മലയാളികൾ കൊണ്ടാടിയ സിനിമയാണ് ടി. കെ. രാജീവ് കുമാർ സംവിധാനം ചെയ്ത് ശ്വേത മേനോൻ നായികയായ രതിനിർവേദം. ചിത്രത്തിലെ രതി ചേച്ചിയുടെയും പപ്പുവിന്റെയും കോമ്പോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീജിത്താണ്. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ശ്വേതയും ശ്രീജിത്തും.
സിനിമ ഇറങ്ങിയ ദിവസം ശ്രീജിത്ത് തന്നെ വിളിച്ചിട്ട് തിയേറ്ററിന്റെ പുറത്ത് പാലഭിഷേകം നടക്കുകയാണെന്ന് പറഞ്ഞെന്ന് ശ്വേത ഓർക്കുന്നു. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് വന്നവർക്ക് നേരെ ലാത്തി ചാർജ് ഉണ്ടായിരുന്നെന്നും ഒരുപാട് പേർ ഹോസ്പിറ്റലിൽ ആയിരുന്നെന്നും ശ്വേത പറഞ്ഞു. ആദ്യ ഷോ കഴിഞ്ഞപ്പോൾ ശ്രീജിത്തിനെ നടത്തിയില്ലെന്നും എടുത്ത് പൊക്കുകയായിരുന്നെന്നും ശ്വേത പറഞ്ഞു.
‘എന്നെ പപ്പു വിളിച്ചിട്ട് ശ്വേതാ പാലഭിഷേകം നടക്കുകയാണ് എന്ന് പറഞ്ഞു. വലിയ ബോർഡിന്റെ മുകളിൽ പാലഭിഷേകം നടക്കുകയാണ്. ലാത്തി ചാർജ് നടന്നു. ഒരുപാട് കുട്ടികൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. ഞാൻ അവിടെ പോയിരുന്നു. ഫസ്റ്റ് ഡേ ആണ് ഇതൊക്കെ നടന്നത്. ആദ്യ ദിവസം തന്നെ ലാത്തിച്ചാർജും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു. ശ്രീജിത്ത് നടന്നു പോയതായിരുന്നില്ല, അവനെ കയറ്റി കൊണ്ടു പോവുകയായിരുന്നു,’ ശ്വേത പറഞ്ഞു.
ആളുകൾ തന്നെ പൊക്കിയെടുത്ത് കൊണ്ട് പോവുകയായിരുന്നെന്ന് ഈ സമയം ശ്രീജിത്ത് അഭിമുഖത്തിൽ പറയുന്നുണ്ട്. തിയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ ആളുകൾ എടുത്ത് കൊണ്ട് പോകണമെന്നത് ഡ്രീം ആയിരുന്നെന്നും അത് രതിനിർവേദം സിനിമകൊണ്ട് സാധിച്ചെന്നും ശ്രീജിത്ത് പറഞ്ഞു. ‘ആളുകൾ എന്നെ പൊക്കിക്കൊണ്ട് പോയതായിരുന്നു.
അത് നമ്മുട വലിയ ഡ്രീം ആയിരുന്നല്ലോ, ഒരു സിനിമ കഴിഞ്ഞ് ഇറങ്ങാൻ നേരത്ത് എല്ലാവരും വന്ന് എടുത്തു പോകണം എന്നൊക്കെ. അതാണ് അന്ന് സംഭവിച്ചത്. ഇത് എന്റെ രണ്ടാമത്തെ സിനിമയായിരുന്നു. ആദ്യ സിനിമ ലിവിങ് ടുഗെതർ എന്ന സിനിമയായിരുന്നു. ആദ്യത്തെ സിനിമ ഫാസിൽ സാറിന്റെ കൂടെയായിരുന്നു,’ ശ്രീജിത്ത് പറഞ്ഞു.
Content Highlight: Swetha menon about rathinirvedam movie