ഐ.പി.എല്ലില്‍ നിന്നും പുറത്ത്, പിന്നാലെ ഏറ്റവും വലിയ തിരിച്ചടിയും; മുംബൈയ്ക്കിത് നിര്‍ഭാഗ്യത്തിന്റെ സീസണ്‍
IPL
ഐ.പി.എല്ലില്‍ നിന്നും പുറത്ത്, പിന്നാലെ ഏറ്റവും വലിയ തിരിച്ചടിയും; മുംബൈയ്ക്കിത് നിര്‍ഭാഗ്യത്തിന്റെ സീസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 9th May 2022, 9:40 pm

ഐ.പി.എല്‍ 2022ല്‍ നിന്നും പുറത്തായതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിന് വീണ്ടും കനത്ത തിരിച്ചടി. സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായതോടെയാണ് മുംബൈ വീണ്ടും സങ്കടത്തിന്റെ ആഴക്കടലിലേക്ക് വീണത്.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലായിരുന്നു താരത്തിന്റെ കൈത്തണ്ടയില്‍ പരിക്കേല്‍ക്കുന്നത്. സൂര്യകുമാറിന് പകരമായി ടീം ഇതുവരെ റീപ്ലേസ്‌മെന്റിന് അപേക്ഷിച്ചിട്ടില്ല.

‘സൂര്യകുമാര്‍ യാദവിന്റെ ഇടതുകൈത്തണ്ടയ്ക്ക് പരിക്കേറ്റതിനാല്‍ താരം സീസണില്‍ നിന്നും പുറത്തായിരിക്കുകയാണ്. ബി.സി.സി.ഐയുടെ മെഡിക്കല്‍ ടീമുമായി കൂടിയാലോചിച്ച് താരത്തോട് വിശ്രമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്,’ മുംബൈ ഇന്ത്യന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഈ സീസണില്‍ മുംബൈയ്ക്കായി സ്ഥിരതയോടെ കളിച്ച ഏക താരമാണ് സൂര്യകുമാര്‍ യാദവ്. മുന്‍നിര ബാറ്റര്‍മാരും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഒന്നിന് പുറകെ ഒന്നായി എല്ലാ മത്സരത്തിലും പരാജയപ്പെടുമ്പോള്‍ സൂര്യകുമാറായിരുന്നു മുംബൈ ഇന്ത്യന്‍സിനെ നങ്കൂരമിട്ട് നിര്‍ത്തിയത്.

സീസണില്‍ 303 റണ്‍സാണ് താരം ടീമിന് വേണ്ടി അടിച്ചെടുത്തത്. 43.29 എന്ന ശരാശരിയിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

മൂന്ന് അര്‍ധസെഞ്ച്വറികള്‍ നേടിയ താരം, സീസണില്‍ ടീമിന്റെ രണ്ടാമത്തെ മികച്ച റണ്‍വേട്ടക്കാരന്‍ കൂടിയാണ്. വിരലിന് പരിക്കേറ്റതിന് പിന്നാലെ മുംബൈയുടെ ആദ്യ മത്സരങ്ങള്‍ സൂര്യകുമാറിന് നഷ്ടമായിരുന്നു. എന്നാല്‍ ടീമിലെത്തിയതുമുതല്‍ തന്നിലര്‍പ്പിച്ച വിശ്വാസം സൂര്യകുമാര്‍ കാത്തുകൊണ്ടേയിരുന്നു.

മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടുകൊണ്ടേയിരിക്കുമ്പോള്‍ സൂര്യകുമാറിന്റേതടക്കം ചുരുക്കം താരങ്ങളുടെ പ്രകടനമായിരുന്നു മുംബൈ ആരാധകര്‍ക്ക് ആശ്വാസമായിരുന്നത്.

ആദ്യത്തെ എട്ട് മത്സരത്തിലും തുടര്‍പരാജയം രുചിച്ചതോടെയാണ് മുംബൈ ഇന്ത്യന്‍സിന് ഈ സീസണ്‍ നിര്‍ഭാഗ്യത്തിന്റേതായി മാറിയത്. ഐ.പി.എല്‍ 2022ല്‍ നിന്നും ആദ്യം പുറത്താവുന്ന ടീം എന്ന അപമാനഭാരവും പേറിയാണ് മുംബൈ സീസണിനോട് വിടപറയുന്നത്.

 

Content Highlight: Suryakumar Yadav ruled out of IPL 2022