2024 ടി-20 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. ഗ്രോസ് ഐലറ്റിലെ ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ 24 റണ്‍സിന് പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. ഗ്രൂപ്പ് 1-ല്‍ നിന്നും സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ.
ഇന്ത്യ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
India advance to the semi-finals of the #T20WorldCup 2024 🔥🇮🇳
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. രണ്ടാം ഓവറിലെ നാലാം പന്തില്‍ വിരാട് കോഹ്ലി പൂജ്യത്തിന് പുറത്തായി. ജോഷ് ഹെയ്സല്‍വുഡിന്റെ പന്തില്‍ ടിം ഡേവിഡിന് ക്യാച്ച് നല്‍കിയാണ് വിരാട് പുറത്തായത്. ഈ ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് വിരാട് പൂജ്യത്തിന് പുറത്താകുന്നത്.
വിരാട് പുറത്തായതിന് പിന്നാലെ സ്‌കോര്‍ ഉയര്‍ത്താനുള്ള ചുമതല രോഹിത് ഒറ്റയ്ക്ക് ഏറ്റെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്കെറിഞ്ഞ മൂന്നാം ഓവറില്‍ നാല് പടുകൂറ്റന്‍ സിക്സറുകളാണ് രോഹിത് അടിച്ചെടുത്തത്. ആ ഓവറില്‍ പിറന്നതാകട്ടെ 29 റണ്‍സും.
സ്റ്റാര്‍ക്കിനെതിരെ മൂന്നാം ഓവറില്‍ നേടിയ നാല് സിക്സറടക്കം ഏട്ട് പടുകൂറ്റന്‍ സിക്സറുകളാണ് ഹിറ്റ്മാന്‍ അടിച്ചെടുത്തത്. ഇതിന് പുറമെ ഏഴ് ബൗണ്ടറികളും താരത്തിന്റെ ബാറ്റില്‍ നിന്നും പിറവിയെടുത്തിരുന്നു. 41 പന്തില്‍ 224.39 സ്ട്രൈക്ക് റേറ്റില്‍ 92 റണ്‍സാണ് രോഹിത് നേടിയത്. ഒടുവില്‍ സെഞ്ച്വറിക്ക് എട്ട് റണ്‍സകലെ സ്റ്റാര്‍ക്കിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി താരം മടങ്ങുകയായിരുന്നു.
രോഹിത്തിന് പുറമെ സൂര്യകുമാര്‍ യാദവ് 16 പന്തില്‍ 31 റണ്‍സും ശിവം ദുബെ 22 പന്തില്‍ 28 റണ്‍സും നേടി. 17 പന്തില്‍ 27 റണ്‍സാണ് വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ടോട്ടലിലേക്ക് സംഭാവന ചെയ്തത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് ഇന്ത്യ നേടിയത്.
Innings Break!
Captain Rohit Sharma led from the front as #TeamIndia post a total of 205/5 🙌
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്കും തുടക്കം പാളിയിരുന്നു. സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ ആദ്യ ഓവറില്‍ പുറത്തായി. ആറ് പന്തില്‍ ആറ് റണ്‍സാണ് താരം നേടിയത്.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ ട്രാവിസ് ഹെഡിനൊപ്പം ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും ഒന്നിച്ചതോടെ ഓസീസ് സ്‌കോര്‍ ബോര്‍ഡിന് വേഗം കൂടി. 81 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്.
ടീം സ്‌കോര്‍ 87ല്‍ നില്‍ക്കവെ 28 പന്തില്‍ 37 റണ്‍സ് നേടി മാര്‍ഷ് മടങ്ങി. കുല്‍ദീപ് യാദവിന്റെ പന്തില്‍ ബൗണ്ടറി ലൈനിന് സമീപം അക്‌സര്‍ പട്ടേലിന്റെ കിടിലന്‍ ക്യാച്ചിലാണ് മാര്‍ഷ് പുറത്തായത്.
ശേഷിക്കുന്ന സ്‌കോര്‍ പിന്നാലെയെത്തിയവര്‍ക്ക് അപ്രാപ്യമായതോടെ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.
ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും നേടി. അക്‌സര്‍ പട്ടേലും ജസ്പ്രീത് ബുംറയുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്തിയത്.