ഇന്ത്യയെ കിരീടം ചൂടിച്ചാണ് രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനത്ത് നിന്നും പിടിയിറങ്ങുന്നത്. ലോകകപ്പ് നേട്ടത്തോടെ തങ്ങളുടെ വന്‍മതിലിനെ യാത്രയാക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ടീമൊന്നാകെ.
2007 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും നാണംകെട്ട് മടങ്ങേണ്ടി വന്ന ക്യാപ്റ്റനില്‍ നിന്നും അതേ വെസ്റ്റ് ഇന്‍ഡീസ് മണ്ണില്‍ ഇന്ത്യയെ കിരീടം ചൂടിച്ച പരിശീലകനായിട്ടാണ് ദ്രാവിഡിന്റെ പടിയിറക്കം.
ഒരു പതിറ്റാണ്ടിലേറെയായി തുടര്‍ന്നുവന്ന കിരീടവരള്‍ച്ചയ്ക്ക് അന്ത്യമിട്ടാണ് ഇന്ത്യ 2024 ടി-20 ലോകകപ്പ് കിരീടമുയര്‍ത്തിയത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ടി-20 ലോകകപ്പില്‍ മുത്തമിടുന്നത്.
2007ലാണ് ഇന്ത്യ ആദ്യമായി കുട്ടിക്രിക്കറ്റിന്റെ രാജാക്കന്‍മാരായത്. ഇതോടെ ടി-20 ലോകകപ്പില്‍ ഒന്നിലധികം തവണ കിരീടം ചൂടുന്ന മൂന്നാമത് ടീം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടുമാണ് മറ്റ് രണ്ട് ടീമുകള്‍.
സമ്മാനദാന ചടങ്ങിനിടെ ദ്രാവിഡ് ട്രോഫി കയ്യിലെടുത്ത് ആവേശത്തോടെ ആര്‍ത്തുവിളിച്ചിരുന്നു. സ്വതവേ ശാന്തനും സൗമ്യനുമായ ദ്രാവിഡിനെ ഇത്തരത്തില്‍ ആദ്യമായാണ് പല ആരാധകരും കണ്ടത്. ഈ കിരീടം അദ്ദേഹം അത്രത്തോളം ആഗ്രഹിച്ചിരുന്നുവെന്നാണ് ഈ സന്തോഷപ്രകടനം വ്യക്തമാക്കുന്നത്.
ഈ നിമിഷത്തെ കുറിച്ച് സംസാരിക്കുകയാണ് സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ്.
‘അദ്ദേഹം ട്രോഫി കയ്യിലെടുത്ത് സന്തോഷത്തോടെ ആര്‍ത്തുവിളിച്ച, തന്റെ സന്തോഷം ഒന്നടങ്കം പ്രകടിപ്പിച്ച ആ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പ് ജീവിതകാലം മുഴുവന്‍ സൂക്ഷിച്ചുവെക്കുമെന്നാണ് ഞാന്‍ കരുതുന്നത്,’ എക്‌സ്പ്രസ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സൂര്യകുമാര്‍ പറഞ്ഞു.
2023 ലോകകപ്പ് പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചിരുന്നതായും സൂര്യകുമാര്‍ യാദവ് പറഞ്ഞു. എന്നാല്‍ രോഹിത് ശര്‍മയും ജയ് ഷായുമാണ് അദ്ദേഹത്തെ ആ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചതെന്നും സ്‌കൈ കൂട്ടിച്ചേര്‍ത്തു.
‘അവസാനം അദ്ദേഹം രോഹിത് ശര്‍മയോട്,’നവംബറിലെ ആ ഫോണ്‍ കോളിന് ഏറെ നന്ദി എന്ന് പറഞ്ഞു,’ കാരണം 50 ഓവര്‍ ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ അദ്ദേഹം തുടരാന്‍ താത്പര്യപ്പെട്ടിരുന്നില്ല. എന്നാല്‍ രോഹിത് ശര്‍മയും ജയ് ഷായും അദ്ദേഹത്തോട് തുടരാന്‍ ആവശ്യപ്പെടുയായിരുന്നു,’ സൂര്യകുമാര്‍ പറഞ്ഞു.
തന്റെ കരിയറില്‍ രാഹുല്‍ ദ്രാവിഡ് തന്നെ ഏറെ സംരക്ഷിച്ചിരുന്നുവെന്നും സ്‌കൈ വ്യക്തമാക്കി.