ഇന്ത്യയും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും അടക്കി വാഴുന്ന ടി-20 ലോകകപ്പിന്റെ ചരിത്രം തിരുത്തിക്കുറിച്ചത് അമേരിക്കന്‍ കൊടുങ്കാറ്റ്; നോക്കിവെച്ചോ ഈ മുതലിനെ
T20 world cup
ഇന്ത്യയും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും അടക്കി വാഴുന്ന ടി-20 ലോകകപ്പിന്റെ ചരിത്രം തിരുത്തിക്കുറിച്ചത് അമേരിക്കന്‍ കൊടുങ്കാറ്റ്; നോക്കിവെച്ചോ ഈ മുതലിനെ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd June 2024, 9:06 pm

ഐ.സി.സി ടി-20 ലോകകപ്പിന് ആവേശത്തോടെ തുടക്കമായിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ ആതിഥേയരായ അമേരിക്കയാണ് ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കിയത്. അമേരിക്കാസ് ക്വാളിഫയര്‍ കളിച്ചെത്തിയ കാനഡയെ പരാജയപ്പെടുത്തിയാണ് അമേരിക്ക തങ്ങളുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ജയം സ്വന്തമാക്കിയത്.

ടെക്സസിലെ ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് അമേരിക്ക വിജയിച്ചുകയറിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാനഡ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അമേരിക്ക ആരോണ്‍ ജോണ്‍സിന്റെയും ആന്‍ഡ്രീസ് ഗൗസിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ ഏഴ് വിക്കറ്റും 14 പന്തും ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

ഗൗസ് 46 പന്തില്‍ മൂന്ന് ബൗണ്ടറിയും ഏഴ് സിക്സറുമടക്കം 65 റണ്‍സ് നേടിയപ്പോള്‍ പത്ത് സിക്സറും നാല് ഫോറും അടക്കം 40 പന്തില്‍ പുറത്താകാതെ 94 റണ്‍സാണ് ജോണ്‍സ് സ്വന്തമാക്കിയത്.

ഈ പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ വേള്‍ഡ് കപ്പ് റെക്കോഡാണ് ആരോണ്‍ ജോണ്‍സ് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. ലോകകപ്പിന്റെ ചരിത്രത്തില്‍, ഒരു സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സില്‍ ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കുന്ന ഓപ്പണറല്ലാത്ത താരമെന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്.

 

നേരത്തെ, മത്സരത്തില്‍ ടോസ് നേടിയ അമേരിക്കന്‍ നായകന്‍ മോനക് പട്ടേല്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍ നവ്നീത് ദലിവാളിന്റെയും സൂപ്പര്‍ താരം നിക്കോളാസ് കിര്‍ട്ടോണിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ കാനഡ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് സ്വന്തമാക്കി.

ദലിവാള്‍ 44 പന്തില്‍ മൂന്ന് സിക്സറിന്റെയും ആറ് ബൗണ്ടറിയുടെയും അകമ്പടിയോടെ 61 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ 31 പന്തില്‍ 51 റണ്‍സാണ് കിര്‍ട്ടോണ്‍ അടിച്ചുകൂട്ടിയത്. രണ്ട് സിക്സറും മൂന്ന് ബൗണ്ടറിയുമാണ് താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്.

ഇതിന് പുറമെ ക്യാപ്റ്റന്‍ ശ്രേയസ് മൊവ്വയുടെ പ്രകടനവും കനേഡിയന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായി. 16 പന്തില്‍ പുറത്താകാതെ 32 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്. 16 പന്തില്‍ 23 റണ്‍സടിച്ച ഓപ്പണര്‍ ആരോണ്‍ ജോണ്‍സണും തന്റേതായ സംഭാവന ടോട്ടലിലേക്ക് നല്‍കി.

അമേരിക്കക്കായി ഹര്‍മീത് സിങ്, കോറി ആന്‍ഡേഴ്സണ്‍, അലി ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

കാനഡ ഉയര്‍ത്തിയ 195 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ അമേരിക്കക്ക് തുടക്കത്തിലേ പിഴച്ചു. സൂപ്പര്‍ താരം സ്റ്റീവന്‍ ടെയ്ലര്‍ നേരിട്ട രണ്ടാം പന്തില്‍ പുറത്തായി. കലീം സനയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങി സില്‍വര്‍ ഡക്കായാണ് താരം മടങ്ങിയത്.

 

എന്നാല്‍ ക്യാപ്റ്റന്‍ മോനക് പട്ടേലിനെ ഒരറ്റത്ത് നിര്‍ത്തി മൂന്നാം നമ്പറിലിറങ്ങിയ ആന്‍ഡ്രീസ് ഗൗസ് തകര്‍ത്തടിച്ചു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ടീം സ്‌കോര്‍ 42ല്‍ നില്‍ക്കവെ പട്ടേലിനെ മടക്കി ഡില്ലണ്‍ ഹെയ്‌ലിഗര്‍ കാനഡക്ക് ആവശ്യമായ ബ്രേക് ത്രൂ നല്‍കി. 16 പന്തില്‍ 16 റണ്‍സാണ് താരം നേടിയത്.

എന്നാല്‍ നാലാം നമ്പറില്‍ ആരോണ്‍ ജോണ്‍സ് കളത്തിലിറങ്ങിയതോടെ കാനഡയുടെ വിധി കുറിക്കപ്പെട്ടു. ഒരറ്റത്ത് നിന്നും ജോണ്‍സും മറുവശത്ത് നിന്ന് ഗൗസും കനേഡിയന്‍ ബൗളര്‍മാരെ നിര്‍ദയം പ്രഹരിച്ചു.

ഒടുവില്‍ 17ാം ഓവറിലെ നാലാം പന്തില്‍ യു.എസ്.എ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ജോണ്‍സ് തന്നെയാണ്.

ഇന്ത്യയും പാകിസ്ഥാനുമടങ്ങുന്ന ഗ്രൂപ്പ് എ-യില്‍ നിലവില്‍ ഒന്നാം സ്ഥാനക്കാരാണ് യു.എസ്.എ.

ജൂണ്‍ ആറിനാണ് യു.എസ്.എയുടെ അടുത്ത മത്സരം. ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയം തന്നെയാണ് വേദി.

 

Content Highlight: T20 World Cup 2024: Aaron Jones created history