സൂപ്പര്‍ 8ല്‍ കഷ്ടിച്ച് കടന്നുകൂടിയവര്‍ ഇപ്പോള്‍ സെമിയിലെത്തുന്ന ആദ്യ ടീം; പത്ത് വിക്കറ്റ് വിജയവുമായി ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ നോക്കൗട്ടിന്
T20 world cup
സൂപ്പര്‍ 8ല്‍ കഷ്ടിച്ച് കടന്നുകൂടിയവര്‍ ഇപ്പോള്‍ സെമിയിലെത്തുന്ന ആദ്യ ടീം; പത്ത് വിക്കറ്റ് വിജയവുമായി ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ നോക്കൗട്ടിന്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd June 2024, 10:52 pm

ടി-20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ യു.എസ്.എക്കെതിരെ ഇംഗ്ലണ്ടിന് വിജയം. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ വിജയിച്ചുകയറിയത്. ഈ വിജയത്തിന് പിന്നാലെ സെമി ഫൈനലില്‍ പ്രവേശിക്കാനും ഇംഗ്ലണ്ടിനായി.

യു.എസ്.എ ഉയര്‍ത്തിയ 116 റണ്‍സിന്റെ വിജയലക്ഷ്യം 62 പന്തും പത്ത് വിക്കറ്റും കയ്യിലിരിക്കെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറിന്റെ കരുത്തിലാണ് ത്രീ ലയണ്‍സ് സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. 18.5 ഓവറില്‍ 115 റണ്‍സ് മാത്രമാണ് യു.എസ്.എക്ക് കണ്ടെത്താന്‍ സാധിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യു.എസ്.എക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. ടീമിന്റെ ഏറ്റവും വിശ്വസ്തനായ ബാറ്റര്‍ ആന്‍ഡ്രീസ് ഗൗസ് ഒറ്റയക്കത്തിന് മടങ്ങി. ആറ് പന്തില്‍ നാല് റണ്‍സ് നേടി നില്‍ക്കവെ റീസ് ടോപ്‌ലിയുടെ പന്തിലാണ് താരം പുറത്താകുന്നത്.

വണ്‍ ഡൗണായെത്തിയ നിതീഷ് കുമാര്‍ സ്റ്റീവന്‍ ടെയ്‌ലറിനെ ഒപ്പം കൂട്ടി റണ്‍സ് പടുത്തുയര്‍ത്താന്‍ ശ്രമിക്കവെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ ഒരിക്കല്‍ക്കൂടി തങ്ങളുടെ എക്‌സ്പീരിയന്‍സ്ഡ് ബൗളിങ് പുറത്തെടുത്തു. ടെയ്‌ലറിനെ പുറത്താക്കി സാം കറന്‍ കൂട്ടുകെട്ട് പൊളിച്ചു.

ക്യാപ്റ്റന്‍ ആരോണ്‍ ജെയിംസ് പത്ത് റണ്‍സിനും മിലിന്ദ് കുമാര്‍ നാല് റണ്‍സിനും പുറത്തായി.

നിതീഷ് കുമാര്‍, കോറി ആന്‍ഡേഴ്‌സണ്‍, ഹര്‍മീത് സിങ് എന്നിവര്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തിയതോടെ യു.എസ്.എ പരുങ്ങലിലായി.

നിതീഷ് കുമാര്‍ 24 പന്തില്‍ 30 റണ്‍സ് നേടിയപ്പോള്‍ ആന്‍ഡേഴ്‌സണ്‍ 28 പന്തില്‍ 29 റണ്‍സും നേടി പുറത്തായി. 17 പന്തില്‍ 21 റണ്‍സാണ് ഹര്‍മീത് സിങ് കൂട്ടിച്ചേര്‍ത്തത്.

ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദന്‍ ഹാട്രിക് അടക്കം നാല് വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ആദില്‍ റഷീദും സാം കറനും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ലിയാം ലിവിങ്‌സ്റ്റണും ടോപ്‌ലിയും ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ നയം വ്യക്തമാക്കി. ഒരറ്റത്ത് നിന്ന് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ തകര്‍ത്തടിച്ചപ്പോള്‍ മറുവശത്ത് നിന്ന് ഫില്‍ സോള്‍ട്ട് മികച്ച പിന്തുണ നല്‍കി.

38 പന്തില്‍ ഏഴ് സിക്‌സറും ആറ് ബൗണ്ടറിയും അടക്കം പുറത്താകാതെ 83 റണ്‍സാണ് ബട്‌ലര്‍ നേടിയത്. 21 പന്തില്‍ 25 റണ്‍സുമായി സോള്‍ട്ട് ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി.

18.4 ഓവറില്‍ വിജയലക്ഷ്യം മറികടന്നാല്‍ ഇംഗ്ലണ്ടിന് സെമിയില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്നിരിക്കെ 9.4 ഓവറില്‍ ഇംഗ്ലണ്ട് വിജയിച്ചുകയറുകയായിരുന്നു.

സൂപ്പര്‍ എട്ടില്‍ കഷ്ടിച്ച് കടന്നുകൂടിയ ഇംഗ്ലണ്ട് സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമായാണ് എതിരാളികളെ ഞെട്ടിച്ചത്. സൂപ്പര്‍ 8ല്‍ മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയത്തോടെ നാല് പോയിന്റാണ് ഇംഗ്ലണ്ടിനുള്ളത്.

ഗ്രൂപ്പ് ബി-യില്‍ നിന്നും സൗത്ത് ആഫ്രിക്കയോ വെസ്റ്റ് ഇന്‍ഡീസോ ആകും സെമിയില്‍ പ്രവേശിക്കുന്ന രണ്ടാമത് ടീം.

 

Also Read: അഭയാര്‍ത്ഥിയായിരിക്കവെ സഹതാരങ്ങള്‍ പോലും തീവ്രവാദിയെന്ന് മുദ്രകുത്തിയവന്‍ ഇന്ന് ഓസീസിനെ മുട്ടുകുത്തിച്ചിരിക്കുന്നു; നേടാനുള്ളത് നേടിയെടുക്കുന്ന അഫ്ഗാന്‍ പോരാട്ടവീര്യം

 

Also Read: ഇങ്ങനെയൊന്ന് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ രണ്ടാം തവണ; ചരിത്ര നിമിഷവുമായി ശ്രേയങ്കയുടെ പന്തുകൾ

 

Also Read: ആ മുന്‍ പാക് താരത്തെപ്പോലെയാണ് അവന്‍ ബോള്‍ എറിയുന്നത്; ഇന്ത്യന്‍ സ്റ്റാര്‍ ബൗളറെക്കുറിച്ച് അമ്പാട്ടി റായിഡു

 

Content highlight: T20 World Cup 2024: Super 8: ENG vs USA: England becomes first team to qualify for the semi finals