2007 മുതല്‍ 2022 വരെയുള്ള എട്ട് ലോകകപ്പുകളില്‍ വെറും മൂന്ന്, 2024ലെ മൂന്ന് മത്സരത്തില്‍ മൂന്നിലും; കണ്ടോടാ ഇന്ത്യന്‍ പേസര്‍മാരുടെ പവര്‍
T20 world cup
2007 മുതല്‍ 2022 വരെയുള്ള എട്ട് ലോകകപ്പുകളില്‍ വെറും മൂന്ന്, 2024ലെ മൂന്ന് മത്സരത്തില്‍ മൂന്നിലും; കണ്ടോടാ ഇന്ത്യന്‍ പേസര്‍മാരുടെ പവര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 13th June 2024, 8:06 pm

ടി-20 ലോകകപ്പില്‍ അമേരിക്കക്കെതിരായ മത്സരത്തിലും വിജയിച്ച് സൂപ്പര്‍ എട്ടിന് യോഗ്യത നേടിയിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്, ഈസ്റ്റ് മെഡോയിലെ നാസൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ ലോകകപ്പിന്റെ സഹ ആതിഥേയരായ യു.എസ്.എയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് കുതിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യു.എസ്.എ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റെങ്കിലും നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇന്ത്യ വിജയം സ്വന്തമാക്കി.

സൂപ്പര്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിന്റെ മികച്ച ബൗളിങ് പ്രകടനമാണ് യു.എസ്.എയെ 130-140 എന്ന ന്യൂയോര്‍ക്കിലെ മികച്ച ടോട്ടലിലേക്ക് പോകാതെ പിടിച്ചുകെട്ടിയത്. ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വേട്ട ആരംഭിച്ച അര്‍ഷ്ദീപ് നാല് ഓവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് പിഴുതെറിഞ്ഞത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ എറ്റവും മികച്ച പ്രകടനമാണിത്.

ഈ മികച്ച പ്രകടനത്തിന് പിന്നാലെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അര്‍ഷ്ദീപിനെ തന്നെയാണ് തേടിയെത്തിയത്.

2024 ലോകകപ്പില്‍ ഇന്ത്യ മൂന്ന് മത്സരങ്ങള്‍ കളിച്ചപ്പോള്‍ അതില്‍ മൂന്നിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത് ഇന്ത്യന്‍ പേസര്‍മാരായിരുന്നു. അയര്‍ലാന്‍ഡിനെതിരെയും പാകിസ്ഥാനെതിരെയും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരുന്നു പി.ഒ.ടി.എം പുരസ്‌കാരം നേടിയത്.

 

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തെ തന്നെ തിരുത്തിക്കുറിച്ചാണ് പേസര്‍മാര്‍ ഇത്തവണ പന്തെറിയുന്നത്. 2007 മുതല്‍ 2022 വരെയുള്ള എട്ട് ലോകകപ്പുകളില്‍ വെറും മൂന്ന് തവണ മാത്രമാണ് ഇന്ത്യന്‍ പേസര്‍മാര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് നേടിയത്. എന്നാല്‍ ഈ ലോകകപ്പിലെ ആദ്യ മൂന്ന് മത്സരത്തിലും പേസര്‍മാരാണ് ഈ നേട്ടം സ്വന്തമാക്കിയത്.

2007 ലോകകപ്പിന്റെ ഫൈനലിലാണ് ആദ്യമായി ഒരു ഇന്ത്യന്‍ പേസര്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. അതി നിര്‍ണായയക മത്സരത്തില്‍ നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് പത്താന്‍ സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ഷോയ്ബ് മാലിക്, ഷാഹിദ് അഫ്രിദി, യാസിര്‍ അറാഫത്ത് എന്നിവരാണ് പത്താന്റെ പന്തിന്റെ വേഗതയറിഞ്ഞത്. മത്സരത്തില്‍ ആകെയെറിഞ്ഞ 24 പന്തില്‍ 12ലും റണ്‍സൊന്നും വഴങ്ങിയിരുന്നുമില്ല.

ശേഷം 2009ല്‍ ആശിഷ് നെഹ്‌റയിലൂടെ മറ്റൊരു ഇന്ത്യന്‍ പേസര്‍ കളിയിലെ താരമായി. ഗ്രോസ് ഐലറ്റില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനെ 115ന് എട്ട് എന്ന നിലയില്‍ ഇന്ത്യ തടഞ്ഞുനിര്‍ത്തുകയും 31 പന്തും ഏഴ് വിക്കറ്റും ശേഷിക്കെ വിജയം സ്വന്തമാക്കുകയുമായിരുന്നു.

 

നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ആശിഷ് നെഹ്‌റയാണ് അഫ്ഗാനെ തരിപ്പണമാക്കിയത്. നൂര്‍ അലി സദ്രാന്‍, കരീം സാദിഖ്, മുഹമ്മദ് ഷഹസാദ് എന്നിവരടങ്ങുന്ന അഫ്ഗാന്റെ ടോപ് ഓര്‍ഡറിനെ തന്നെയാണ് നെഹ്‌റ അരിഞ്ഞിട്ടത്.

അതേ വര്‍ഷം തന്നെ സൂപ്പര്‍ താരം സഹീര്‍ ഖാനും കളിയിലെ താരമായി. നോട്ടിങ്ഹാമില്‍ അയര്‍ലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ ഫോര്‍ഫര്‍ നേടിയാണ് സഹീര്‍ കളിയിലെ താരമായത്. മൂന്ന് ഓവറില്‍ 19റണ്‍സ് വഴങ്ങിയാണ് സഹീര്‍ ഖാന്‍ ഐറിഷ് ക്യാപ്റ്റന്‍ വില്യം പോര്‍ട്ഫീല്‍ഡിന്റേതടക്കം നാല് വിക്കറ്റുകള്‍ പിഴുതെറിഞ്ഞത്.

 

Content Highlight: T20 World Cup 2024: Indian pacers winning Player Of The Match award