വിരാടുമല്ല ബാബറുമല്ല ബട്‌ലറുമല്ല, ടി-20 ലോകകപ്പിലെ റണ്‍ വേട്ടക്കാരന്‍ അവനായിരിക്കും; പ്രവചിച്ച് റായിഡു
Sports News
വിരാടുമല്ല ബാബറുമല്ല ബട്‌ലറുമല്ല, ടി-20 ലോകകപ്പിലെ റണ്‍ വേട്ടക്കാരന്‍ അവനായിരിക്കും; പ്രവചിച്ച് റായിഡു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 31st May 2024, 10:26 am

ലോകകപ്പിന്റെ ആരവത്തിനാണ് ക്രിക്കറ്റ് ലോകം കാതോര്‍ക്കുന്നത്. ജൂണ്‍ രണ്ടിന് ആരംഭിക്കുന്ന ലോകകപ്പില്‍ തങ്ങളുടെ നൂറ് ശതമാനവും നല്‍കാനുറച്ച് 20 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും സംയുക്തമായാണ് ലോകകപ്പിന് വേദിയാകുന്നത്.

എല്ലാ പ്രാവശ്യമെന്ന പോലെ ഇന്ത്യ ഇത്തവണയും ലോകകപ്പ് ഫേവറിറ്റുകളാണ്. എങ്കിലും ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, പാകിസ്ഥാന്‍ അടക്കമുള്ള ടീമുകളില്‍ നിന്നും കടുത്ത മത്സരം തന്നെ ഇന്ത്യക്ക് നേരിടേണ്ടി വരും.

ബാറ്റിങ് യൂണിറ്റിനെ തന്നെ ആശ്രയിച്ചാകും എല്ലാ ടീമുകളും പടയൊരുക്കം നടത്തുക. വിരാട് കോഹ്‌ലി, ബാബര്‍ അസം, ജോസ് ബട്‌ലര്‍, സൂര്യകുമാര്‍ യാദവ് അടക്കമുള്ള വെടിക്കെട്ട് ബാറ്റര്‍മാരുടെ പ്രകടനം നിര്‍ണായകമായേക്കും.

എന്നാല്‍ ഈ ലോകകപ്പില്‍ മറ്റൊരു ബാറ്ററാകും റണ്‍ വേട്ടക്കാരില്‍ ഒന്നാമന്‍ എന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അംബാട്ടി റായിഡു.

സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയില്‍ ഈ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പേരാണ് റായിഡു പറഞ്ഞത്. റായിഡുവിന്റെ വാക്കുകളെ ഉദ്ധരിച്ച് പ്രമുഖ കായിക മാധ്യമമായ ക്രിക്ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടി-20 ലോകകപ്പില്‍ രോഹിത് ശര്‍മക്ക് ഇതുവരെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സാധിച്ചില്ല.

അതേസമയം, പല റെക്കോഡുകളും ഈ ലോകകപ്പില്‍ രോഹിത് ശര്‍മയെ തേടിയെത്തിയേക്കും. അന്താരാഷ്ട്ര ടി-20യില്‍ 4,000 റണ്‍സ് എന്ന നേട്ടമാണ് ഇന്ത്യന്‍ നായകന് മുമ്പിലുള്ളത്. നിലവില്‍ 3,974 റണ്‍സ് സ്വന്തമാക്കിയ രോഹിത്തിന് ലോകകപ്പില്‍ 26 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ഈ ചരിത്ര നേട്ടം സ്വന്തമാക്കാം.

ഈ റെക്കോഡിലെത്തുന്ന മൂന്നാമത് ബാറ്റര്‍ എന്ന നേട്ടവും രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്‌ലി, പാക് നായകന്‍ ബാബര്‍ അസം എന്നിവര്‍ മാത്രമാണ് അന്താരാഷ്ട്ര ടി-20യില്‍ 4,000 റണ്‍സ് പൂര്‍ത്തിയാക്കിയ മറ്റ് ബാറ്റര്‍മാര്‍.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലാം മത്സരത്തിലാണ് ബാബര്‍ 4,000 റണ്‍സ് പിന്നിട്ടത്. ബാബറിന് മുമ്പ് രോഹിത് ശര്‍മ ഈ നേട്ടത്തിലെത്തുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ പാക് നായകന്‍ രോഹിത്തിനെ മറികടന്ന് വിരാടിനൊപ്പമെത്തുകയായിരുന്നു.

2007ല്‍ ടി-20 കരിയര്‍ ആരംഭിച്ച രോഹിത്, 151 മത്സരത്തിലെ 143 ഇന്നിങ്സില്‍ നിന്നും 31.79 ആവറേജിലും 139.97 സ്ട്രൈക്ക് റേറ്റിലുമാണ് 3,974 റണ്‍സ് നേടിയത്. അഞ്ച് തവണ അന്താരാഷ്ട്ര ടി-20യില്‍ സെഞ്ച്വറി നേടിയ രോഹിത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 121* ആണ്. 29 ഹാഫ് സെഞ്ച്വറികളും ഹിറ്റ്മാന്‍ തന്റെ പേരിലാക്കിയിട്ടുണ്ട്.

 

ഇതിന് പുറമെ വരുന്ന ലോകകപ്പില്‍ 10 സിക്സര്‍ കൂടി നേടാന്‍ സാധിച്ചാല്‍ മറ്റൊരു നേട്ടവും രോഹിത്തിന് തന്റെ പേരില്‍ കുറിക്കാന്‍ സാധിക്കും. ടി-20ഐയില്‍ 200 സിക്സര്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് ഹിറ്റ്മാനെ കാത്തിരിക്കുന്നത്. നിലവില്‍ 190 സിക്സറുമായി സിക്സറടിവീരന്‍മാരുടെ ലിസ്റ്റില്‍ ഒന്നാമതാണ് രോഹിത്.

 

 

Content Highlight: T20 World Cup 2024: Ambati Rayudu predicts Rohit Sharma will be the leading run getter in the world cup