ഞാന്‍ എത്തിയപ്പോഴായിരുന്നു ബി.ജെ.പിയുടെ വനവാസം അവസാനിച്ചത്, എന്നാല്‍ ഇന്ന് എന്റെ ശബ്ദത്തിന് അവിടെ വിലയില്ല; രാജിയില്‍ പ്രതികരിച്ച് സ്വാമി പ്രസാദ് മൗര്യ
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ പ്രമുഖ ബി.ജെ.പി നേതാവായിരുന്ന സ്വാമി പ്രസാദ് മൗര്യ മന്ത്രിസ്ഥാനം രാജിവെച്ച് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യു.പിയിലും ബി.ജെ.പി ദേശീയ രാഷ്ട്രീയത്തിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്.
2017 നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി 2016ലായിരുന്നു മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നും മൗര്യ ബി.ജെ.പിയിലെത്തിയത്.
ഇപ്പോള്‍ 2022 തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ബി.ജെ.പിയില്‍ നിന്നും സമാജ്‌വാദി പാര്‍ട്ടിയിലേക്ക് പോയി അതേ പാറ്റേണ്‍ ആവര്‍ത്തിച്ചിരിക്കുകയാണ് മൗര്യ എന്നാണ് ഉയരുന്ന മറ്റൊരു വിലയിരുത്തല്‍.
ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റിലും സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റിലും മുമ്പ് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചിട്ടുള്ള മൗര്യ തുടര്‍ച്ചയായി മൂന്നാം തവണയും യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ഭാഗമായി വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ്.
”ഞാന്‍ പാര്‍ട്ടി വിടുന്നത് വരെ ബി.എസ്.പി യു.പിയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഇന്ന് അവര്‍ എവിടെയുമില്ല.
ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നപ്പോഴാണ് 14 വര്‍ഷത്തെ വനവാസത്തിന് ശേഷം അവര്‍ തിരിച്ചുവന്നതും ഒരു ഭൂരിപക്ഷ സര്‍ക്കാര്‍ രൂപീകരിച്ചതും.
എന്നാല്‍ അവര്‍ ജനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു. ഇതില്‍ ഞാന്‍ പലയിടങ്ങളിലും അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, എന്റെ ശബ്ദം ഒരിക്കലും കേള്‍ക്കപ്പെട്ടില്ല.
മൗര്യക്കൊപ്പം മറ്റ് രണ്ട് എം.എല്‍.എമാരും ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചിട്ടുണ്ട്. മൗര്യയുടെ അടുത്ത അനുയായിയായ റോഷന്‍ ലാല്‍, ബ്രിജേഷ് പ്രതാപ് പ്രജാപതി എന്നിവരാണ് രാജി വെച്ചത്.
ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം അമിത് ഷായുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ ചേരുന്നതിനിടെയാണ് രാജി എന്നതും ശ്രദ്ധേയമാണ്.
ഉച്ചയോടെയായിരുന്നു രാജി പ്രഖ്യാപനം വന്നത്. തൊട്ടുപിന്നാലെ മൗര്യയെ സമാജ്വാദി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞ് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തിരുന്നു. അഖിലേഷ് സ്വാമി പ്രസാദ് മൗര്യയോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും പുറത്തുവന്നിരുന്നു.
ഒ.ബി.സി-ദളിത് വിഭാഗങ്ങളും യുവാക്കളും ബി.ജെ.പിയില്‍ അവഗണന നേരിടുന്നുവെന്ന മൗര്യയുടെ ആരോപണം തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ യു.പിയില്‍ വലിയ ചര്‍ച്ചയാകുമെന്നാണ് വിലയിരുത്തല്‍.
ദളിത് വോട്ടുകള്‍ പിടിച്ചെടുക്കാന്‍ ബി.ജെ.പി വലിയ രീതിയില്‍ പ്രചരണം നടത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ വിഭാഗത്തില്‍ നിന്ന് തന്നെയുള്ള ഒരു നേതാവ് പാര്‍ട്ടി വിടുന്നത് എന്നത് ബി.ജെ.പിക്ക് വലിയ ക്ഷീണമായിരിക്കുമെന്നാണ് പ്രതിപക്ഷപാര്‍ട്ടികള്‍ കണക്കുകൂട്ടുന്നത്.
മൗര്യക്ക് പിന്തുണ പ്രഖ്യാപിച്ച് ഇനിയും കൂടുതല്‍ എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ നിന്നും രാജിവെക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഫെബ്രുവരി 10നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസ് ആണ് ഭരണകക്ഷി.