പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും പരാജയപ്പെട്ട് സന്ദര്‍ശകര്‍ പരമ്പര അടിയറവ് വെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹാമില്‍ട്ടണില്‍ നടന്ന മത്സരത്തില്‍ 84 റണ്‍സിന്റെ പരാജയമാണ് പാകിസ്ഥാന് നേരിടേണ്ടി വന്നത്.
വെറും നാല് താരങ്ങള്‍ക്ക് മാത്രമാണ് പാക് നിരയില്‍ ഇരട്ടയക്കം കാണാന്‍ സാധിച്ചത്. ഫഹീം അഷ്‌റഫ് 80 പന്തില്‍ 73 റണ്‍സ് നേടിയപ്പോള്‍ 44 പന്തില്‍ 51 റണ്‍സുമായി നസീം ഷാ തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. സൂഫിയന്‍ മഖീം (പത്ത് പന്തില്‍ 13), തയ്യബ് താഹിര്‍ (29 പന്തില്‍ 13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് പാക് താരങ്ങള്‍.
മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും സൂഫിയന്‍ മഖീം തന്റെ പേര് അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ്. 12ാം നമ്പറില്‍ കളത്തിലിറങ്ങി ഒരു താരം സ്വന്തമാക്കുന്ന ഏറ്റവുമയര്‍ന്ന സ്‌കോര്‍ എന്ന നേട്ടമാണ് മഖീം സ്വന്തമാക്കിയത്. സൂപ്പര്‍ താരം ഹാരിസ് റൗഫ് റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയതോടെയാണ് 12ാമനായി മഖീം കളത്തിലിറങ്ങിയത്.
നേരത്തെ ബംഗ്ലാദേശിനെതിരെ 12ാം നമ്പറിലിറങ്ങി പുറത്താകാതെ നാല് റണ്‍സ് നേടിയ സഹീര്‍ ഖാന്റെ പേരിലായിരുന്നു ഈ റെക്കോഡുണ്ടായിരുന്നത്. 2023ലെ അഫ്ഗാനിസ്ഥാന്റെ ബംഗ്ലാദേശ് പര്യടനത്തിലെ വണ്‍ ഓഫ് ടെസ്റ്റിലാണ് ഈ റെക്കോഡ് പിറന്നത്. മിര്‍പൂരില്‍ നടന്ന രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാദിഹി റിട്ടയര്‍ഡ് നോട്ട്ഔട്ടായതിന് പിന്നാലെയാണ് 12ാം നമ്പറില്‍ സഹീര്‍ ഖാന്‍ കളത്തിലിറങ്ങിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 12ാം നമ്പറിലിറങ്ങി ഏറ്റവുമധികം റണ്‍സ് നേടുന്ന താരം
(റണ്‍സ് – താരം – ടീം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് വിക്കറ്റ് കീപ്പര്‍ മിച്ചല്‍ ഹേയുടെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 78 പന്ത് നേരിട്ട് പുറത്താകാതെ 99 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഏഴ് സിക്സറും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഹേയുടെ ഇന്നിങ്സ്.
മുഹമ്മദ് അബ്ബാസ് (66 പന്തില്‍ 41) നിക്ക് കെല്ലി (23 പന്തില്‍ 31) എന്നിവരുടെ ഇന്നിങ്സുകളും കിവീസ് നിരയില്‍ നിര്‍ണായകമായി.
പാകിസ്ഥാനായി സൂഫിയാന്‍ മഖീമും മുഹമ്മദ് വസീം ജൂനിയറും രണ്ട് വിക്കറ്റ് വീതവും ഫഹീം അഷ്റഫ്, ആകിഫ് ജാവേദ്, ഹാരിസ് റൗഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് തുടക്കം പാളി. ഒമ്പത് റണ്‍സിനിടെ മൂന്ന് വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. അബ്ദുള്ള ഷഫീഖ് 11 പന്തില്‍ ഒരു റണ്ണിനും അമാം ഉള്‍ ഹഖ് 12 പന്തില്‍ മൂന്ന് റണ്‍സിനും പുറത്തായി. നേരിട്ട മൂന്നാം പന്തില്‍ ജേകബ് ഡഫിക്ക് വിക്കറ്റ് സമ്മാനിച്ച് ഒരു റണ്ണുമായി ബാബര്‍ അസവും പുറത്തായി.
മുഹമ്മദ് റിസ്വാനും ആഘാ സല്‍മാനും ഒറ്റയക്കത്തിന് മടങ്ങിയപ്പോള്‍ ഫഹീം അഷ്റഫ്, നസീം ഷാ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് പാകിസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
അഷ്റഫ് 80 പന്തില്‍ 73 റണ്‍സും നസീം ഷാ 44 പന്തില്‍ 51 റണ്‍സും നേടി പുറത്തായി.
കിവീസിനായി ബെന്‍ സീര്‍സ് അഞ്ച് വിക്കറ്റുമായി തിളങ്ങി. ജേകബ് ഡഫി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വില്‍ ഒ റൂര്‍കും നഥാന്‍ സ്മിത്തും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.