Sports News
സൂര്യകുമാറൊക്കെ ഇങ്ങനെ ഒരു റിയാക്ഷന്‍ ഇടണമെങ്കില്‍ എന്തായിരിക്കും അവിടെ സംഭവിച്ചത്? എല്ലാം അശ്വിന്റെ മിടുക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Feb 19, 06:39 am
Sunday, 19th February 2023, 12:09 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് വിജയ സാധ്യത തെളിയുന്നു. ഓസീസിനെ രണ്ടാം ഇന്നിങ്‌സില്‍ 113 റണ്‍സിന് പുറത്താക്കിയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിലും വിജയത്തിനായി കുതിക്കുന്നത്.

രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. ഒന്നാം ഇന്നിങ്‌സില്‍ നഥാന്‍ ലിയോണ്‍ എങ്ങനെ ഇന്ത്യയെ വരിഞ്ഞുമുറുക്കിയോ അതുപോലെ ജഡേജ കങ്കാരുക്കളെ തളര്‍ത്തിയിടുകയായിരുന്നു. ഉസ്മാന്‍ ഖവാജയുടെയും മാര്‍നസ് ലബുഷാന്റെയുമടക്കം ഏഴ് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

ഏഴ് വിക്കറ്റുമായി ജഡ്ഡു കൊടുങ്കാറ്റായപ്പോള്‍ അശ്വിന്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി.

സൂപ്പര്‍ താരം ട്രാവിസ് ഹെഡ്, ഫാബ് ഫോറിലെ കരുത്തന്‍ സ്റ്റീവ് സ്മിത്ത്, മാറ്റ് റെന്‍ഷോ എന്നിവരാണ് അശ്വിന് മുമ്പില്‍ വീണത്.

ഇതില്‍ മാറ്റ് റെന്‍ഷോയെ അശ്വിന്‍ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യന്‍ ഡഗ് ഔട്ടില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോയുമാണ് വൈറലാവുന്നത്. സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന്റെയും സഹതാരങ്ങളുടെയും റിയാക്ഷനാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ഓസീസ് ഇന്നിങ്‌സിന്റെ 23ാം ഓവറിലെ അവസാന പന്തിലായിരുന്നു വിക്കറ്റിന് മുമ്പില്‍ കുടുങ്ങി റെന്‍ഷോ പുറത്തായത്. അശ്വിന്റെ ഡെലിവെറിയില്‍ ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്യുകയും അമ്പയര്‍ ഔട്ട് വിളിക്കുകയായിരുന്നു.

എന്നാല്‍ അമ്പയറിന്റെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച റെന്‍ഷോ റിവ്യൂ എടുക്കുകയായിരുന്നു. എന്നാല്‍ അമ്പയറിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു റിവ്യൂവിലെ റിസള്‍ട്ടും. ഇതോടെ ഓസീസിന്റെ റിവ്യൂ നഷ്ടപ്പെടുകയും ചെയ്തു.

മാറ്റ് റെന്‍ഷോ പുറത്താവുകയും ഓസീസിന്റെ റിവ്യൂ നഷ്ടപ്പെടുകയും ചെയ്തതോടെയാണ് സൂര്യകുമാറും മറ്റ് താരങ്ങളും ഈ ഐക്കോണിക് റിയാക്ഷനിട്ടത്.

ഓസീസിനെ 113 റണ്‍സിന് പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചിരിക്കുകയാണ്. രണ്ടാം ടെസ്റ്റിലും കെ.എല്‍. രാഹുലിനെ നേരത്തെ തന്നെ ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു. ഒറ്റ റണ്‍സിനാണ് രാഹുല്‍ പുറത്തായത്.

മൂന്നാം ദിനസം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ 14 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 12 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഒരു റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.

 

Content Highlight: Suryakumar Yadav’s reaction goes viral after Ashwin dismiss Matt Renshaw