അര്‍ണോസ് വെയ്ല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ബംഗ്ലാദേശ് – നെതര്‍ലന്‍ഡ്‌സ് മത്സരത്തില്‍ ബംഗ്ലാ കടുവകള്‍ക്ക് ജയം. 25 റണ്‍സിനാണ് ബംഗ്ലാദേശ് വിജയത്തിലേക്ക് നടന്നുകയറിയത്. ഇതോടെ സൂപ്പര്‍ എട്ടിലേക്ക് ഒരു പടി കൂടി നടന്നടുക്കാന്‍ ഷാന്റോക്കും സംഘത്തിനുമായി.
മത്സരത്തില്‍ ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് നായകന്‍ സ്‌കോട് എഡ്വാര്‍ഡ്‌സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.
Bangladesh 🆚 Netherlands| ICC Men’s T20 World Cup
Bangladesh won by 25 runs 🇧🇩 🫶
നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 159റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ് ഇന്നിങ്‌സ് അവസാനിപ്പച്ചത്. ഷാകിബ് അല്‍ ഹസന്റെ അര്‍ധ സെഞ്ച്വറിയാണ് ബംഗ്ലാദേശിനെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. 46 പന്ത് നേരിട്ട് ഒമ്പത് ബൗണ്ടറികളുടെ അകമ്പടിയോടെ പുറത്താകാതെ 64 റണ്‍സാണ് ഷാകിബ് നേടിയത്.
അവസാന ഓവറുകളില്‍ ഏഴ് പന്തില്‍ 14 റണ്‍സടിച്ച ജാകിര്‍ അലിയുടെ കാമിയോയും ടീമിന് തുണയായി.
നെതര്‍ലന്‍ഡ്‌സിനായി പോള്‍ വാന്‍ മീകരനും ആര്യന്‍ ദത്തും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ടിം പ്രിംഗിള്‍ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല. സൂപ്പര്‍ താരങ്ങളായ സൈബ്രന്‍ഡ് എന്‍ഗല്‍ബ്രെക്ടും വിക്രംജീത് സിങ്ങും ക്യാപ്റ്റന്‍ സ്‌കോട് എഡ്വാര്‍ഡ്‌സും ചെറുത്തുനിന്നെങ്കിലും അതൊന്നും ഡച്ച് പടയെ വിജയത്തിലെത്തിക്കാന്‍ പോന്നതായിരുന്നില്ല.
എന്‍ഗല്‍ബ്രെക്ട് 22 പന്തില്‍ 33 റണ്‍സ് നേടിയപ്പോള്‍ സ്‌കോട് എഡ്വാര്‍ഡ്‌സ് 23 പന്തില്‍ 25 റണ്‍സും സിങ് 16 പന്തില്‍ 26 റണ്‍സും നേടി പുറത്തായി.
ബംഗ്ലാദേശിനായി റിഷാദ് ഹൊസൈന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ടാസ്‌കിന്‍ അഹമ്മദ് രണ്ട് വിക്കറ്റും നേടി. മുസ്തഫിസുര്‍ റഹ്‌മാന്‍, മഹ്‌മദുള്ള, തന്‍സിദ് ഹസന്‍ സാകിബ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ടി-20 ലോകകപ്പുകളില്‍ ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ബംഗ്ലാദേശ് നെതര്‍ലന്‍ഡ്‌സിനെ തോല്‍പിക്കുന്നത്. 2016ല്‍ ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ കടുവകള്‍ എട്ട് റണ്‍സിന് വിജയിച്ചപ്പോള്‍ 2022ല്‍ ബ്ലണ്ട്‌സ്‌റ്റോണ്‍ അരീനയില്‍ ഒമ്പത് വിക്കറ്റിനും ടീം വിജയം സ്വന്തമാക്കി. ഇപ്പോള്‍ കിങ്‌സ് ടൗണില്‍ 25 റണ്‍സിന്റെ മികച്ച ജയമാണ് ടീം സ്വന്തമാക്കിയത്.