Entertainment
അതുപോലെയുള്ള കഥാപാത്രത്തിലേക്ക് തന്നെയാരും കാസ്റ്റ് ചെയ്യുമെന്ന് തോന്നുന്നില്ല: സുരേഷ് കൃഷ്ണ

ചമയം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടനാണ് സുരേഷ് കൃഷ്ണ. വിനയൻ സംവിധാനം ചെയ്ത കരുമാടിക്കുട്ടൻ എന്ന സിനിമയിലെ വില്ലൻ കഥാപാത്രമാണ് അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങൾ ചെയ്തു.

കൂടാതെ സ്വഭാവ നടനായും വേഷം ചെയ്തിട്ടുണ്ട് സുരേഷ് കൃഷ്ണ. പഴശിരാജയിലെ കൈതേരി അമ്പു, കുട്ടിസ്രാങ്കിലെ ലോനി ആശാൻ, അനാർക്കലിയിലെ ആറ്റക്കോയ എന്നിവ സുരേഷ് കൃഷ്ണയുടെ വ്യത്യസ്ഥമായതും നിരൂപക പ്രശംസ നേടിയതുമായ കഥാപാത്രങ്ങളാണ്. 2012ൽ ചേട്ടായീസ് എന്ന സിനിമ നിർമിക്കുകയും ചെയ്തിട്ടുണ്ട് സുരേഷ് കൃഷ്ണ. അദ്ദേഹത്തിൻ്റെ പുതിയ സിനിമ മരണമാസ് റിലീസിനൊരുങ്ങുകയാണ്.

ഇപ്പോൾ കോമഡി കഥാപാത്രങ്ങൾ ചെയ്യുന്നതിനെപ്പറ്റി സംസാരിക്കുകയാണ് സുരേഷ് കൃഷ്ണ.

മറ്റ് കഥാപാത്രങ്ങളെല്ലാം താൻ കുറെ ചെയ്തിട്ടുള്ളതാണെന്നും എന്തെങ്കിലും മാറ്റി ചെയ്യണമെന്നുള്ള ആഗ്രഹമുണ്ടാകുമെന്നും അതിന് പറ്റിയ സിനിമ വരുമ്പോൾ ചെയ്യുന്നതാണെന്നും സുരേഷ് പറയുന്നു.

ടൊവിനോയെ തനിക്ക് നേരത്തേ അറിയാമെന്നും ടൊവിനോയാണ് മരണമാസ് സിനിമ ചെയ്യുന്നുണ്ടെന്ന് തന്നോട് പറഞ്ഞതെന്നും സുരേഷ് പറഞ്ഞു. സിനിമയുടെ വൺലൈൻ പറഞ്ഞപ്പോൾ തന്നെ തനിക്ക് സിനിമ ഇഷ്ടപ്പെട്ടുവെന്നും ഇത്തരത്തിലുള്ള കഥാപാത്രം ആദ്യമായിട്ടാണ് ചെയ്യുന്നതെന്നും സുരേഷ് കൃഷ്ണ പറയുന്നു. ഇത്തരത്തിലുള്ള കഥാപാത്രത്തിലേക്ക് തന്നെ വേറെ ആരും കാസ്റ്റ് ചെയ്യുമെന്ന് തോന്നുന്നില്ലെന്നും സുരേഷ് കൂട്ടിച്ചേർത്തു.

വൺ ടു ടോക്സിനോട് സംസാരിക്കുകയായിരുന്നു സുരേഷ് കൃഷ്ണ.

‘മറ്റുള്ള കഥാപാത്രങ്ങലെല്ലാം കുറെ നമ്മൾ ചെയ്തിട്ടുള്ളതാണ്. അപ്പോൾ നമുക്കും എന്തെങ്കിലും മാറ്റി ചെയ്യണമെന്നുള്ള ആഗ്രഹം ഉണ്ടാകുമല്ലോ? അപ്പോൾ അതിന് പറ്റുന്നൊരു സാധനം വരുമ്പോഴേക്കും ചെയ്യുന്നതാണ്.

ഇതൊന്നും ഒട്ടും പ്രതീക്ഷിക്കുന്ന സംഭവങ്ങളല്ലല്ലോ? ഇങ്ങനെയയൊരു സിനിമ നടക്കുന്നുണ്ടെന്ന് നമുക്ക് അറിയില്ല. നടികർ എന്ന സിനിമയിൽ ടൊവിയുമായിട്ട് അഭിനയിച്ചിട്ടുണ്ട്. ടൊവിയുമായിട്ട് നേരത്തെയും സൗഹൃദമുണ്ട്. ടൊവിയാണ് ഈ പടം പ്രൊഡ്യൂസ് ചെയ്യുന്നത്.

അപ്പോൾ ടൊവിയാണ് എൻ്റെ അടുത്ത് പറയുന്നത്, ഇങ്ങനെയൊരു സിനിമ കഥ ഞങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട്. ആ കഥ പറയാൻ ഡയറക്ടർ വരുന്നുണ്ട് കേൾക്കണമെന്ന്. നടികറിൻ്റെ തന്നെ പ്രൊമോ സോങ് എടുത്തുകൊണ്ടിരുന്നപ്പോൾ ആണ് ശിവൻ വരുന്നതും ഈ കഥ പറയുന്നതുമൊക്കെ. ജസ്റ്റ് അതിൻ്റെ വൺലൈൻ പറഞ്ഞപ്പോൾ തന്നെ എനിക്കിഷ്ടപ്പെട്ടു. പിന്നെ ബേസിലൊക്കെയാണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ഞാൻ എന്തായാലും ഉണ്ട് എന്ന് പറഞ്ഞ് കേറിയതാണ്.

ഒരു ബസ് ഡ്രൈവറായിട്ട് അഭിനയിക്കുന്നത് ആദ്യമായിട്ടാണ്. അത്തരത്തിലുള്ള ക്യാരക്ടറിലേക്ക് എൻ്റെ ഒരു ഫിസിക് വെച്ചിട്ടാണോ എന്നറിയില്ല വേറെ ആരും കാസ്റ്റ് ചെയ്യും എന്ന് തോന്നുന്നില്ല എനിക്ക്,’ സുരേഷ് കൃഷ്ണ പറയുന്നു.

Content Highlight:  Actor Suresh Krishna saying that he don’t get a role like that