Entertainment
ആ ചിത്രത്തിന് രണ്ടാം ഭാഗം വേണമെന്ന് മമ്മൂക്കക്ക് നിർബന്ധമായിരുന്നു; ചെയ്യണമെങ്കിൽ പത്ത് കൊല്ലം മുൻപേ വേണമായിരുന്നു: ടി.എസ് സുരേഷ് ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 31, 03:19 pm
Thursday, 31st October 2024, 8:49 pm

കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ടി.എസ്. സുരേഷ് ബാബു. ആ ചിത്രത്തിന് രണ്ടാം ഭാഗം ചെയ്യണമായിരുന്നെങ്കിൽ പത്ത് വർഷം മുൻപുതന്നെ ചെയ്യണമായിരുന്നെന്നും മമ്മൂട്ടി വിളിച്ച് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ചെയ്യാൻ താത്പര്യമുണ്ടെന്ന് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓൺലൂക്കേഴ്‌സ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കുഞ്ഞച്ചൻ ചെയ്യണമെങ്കിൽ ഒരു പത്ത് വർഷം മുമ്പേ ചെയ്യണമായിരുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. കോട്ടയം കുഞ്ഞച്ചൻ 2 ഓടുമെന്ന് മമ്മൂക്ക അപ്പോഴും പറഞ്ഞിരുന്നു.

ഞാനും ഡെന്നിസും ഒരിക്കൽ ഒന്ന് ഇരുന്ന് നോക്കിയായിരുന്നു. പിന്നെ അതങ്ങോട്ട് വർക്ക് ആയില്ല. പിന്നെ ഡെന്നീസും രഞ്ജി പണിക്കരും കൂടെ ഒരു മാസം ഇരുന്ന് നോക്കി. ഡെന്നിസ് കഥയുണ്ടാക്കി രൺജി പണിക്കർ ഡയലോഗ് എഴുതാം എന്ന രീതിയിൽ. പക്ഷെ അതും വിചാരിച്ച രീതിയിൽ വർക്ക് ഔട്ട് ആയില്ല. അതുകൊണ്ടാണ് ആ സിനിമയുടെ രണ്ടാം ഭാഗം പെൻഡിങ് ആയത്.

അതിന് ശേഷം മമ്മൂക്ക എന്നെ വിളിച്ച് പറഞ്ഞു രണ്ടാം ഭാഗം ചെയ്യാൻ താത്പര്യം കാണിച്ച് ഇതുപോലെ ഒരു പാർട്ടി വന്നിട്ടുണ്ട് എന്താ ചെയ്യേണ്ടതെന്ന്. ഞാൻ പറഞ്ഞു മമ്മൂക്ക ഇത് എടുത്തോ എനിക്ക് ഒരു പ്രശ്‌നവും ഇല്ലെന്ന്.

സത്യത്തിൽ ആ സിനിമയുടെ റൈറ്റ്‌സ് എനിക്കും മുട്ടത്ത് വർക്കിക്കും പിന്നെ ഡെന്നീസിനും ഉണ്ട്. ഇത്രയും പേർക്കാണ് അതിന്റെ റൈറ്റ്. അല്ലാതെ വേറെ ആർക്കും അതിന്റെ യാതൊരു റൈറ്റും ഇല്ല.

പക്ഷെ അവർ അതിന്റെ സ്‌ക്രിപ്റ്റ് എന്തോ വർക്ക് ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. അതെന്തായെന്ന് എനിക്കറിയില്ല. കോട്ടയം കുഞ്ഞച്ചൻ 2 നടക്കുന്നെങ്കിൽ നടക്കട്ടേയെന്ന് ഞാൻ പറഞ്ഞു. അതിൽ എനിക്ക് ഒരു ഒബ്‌ജെക്ഷനും ഇല്ലായിരുന്നു. അങ്ങനെ ഒരു സംഭവം എടുത്താൽ സന്തോഷം,’ ടി. എസ് സുരേഷ്ബാബു പറയുന്നു.

Content Highlight: T.S.Suresh Babu About Second Part Of Kottayam Kunjachan