയ്ക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്നും ഇക്കാരണത്താല്‍ തന്നെ കേശവ് മഹാരാജിനെ ടീമിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നും ടോസിനിടെ അദ്ദേഹം പറഞ്ഞു.

 

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്‌സ്, ഏയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹെന്റിക് ക്ലാസന്‍, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, കഗിസോ റബാദ, ആന്റിക് നോര്‍ക്യ, തബ്രായിസ് ഷംസി.

യു.എസ്.എ പ്ലെയിങ് ഇലവന്‍

സ്റ്റീവന്‍ ടെയ്‌ലര്‍, ഷയാന്‍ ജഹാംഗീര്‍, ആന്‍ഡ്രീസ് ഗൗസ് (വിക്കറ്റ് കീപ്പര്‍), ആരോണ്‍ ജെയിംസ് (ക്യാപ്റ്റന്‍), നിതീഷ് കുമാര്‍, കോറി ആന്‍ഡേഴ്‌സണ്‍, ഹര്‍മീത് സിങ്, ജസ്ദീപ് സിങ്. നോഷ്തുഷ് കെഞ്ചിഗെ, അലി ഖാന്‍, സൗരഭ് നേത്രാവല്‍ക്കര്‍.

Content highlight: T20 World Cup 2024: Super 8: USA vs SA: USA won the toss and elect to field first