20 ഓവറില്‍ 324 റണ്‍സ് 😲😲; ടി-20യാണെന്ന് കരുതി ഇങ്ങനെ അടിക്കാമോ; റെക്കോഡ് എന്നൊന്നും പറഞ്ഞാല്‍ പോരാ, ഇത് അതുക്കും മേലെ
Sports News
20 ഓവറില്‍ 324 റണ്‍സ് 😲😲; ടി-20യാണെന്ന് കരുതി ഇങ്ങനെ അടിക്കാമോ; റെക്കോഡ് എന്നൊന്നും പറഞ്ഞാല്‍ പോരാ, ഇത് അതുക്കും മേലെ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 24th May 2023, 4:58 pm

ടി-20 ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് സസക്‌സ്. സെക്കന്‍ഡ് ഇലവന്‍ ടി-20 ടൂര്‍ണമെന്റിലാണ് പടുകൂറ്റന്‍ വിജയവുമായി സസക്‌സ് തിളങ്ങിയത്. സസക്‌സ് സെക്കന്‍ഡ് ഇലവനും മിഡില്‍സെക്‌സ് സെക്കന്‍ഡ് ഇലവനും തമ്മില്‍ നടന്ന മത്സരത്തിലാണ് സസക്‌സ് റെക്കോഡ് ജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ സസക്‌സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സാണ് അടിച്ചുകൂട്ടിയത്. ടി-20 ഫോര്‍മാറ്റിലെ ഏറ്റവും വലിയ ടീം ടോട്ടലാണിത്.

ക്യാപ്റ്റന്‍ രവി ബൊപ്പാരയുടെ വെടിക്കെട്ടാണ് സസക്‌സിനെ പടുകൂറ്റന്‍ ടോട്ടലിലെത്തിച്ചത്. 49 പന്ത് നേരിട്ട് 144 റണ്‍സാണ് ബൊപ്പാര സ്വന്തമാക്കിയത്. 293.87 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ ബൊപ്പാര 12 സിക്‌സറും 14 ബൗണ്ടറിയുമാണ് അടിച്ചുകൂട്ടിയത്.

ബൊപ്പാരക്ക് പുറമെ അര്‍ധ സെഞ്ച്വറി നേടിയ ടോം അല്‍സോപ്പും ജോര്‍ജ് ഗാര്‍ട്ടനും ടീം സ്‌കോറിങ്ങില്‍ നിര്‍ണമായകമായി. അല്‍സോപ് 27 പന്തില്‍ നിന്നും 55 റണ്‍സ് നേടിയപ്പോള്‍ ഗാര്‍ട്ടന്‍ 20 പന്തില്‍ നിന്നും 53 റണ്‍സടിച്ച് പുറത്തായി.

എക്‌സ്ട്രാസ് ഇനത്തില്‍ നിന്നും 22 റണ്‍സാണ് സസക്‌സ് ടോട്ടലില്‍ കയറിയത്. ഒടുവില്‍ 92ാം മിനിട്ടില്‍ കളിയവസാനിക്കുമ്പോള്‍ 16.20 എന്ന റണ്‍റേറ്റിലാണ് സസക്‌സ് ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്.

മിഡില്‍സെക്‌സിനായി ഇഷാന്‍ കൗശല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാക്‌സ് ഹാരിസ്, ഈഥന്‍ ബാംബെര്‍, സാം റോബ്‌സണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മിഡില്‍സെക്‌സ് ഇന്നിങ്‌സ് 15 ഓവറില്‍ അവസാനിച്ചു. 37 റണ്‍സ് നേടിയ സാം റോബ്‌സണാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

ബാറ്റിങ്ങിന് പുറമെ ബൗളിങ്ങിലും ക്യാപ്റ്റന്‍ രവി ബൊപ്പാര വിരുതുകാട്ടിയതോടെയാണ് സസക്‌സ് അനായാസ വിജയം പിടിച്ചെടുത്തത്. മൂന്ന് ഓവറില്‍ 32 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് ബൊപ്പാര വീഴ്ത്തിയത്.

ബൊപ്പാരക്ക് പുറമെ മൂന്ന് വിക്കറ്റുമായി ബ്രാഡ്‌ലീ കറിയും രണ്ട് വിക്കറ്റുമായി ജോര്‍ജ് കാര്‍ട്ടനും തിളങ്ങി. ജെയിംസ് കോള്‍സാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

ഈ വിജയത്തിന് പിന്നാലെ സൗത്ത് ഡിവിഷന്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് സസക്‌സ്. നാല് മത്സരത്തില്‍ നിന്നും ആറ് പോയിന്റാണ് സസക്‌സിനുള്ളത്.

അഞ്ച് മത്സരത്തില്‍ നിന്നും മൂന്ന് ജയവുമായി കെന്റ് സെക്കന്‍ഡ് ഇലവനാണ് പട്ടികയില്‍ ഒന്നാമത്. ആകെ കളിച്ച ഒരു മത്സരത്തില്‍ തോറ്റ മിഡില്‍സെക്‌സ് പട്ടികയില്‍ അവസാനക്കാരാണ്.

 

സൗത്ത് ഡിവിഷനില്‍ കെന്റ് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ സെന്‍ട്രല്‍ ഡിവിഷനില്‍ വാര്‍വിക്‌ഷെയര്‍ സെക്കന്‍ഡ് ഇലവനും നോര്‍ത്ത് ഡിവിഷനില്‍ യോര്‍ക്‌ഷെയര്‍ സെക്കന്‍ഡ് ഇലവനുമാണ് ഒന്നാം സ്ഥാനക്കാര്‍.

 

Content Highlight: Sussex second eleven beats Middlesex second eleven by 194 runs