'സത്യം പറഞ്ഞോണം, നീ വിഗ് വെച്ച് വന്ന തെംബ ബാവുമയല്ലേ'; അമേരിക്കന്‍ വെടിക്കെട്ടില്‍ ഞെട്ടി ആരാധകര്‍
T20 world cup
'സത്യം പറഞ്ഞോണം, നീ വിഗ് വെച്ച് വന്ന തെംബ ബാവുമയല്ലേ'; അമേരിക്കന്‍ വെടിക്കെട്ടില്‍ ഞെട്ടി ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd June 2024, 7:02 pm

ഐ.സി.സി ടി-20 ലോകകപ്പിന് ആവേശത്തോടെ തുടക്കമായിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ ആതിഥേയരായ അമേരിക്ക, അമേരിക്കാസ് ക്വാളിഫയര്‍ കളിച്ചെത്തിയ കാനഡയെ ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തി. ടെക്‌സസിലെ ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് അമേരിക്ക വിജയിച്ചുകയറിയത്.

മത്സരത്തില്‍ ടോസ് നേടിയ അമേരിക്കന്‍ നായകന്‍ മോനക് പട്ടേല്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. ഓപ്പണര്‍ നവ്‌നീത് ദലിവാളിന്റെയും നിക്കോളാസ് കിര്‍ട്ടോണിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ കാനഡ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് സ്വന്തമാക്കി.

ദലിവാള്‍ 44 പന്തില്‍ മൂന്ന് സിക്‌സറിന്റെയും ആറ് ബൗണ്ടറിയുടെയും അകമ്പടിയോടെ 61 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ 31 പന്തില്‍ 51 റണ്‍സാണ് കിര്‍ട്ടോണ്‍ അടിച്ചുകൂട്ടിയത്. രണ്ട് സിക്‌സറും മൂന്ന് ബൗണ്ടറിയുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ക്യാപ്റ്റന്‍ ശ്രേയസ് മൊവ്വയുടെ പ്രകടനവും കനേഡിയന്‍ ടോട്ടലില്‍ നിര്‍ണായകമായി. 16 പന്തില്‍ പുറത്താകാതെ 32 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്. 16 പന്തില്‍ 23 റണ്‍സടിച്ച ആരോണ്‍ ജോണ്‍സണും തന്റേതായ സംഭാവന ടോട്ടലിലേക്ക് നല്‍കി.

അമേരിക്കക്കായി ഹര്‍മീത് സിങ്, കോറി ആന്‍ഡേഴ്‌സണ്‍, അലി ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടിയപ്പോള്‍ രണ്ട് കനേഡിയന്‍ താരങ്ങള്‍ റണ്‍ ഔട്ടുമായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അമേരിക്കക്ക് ആദ്യ ഓവറില്‍ തന്നെ പിഴച്ചു. സൂപ്പര്‍ താരം സ്റ്റീവന്‍ ടെയ്‌ലര്‍ അക്കൗണ്ട് തുറക്കും മുമ്പ്, നേരിട്ട രണ്ടാം പന്തില്‍ പുറത്തായി. കലീം സനയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് താരം മടങ്ങിയത്.

എന്നാല്‍ ക്യാപ്റ്റന്‍ മോനക് പട്ടേലിനെ ഒരറ്റത്ത് നിര്‍ത്തി മൂന്നാം നമ്പറിലിറങ്ങിയ ആന്‍ഡ്രീസ് ഗൗസ് തകര്‍ത്തടിച്ചു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 42 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ടീം സ്‌കോര്‍ 42ല്‍ നില്‍ക്കവെ പട്ടേലിനെ മടക്കി ഡില്ലണ്‍ ഹെയ്‌ലിഗര്‍ അമേരിക്കക്ക് അടുത്ത പ്രഹരമേല്‍പിച്ചു. 16 പന്തില്‍ 16 റണ്‍സാണ് താരം നേടിയത്.

എന്നാല്‍ നാലാം നമ്പറില്‍ ആരോണ്‍ ജോണ്‍സ് കളത്തിലിറങ്ങിയതോടെ അമേരിക്കക്ക് തിരഞ്ഞുനോക്കേണ്ടി വന്നില്ല. ഒരറ്റത്ത് നിന്നും ജോണ്‍സും മറുവശത്ത് നിന്ന് ഗൗസും കനേഡിയന്‍ ബൗളര്‍മാരെ നിര്‍ദയം പ്രഹരിച്ചു.

16ാം ഓവറില്‍ ടീം സ്‌കോര്‍ 173ല്‍ നില്‍ക്കവെ ഗൗസിനെ നഷ്ടമായെങ്കിലും 14 പന്ത് ശേഷിക്കെ ജോണ്‍സ് അമേരിക്കയെ വിജയത്തിലേക്ക് നയിച്ചു.

ഗൗസ് 46 പന്തില്‍ മൂന്ന് ബൗണ്ടറിയും ഏഴ് സിക്‌സറുമടക്കം 65 റണ്‍സ് നേടിയപ്പോള്‍ പത്ത് സിക്‌സറും നാല് ഫോറും അടക്കം 40 പന്തില്‍ പുറത്താകാതെ 94 റണ്‍സാണ് ജോണ്‍സ് സ്വന്തമാക്കിയത്.

മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ജോണ്‍സ് തന്നെയാണ്.

ഈ മത്സരത്തിന് പിന്നാലെ ആരോണ്‍ ജോണ്‍സെന്ന പേര് ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവ ചര്‍ച്ചയാവുകയാണ്. താരത്തിന്റെ അവിശ്വസനീയ വെടിക്കെട്ടിനൊപ്പം തന്നെ സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം തെംബ ബാവുമയുമായുള്ള അസാമാന്യ സാമ്യമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

 

ബാവുമ വേഷം മാറി വന്നതാണെന്നും അതല്ല അത് ബാവുമയുടെ സഹോദരനാണെന്നുമെല്ലാം ആരാധകര്‍ പറയുന്നുണ്ട്. ട്രോളന്‍മാര്‍ക്കിടയിലും ഈ വിശേഷം ചര്‍ച്ചയാണ്.

 

അതേസമയം, ക്രിക്കറ്റ് തന്റെ സാമ്രാജ്യം വിപുലമാക്കുന്നതിന്റെ ആവേശമാണ് ക്രിക്കറ്റ് ആരാധകര്‍ക്കുള്ളത്. മേജര്‍ ലീഗ് ക്രിക്കറ്റിന്റെ സാന്നിധ്യം അമേരിക്കില്‍ ക്രിക്കറ്റിലുണ്ടാക്കിയ സ്വാധീനം എത്രത്തോളം വലുതാണെന്ന് കൂടി തെളിയിക്കുന്നതായിരുന്നു ഈ മത്സരം.

ഇന്ത്യയും പാകിസ്ഥാനുമടങ്ങുന്ന ഗ്രൂപ്പ് എ-യില്‍ നിലവില്‍ ഒന്നാം സ്ഥാനക്കാരാണ് യു.എസ്.എ.

ജൂണ്‍ ആറിനാണ് യു.എസ്.എയുടെ അടുത്ത മത്സരം. എം.എല്‍.സിയിലെ ടെക്‌സസസ് സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ ഗ്രാന്‍ഡ് പ്രയറി സ്‌റ്റേഡിയം തന്നെയാണ് വേദി.

 

 

 

Content Highlight: T20 World Cup 2024:  Fans are talking about Aaron Jones’ resemblance to South African star Temba Bavuma