തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി. ആശ്രമം കത്തിച്ച കേസിലെ പ്രതിയെ കെണ്ടുപോകുന്ന പൊലീസ് എന്ന കുറിപ്പോടെ പരിഹാസ ചിത്രം സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് സന്ദീപാനന്ദ ഗിരി രംഗത്തുവന്നത്.
ഉള്ളി കെട്ടപോലെ സുരേന്ദ്രന്റെ മനസ്സ് എത്രമാത്രം മലീമസമാണെന്ന് സന്ദീപാനന്ദ ഗിരി ട്രോള്‍ പരിഹാസത്തെ വിമര്‍ശിച്ചു. ഈ പരേതാത്മാവ് ഏത് പാര്‍ട്ടിക്ക് വേണ്ടിയായിരുന്നു മരിക്കുന്ന നാള്‍വരെ വിശ്വസിച്ച് പ്രവര്‍ത്തിച്ചതെന്നും സുരേന്ദ്രന്‍ പങ്കുവെച്ച ചിത്രം പരാമര്‍ശിച്ച് കൊണ്ട് സന്ദീപാനന്ദ ഗിരി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
ഇത് യു.പിയല്ല നിയമ വാഴ്ചയുള്ള കേരളമാണ് എല്ലാറ്റിനും എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും. മരണപ്പെട്ടവരോട് കാണിക്കാറുള്ള സാമാന്യ മര്യാദയെങ്കിലും സുരേന്ദ്രന്‍ കാണിക്കണമെന്നും സന്ദീപാനന്ദഗിരി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് അക്രമികളില്‍ ഒരാളായ പ്രകാശിന്റെ സഹോദരന്‍ ക്രൈം ബ്രാഞ്ചിനോട് വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം കുണ്ടുമണ്‍കടവ് സ്വദേശി പ്രകാശും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചതെന്നാണ് പ്രശാന്തിന്റെ വെളിപ്പെടുത്തല്‍.
ഈ വര്‍ഷം ജനുവരിയില്‍ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷമാണ് സഹോദരന്റെ വെളിപ്പെടുത്തല്‍. കേസില്‍ ഒരാഴ്ച മുമ്പാണ് പ്രകാശിന്റെ സഹോദരന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.
ആര്‍.എസ്.എസ് നേതാവ് പ്രകാശിന്റെ മരണത്തിലെ ദുരൂഹതയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ആശ്രമം കത്തിച്ച കേസിലും നിര്‍ണായക വിവരം പുറത്തുവന്നത്.
പ്രതികള്‍ ആരെന്ന് കണ്ടെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കേസ് അവസാനിച്ചുവെന്ന് പറയാതിരുന്നത് ചില മാധ്യമങ്ങള്‍ മാത്രമാണെന്നും സന്ദീപാനന്ദ ഗിരി പ്രതികരിച്ചിരുന്നു.
‘താനാണ് ആശ്രമം കത്തിച്ചതെന്ന രീതിയില്‍ വ്യാപക പ്രചാരണം നടന്നിരുന്നു. ആക്രമണത്തിനു പിന്നില്‍ ഒരാളല്ല, സംഘത്തില്‍ മറ്റ് ചിലരുണ്ടാകും.
തീയിടുന്നതിന് ഒരു വര്‍ഷംമുമ്പ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പ്രകാശ് ആശ്രമത്തില്‍ കയറി അതിക്രമം നടത്തിയിരുന്നു. വാഹനത്തിന് സൈഡ് തരാതിരിക്കുക, വാഹനം തടഞ്ഞ് നിര്‍ത്തുക, ആശ്രമത്തിലേക്ക് വരുന്നവരെ വഴിതിരിച്ച് വിടുക തുടങ്ങിയവ നടന്നു. സംഘപരിവാറാണ് ഇതിന് പിന്നില്‍. സത്യം വെളിപ്പെടുത്തിയ പ്രശാന്തിന് സുരക്ഷ ഒരുക്കണം,’ എന്നുമാണ് സന്ദീപാനന്ദ ഗിരി പറഞ്ഞത്.
2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തത്. കത്തിച്ചശേഷം ആശ്രമത്തിന് മുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും ആക്രമികള്‍ വെച്ചിരുന്നു.
നാല് വര്‍ഷം പിന്നിട്ടിട്ടും ആശ്രമം കത്തിച്ച കേസിലെ പ്രതികളെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആദ്യം സിറ്റി പോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാട് സ്വാമി സന്ദീപാനന്ദ ഗിരി സ്വീകരിച്ചിരുന്നു. ഇതോടെ അദ്ദേഹത്തിനെതിരെ വ്യാപകമായ പ്രചാരണം നടക്കുകയും ഭീഷണി ഉണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആശ്രമം കത്തിച്ചത്.
സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ്സ് എത്രമാത്രം മലീമസമാണ് !
ആശ്രമം കത്തിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കെ. സുരേന്ദ്രന്‍ ഇറക്കിയ ട്രോളാണിത്!
സുരേന്ദ്രാ പോലീസ് കൊണ്ടുപോകുന്ന ഈ പരേതാത്മാവ് ഏത് പാര്‍ട്ടിക്ക് വേണ്ടിയായിരുന്നു മരിക്കുന്ന നാള്‍വരെ വിശ്വസിച്ച് പ്രവര്‍ത്തിച്ചത്?
ആരൊക്കെ ചേര്‍ന്നായിരുന്നു സുരേന്ദ്രാ പ്രകാശിനെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി അവസാനം ബലിദാനിയാക്കിയത്?
സുരേന്ദ്രാ ഇത് യു.പിയല്ല നിയമ വാഴ്ചയുള്ള കേരളമാണ് എല്ലാറ്റിനും എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും.
മരണപ്പെട്ടവരോട് കാണിക്കാറുള്ള സാമാന്യ മര്യാദയെങ്കിലും…
At least മരണപ്പെട്ട പ്രകാശിന്റെ അമ്മ ശരീരം പൂര്‍ണ്ണമായും തളര്‍ന്ന് അവശയായി കഴിയുന്നു എന്നൊരോര്‍മയെങ്കിലും…