ടി-20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ യു.എസ്.എക്കെതിരെ ഇംഗ്ലണ്ടിന് 116 റണ്‍സിന്റെ വിജയലക്ഷ്യം. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ യു.എസ്.എ ആണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍സിന്റെ എതിരാളികള്‍.
മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. 18.5 ഓവറില്‍ 115 റണ്‍സ് മാത്രമാണ് യു.എസ്.എക്ക് കണ്ടെത്താന്‍ സാധിച്ചത്.
The pace has been set by #TeamUSA. England is chasing 116 runs.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യു.എസ്.എക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. ടീമിന്റെ ഏറ്റവും വിശ്വസ്തനായ ബാറ്റര്‍ ആന്‍ഡ്രീസ് ഗൗസ് ഒറ്റയക്കത്തിന് മടങ്ങി. ആറ് പന്തില്‍ നാല് റണ്‍സ് നേടി നില്‍ക്കവെ റീസ് ടോപ്‌ലിയുടെ പന്തിലാണ് താരം പുറത്താകുന്നത്.
First over. First wicket.
Andries Gous clips Reece Topley to Phil Salt at deep midwicket and we have our first 💪
വണ്‍ ഡൗണായെത്തിയ നിതീഷ് കുമാര്‍ സ്റ്റീവന്‍ ടെയ്‌ലറിനെ ഒപ്പം കൂട്ടി റണ്‍സ് പടുത്തുയര്‍ത്താന്‍ ശ്രമിക്കവെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ ഒരിക്കല്‍ക്കൂടി തങ്ങളുടെ എക്‌സ്പീരിയന്‍സ്ഡ് ബൗളിങ് പുറത്തെടുത്തു. ടെയ്‌ലറിനെ പുറത്താക്കി സാം കറന്‍ കൂട്ടുകെട്ട് പൊളിച്ചു.
ക്യാപ്റ്റന്‍ ആരോണ്‍ ജെയിംസ് പത്ത് റണ്‍സിനും മിലിന്ദ് കുമാര്‍ നാല് റണ്‍സിനും പുറത്തായി.
നിതീഷ് കുമാര്‍, കോറി ആന്‍ഡേഴ്‌സണ്‍, ഹര്‍മീത് സിങ് എന്നിവര്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തിയതോടെ യു.എസ്.എ പരുങ്ങലിലായി.
നിതീഷ് കുമാര്‍ 24 പന്തില്‍ 30 റണ്‍സ് നേടിയപ്പോള്‍ ആന്‍ഡേഴ്‌സണ്‍ 28 പന്തില്‍ 29 റണ്‍സും നേടി പുറത്തായി. 17 പന്തില്‍ 21 റണ്‍സാണ് ഹര്‍മീത് സിങ് കൂട്ടിച്ചേര്‍ത്തത്.
ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദന്‍ ഹാട്രിക് അടക്കം നാല് വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ആദില്‍ റഷീദും സാം കറനും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ലിയാം ലിവിങ്‌സ്റ്റണും ടോപ്‌ലിയും ഓരോ വിക്കറ്റ് വീതവും നേടി.
19ാം ഓവറിലാണ് ജോര്‍ദന്‍ ഹാട്രിക് നേടിയത്. തന്റെ സ്‌പെല്ലിലെ മൂന്നാം ഓവര്‍ എറിയാനായാണ് ബട്‌ലര്‍ ജോര്‍ദനെ പന്തേല്‍പിച്ചത്. ആദ്യ രണ്ട് ഓവറില്‍ നിന്നും പത്ത് റണ്‍സ് മാത്രമാണ് വഴങ്ങിയതെങ്കിലും വിക്കറ്റൊന്നും നേടാന്‍ താരത്തിന് സാധിച്ചിരുന്നില്ല.
എതിരാളികള്‍ 115ന് ആറ് എന്ന നിലയില്‍ നില്‍ക്കവെ ജോര്‍ദന്‍ പന്തുമായി നോണ്‍ സ്‌ട്രെക്കേഴ്‌സ് എന്‍ഡിലേക്കെത്തി. ഓവറിലെ ആദ്യ പന്തില്‍ കോറി ആന്‍ഡേഴ്‌സണെ ഹാരി ബ്രൂക്കിന്റെ കൈകളിലെത്തിച്ച് താരം മടക്കിയപ്പോള്‍ രണ്ടാം പന്ത് ഡോട്ടായി.
മൂന്നാം പന്തില്‍ അലി ഖാനെ ക്ലീന്‍ ബൗള്‍ഡാക്കിയ ജോര്‍ദന്‍ നാലാം പന്തില്‍ നോഷ്തുഷ് കെഞ്ചിഗെയെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയും മടക്കി. ഓവറിലെ അഞ്ചാം പന്തില്‍ സൗരഭ് നേത്രാവല്‍ക്കറിന്റെ മിഡില്‍ സ്റ്റംപ് കടപുഴക്കിയെറിഞ്ഞാണ് താരം ഹാട്രിക് പൂര്‍ത്തിയാക്കിയത്.
അന്താരാഷ്ട്ര ടി-20യില്‍ താരത്തിന്റെ ആദ്യ ഹാട്രിക് നേട്ടമാണിത്. താന്‍ ജനിച്ച ബാര്‍ബഡോസില്‍ തന്നെ ഇത്തരമൊരു നേട്ടം സ്വന്തമാക്കാന്‍ സാധിച്ചതിന്റെ ആവേശവും താരത്തിനുണ്ടായിരുന്നു.
ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഇംഗ്ലണ്ടിന് സെമി സാധ്യതകള്‍ സജീവമാക്കാന്‍ സാധിക്കും.