'നിങ്ങളുടെ മകനെ പഠിപ്പിക്കൂ' കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിന്റെ പ്രതിഷേധത്തിന് പിന്തുണയുമായി സൂര്യകുമാർ യാദവ്
DSport
'നിങ്ങളുടെ മകനെ പഠിപ്പിക്കൂ' കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിന്റെ പ്രതിഷേധത്തിന് പിന്തുണയുമായി സൂര്യകുമാർ യാദവ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th August 2024, 7:29 pm

കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രാജ്യം മുഴുവന്‍ ഇപ്പോള്‍ പ്രതിഷേധത്തിലാണ്. ഇപ്പോൾ നടന്നുകൊണ്ടി രിക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടി-20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ‘നിങ്ങളുടെ മകനെ പഠിപ്പിക്കൂ’ എന്ന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്റ്റോറി ആക്കുകയായിരുന്നു സൂര്യകുമാര്‍ യാദവ്.

‘നിങ്ങളുടെ മകനെയും സഹോദരന്മാരെയും നിങ്ങളുടെ പിതാവിനെയും ഭര്‍ത്താവിനെയും സുഹൃത്തുക്കളെയും പഠിപ്പിക്കുക’, എന്നാണ് സൂര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

ഈ സംഭവത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് മുന്നോട്ടുവന്ന രണ്ടാമത്തെ  ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് സൂര്യ. ഇതിനുമുമ്പ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങായിരിരുന്നു വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നത്.

ഈ സംഭവത്തില്‍ വേഗത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസിനും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും കത്തെഴുതുകയായിരുന്നു ഹര്‍ഭജന്‍.

‘പശ്ചിമബംഗാള്‍ ഗവണ്‍മെന്റിനും സി.ബി.ഐക്കും ഇന്ത്യന്‍ സിറ്റിസണ്‍സ് ഓഫ് ഇന്ത്യക്കും’ എന്നെഴുതിയ കത്തിന്റെ പകര്‍പ്പ് ഹര്‍ഭജന്‍ തന്റെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലെ പി.ജി വിഭാഗം വനിതാ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിന് വിധേയയായി കൊല്ലപ്പെടുന്നത്.

കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വ്യത്യസ്ത മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് കൊല്‍ക്കത്തയില്‍ പ്രകടനം നടത്തിയിരുന്നു. പോസ്റ്ററുകളും വ്യത്യസ്ത പ്ലക്കാര്‍ഡുകളും ഉയര്‍ത്തിക്കൊണ്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അറിയിച്ചത്.

ശനിയാഴ്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ രാജ്യ വ്യാപകമായി സമരവും നടന്നിരുന്നു. ബംഗാള്‍ സര്‍ക്കാരിന് പുറമേ കേന്ദ്ര സര്‍ക്കാരിനെതിരെയും ഡോക്ടര്‍മാര്‍ പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.

ദല്‍ഹിയില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു മുമ്പില്‍ തലസ്ഥാനത്തെ ഡോക്ടര്‍മാര്‍ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധത്തില്‍ നൂറോളം ഡോക്ടര്‍മാരാണ് പങ്കെടുത്തത്.

 

Content Highlight:  Suryakumar Yadav Supports The Protest Against The Killing Of Woman Doctor In Kolkata