Advertisement
Kerala News
കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം.ജി ശ്രീകുമാറിന് പിഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 03, 07:14 am
Thursday, 3rd April 2025, 12:44 pm

കൊച്ചി: കായലിലേക്ക്‌ മാലിന്യം വലിച്ചെറിഞ്ഞതിന്‌ ഗായകൻ എം ജി ശ്രീകുമാറിന്‌ 25,000 രൂപ പിഴ. മുളവുകാട് പഞ്ചായത്ത് അധികൃതരാണ് എം.ജി. ശ്രീകുമാറിന് 25,000 രൂപയുടെ പിഴ നോട്ടീസ് അയച്ചത്.

മുളവുകാട് പഞ്ചായത്തിലെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും മാലിന്യപ്പൊതി കായലിൽ വലിച്ചെറിയുന്നതിന്റെ വീഡിയോ ദൃശ്യം വിനോദ സഞ്ചാരിയുടെ മൊബൈല്‍ ഫോണില്‍ പതിയുകയായിരുന്നു. തുടര്‍ന്ന് വിനോദ സഞ്ചാരി മന്ത്രി എം. ബി.രാജേഷിനെ ടാഗ് ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാനുള്ള 94467 00800 എന്ന സര്‍ക്കാരിന്റെ വാട്സ് ആപ്പ് നമ്പറിലേക്ക് തെളിവ് സഹിതം പരാതി നല്‍കിയാല്‍ നടപടി ഉണ്ടാകുമെന്നു മന്ത്രി വീഡിയോക്ക് മറുപടി നൽകി. പിന്നാലെ വീഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് സംഭവത്തിൽ അധികൃതർ നടപടിയെടുക്കുകയായിരുന്നു.

പഞ്ചായത്തീരാജ്  ആക്ടിലെ ബന്ധപ്പെട്ട വകുപ്പ് പ്രകാരമാണ് പിഴ നോട്ടിസ് നൽകിയത്. ഇക്കാര്യം പിന്നീട് പരാതിക്കാരനെ മന്ത്രി തന്നെ സമൂഹമാധ്യമം വഴി അറിയിച്ചു. പിഴ അടച്ചുകഴിയുമ്പോള്‍ ഈ വിവരം തെളിവ് സഹിതം നല്‍കിയ ആള്‍ക്ക് പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നോട്ടീസ് ലഭിച്ചതോടെ കഴിഞ്ഞ ദിവസം എം.ജി. ശ്രീകുമാർ പിഴ ഒടുക്കി.

എം.ജി. ശ്രീകുമാറിന്റെ വീട്ടില്‍ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണെങ്കിലും ആരാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് തിരിച്ചറിയാനാവില്ല.

 

Content Highlight: MG Sreekumar fined for dumping garbage into the lake