മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകരില്‍ ഒരാളാണ് അഫ്സല്‍. മലയാള സിനിമയില്‍ ഒരുപാട് ഹിറ്റ് പാട്ടുകളുള്ള ഗായകനാണ് അദ്ദേഹം. അഫ്സല്‍ പാടിയ പാട്ടുകളൊക്കെ എല്ലാ ജനറേഷനും ഇഷ്ടപ്പെടുന്നതാണ് എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
നമ്മള്‍ സിനിമയിലെ ഏറെ ജനശ്രദ്ധ നേടിയ ഗാനമാണ് ‘രാക്ഷസി.’ മോഹന്‍ സിതാര സംഗീതം നല്‍കിയ ഗാനം അഫ്സല്‍, ഫ്രാങ്കോ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചത്. ഇപ്പോള്‍ തനിക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് അഫ്സല്‍.
കല്യാണരാമനിലെ ഗാനങ്ങള്‍ നല്ലതായിരുന്നുവെങ്കില്‍പോലും നമ്മളിലെ ‘രാക്ഷസി’ എന്ന ഗാനമാണ് ആളുകള്‍ കൂടുതല്‍ ഏറ്റെടുത്തതെന്നും എന്നാല്‍ കല്യാണരാമനിലെ പാട്ടുകള്‍ക്ക് ഇപ്പോഴും കേള്‍വിക്കാറുണ്ടെന്നും അഫ്സല്‍ പറയുന്നു. ഒരു ക്യാമ്പസ് വൈബില്‍ നില്‍ക്കുന്ന പാട്ടാണ് രാക്ഷസിയെന്നും തങ്ങളോട് പരമാവധി ഫ്രീക്കൗട്ട് ചെയ്തോളാന്‍ സംഗീത സംവിധായകന്‍ മോഹന്‍സിതാര പറഞ്ഞുവെന്നും അഫ്സല്‍ കൂട്ടിചേര്‍ത്തു. തനിക്ക് ടേക്ക് ഓഫ് കിട്ടിയ രണ്ട് ചിത്രങ്ങളാണ് നമ്മള്‍, കല്യാണരാമന്‍ തുടങ്ങിയവെന്നും അദ്ദേഹം പറയുന്നു.
എം.സി ഡിജിറ്റലുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഫ്സല്‍.
‘ആ സമയത്ത് കല്യാണരാമനിലെ പാട്ടുകള്‍ നല്ലതാണെങ്കില്‍ പോലും ആളുകള്‍ കൂടുതല്‍ ഏറ്റെടുത്തത് നമ്മളിലെ രാക്ഷസി എന്ന പാട്ടായിരുന്നു. പക്ഷേ കല്യാണരാമനിലെ പാട്ടുകള്‍ക്ക് ഇപ്പോഴാണ് കൂടുതല്‍ കേള്‍വിക്കാര്‍ ഉള്ളത്. രാക്ഷസി ഒരു സിറ്റുവേഷന്‍ വേണ്ടിയുളള പാട്ടാണെന്ന് മോഹന്‍സിതാര പറഞ്ഞിരുന്നു. ഒരു ക്യാമ്പസിലുള്ള സന്ദര്‍ഭമാണ് ഈ പാട്ട്. അത് നിങ്ങള്‍ക്ക് എത്ര വേണമെങ്കിലും ഫ്രീക്ക് ഔട്ട് ചെയ്ത് പാടാന്‍ കഴിയുമെന്ന് മോഹന്‍ സിതാര പറഞ്ഞിരുന്നു.
ഇതിഹാസങ്ങളായിട്ടുള്ള എസ്.പി.ബി സാറാക്കെ പാടിവെച്ചിട്ടുള്ള കാര്യമൊക്കെ നമ്മള്‍ക്കറിയാം. അപ്പോള്‍ നമ്മുക്ക് കഴിയാവുന്ന രീതിയില്‍ അത് ചെയുക. എന്റെ സിനിമയിലേക്കുള്ള ടേക്ക് ഓഫ് എന്ന് പറയുന്നത് കല്യാണരാമന്‍ നമ്മള്‍ ഈ രണ്ട് സിനിമകളായിരുന്നു,’ അഫ്സല്‍ പറയുന്നു.
Content Highlight: Afsal about his songs