കഴിഞ്ഞ ദിവസം ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയിരുന്നു. 68 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്.
ഇന്ത്യ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് 16.3 ഓവറില്‍ വെറും 103 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
ഫൈനലില്‍ സൗത്ത് ആഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.
ആദ്യ സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് സൗത്ത് ആഫ്രിക്ക കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. പ്രോട്ടിയാസ് പുരുഷ ടീമിന്റെ ചരിത്രത്തിലാദ്യമായാണ് ഇവര്‍ ഐ.സി.സി ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്നത്.
രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. ഒരു പതിറ്റാണ്ടിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ടി-20 ലോകകപ്പ് ഫൈനല്‍ കളിക്കുന്നത്.
ഫൈനലില്‍ ഇന്ത്യയെ കിരീടം ചൂടിക്കാന്‍ സാധിച്ചില്ലെങ്കില്‍ രോഹിത് ശര്‍മക്ക് അത് ഏറെ വിഷമമുണ്ടാക്കുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി.
ഏഴ് മാസത്തിനിടെ രോഹിത് ഇന്ത്യയെ രണ്ട് തവണ ഫൈനലിലെത്തിച്ചെന്നും ഏകദിന ലോകകപ്പ് ഫൈനലിന് പിന്നാലെ ടി-20 ലോകകപ്പിലും ഇന്ത്യയെ വിജയിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ രോഹിത് ഒരുപക്ഷേ ബാര്‍ബഡോസിലെ കടലിലേക്ക് എടുത്ത് ചാടിയേക്കുമെന്നും ഗാംഗുലി പറഞ്ഞു.
‘ഏഴ് മാസത്തിനിടെ രണ്ട് ലോകകപ്പ് ഫൈനലില്‍ പരാജയപ്പെടാന്‍ അവനാകുമെന്ന് ഞാനൊരിക്കലും കരുതുന്നില്ല. ഏഴ് മാസത്തിനിടെ തന്റെ ക്യാപ്റ്റന്‍സിയില്‍ രണ്ട് ഫൈനലുകള്‍ പരാജയപ്പെട്ടാല്‍ അവന്‍ ബാര്‍ബഡോസിലെ കടലിലേക്ക് എടുത്ത് ചാടിയേക്കും.
അവന്‍ ഇന്ത്യയെ മുമ്പില്‍ നിന്നും നയിച്ചു. മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തു. നാളെയും (ഫൈനലിലും) അത് തന്നെ ആവര്‍ത്തിക്കുമെന്നാണ് ഞാന്‍ കരുതുന്നത്,’ ഗാംഗുലിയുടെ വാക്കുകളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ക്യാപ്റ്റനെന്ന നിലയില്‍ ഐ.പി.എല്ലിലടക്കം രോഹിത്തിന്റെ നേട്ടങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
അഞ്ച് ഐ.പി.എല്‍ കിരീടങ്ങള്‍ നേടിയതിന്റെ റെക്കോഡ് രോഹിത്തിന്റെ പേരിലുണ്ട്. ഇത് വളരെ വലിയ നേട്ടമാണ്. ഒരു ഐ.പി.എല്‍ കിരീടം നേടുന്നത് തന്നെ ഏറെ ബുദ്ധിമുട്ടാണ്.
എന്റെ വാക്കുകളെ തെറ്റിദ്ധരിക്കരുത്, അന്താരാഷ്ട്ര ക്രിക്കറ്റിനെക്കാളും മികച്ചതാണ് ഐ.പി.എല്‍ എന്നല്ല ഞാന്‍ പറയുന്നത്. എന്നിരുന്നാലും ഐ.പി.എല്‍ കിരീടം നേടാന്‍ നിങ്ങള്‍ 16-17 മത്സരങ്ങള്‍ വിജയിക്കണം. എന്നാല്‍ ലോകകപ്പ് നേടാന്‍ എട്ടോ ഒമ്പതോ മത്സരങ്ങളാണ് വിജയിക്കേണ്ടത്. ലോകകപ്പ് നേടുന്നതിലാണ് ഏറെ അഭിമാനമുണ്ടാവുക. നാളെ രോഹിത് അത് നേടുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.