കാനഡയിൽ ഖലിസ്ഥാൻ വാദികൾ അഭയം തേടുന്നതായി 1980കളിൽ സുർജീത് മുന്നറിയിപ്പ് നൽകിയിരുന്നു; പുസ്തകത്തിൽ വെളിപ്പെടുത്തലുമായി ബൃന്ദ കാരാട്ട്
national news
കാനഡയിൽ ഖലിസ്ഥാൻ വാദികൾ അഭയം തേടുന്നതായി 1980കളിൽ സുർജീത് മുന്നറിയിപ്പ് നൽകിയിരുന്നു; പുസ്തകത്തിൽ വെളിപ്പെടുത്തലുമായി ബൃന്ദ കാരാട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th January 2024, 10:07 am

ന്യൂദൽഹി: കാനഡയിൽ ധാരാളം ഖലിസ്ഥാൻ വാദി നേതാക്കൾ അഭയം തേടിയതായി 1980കളിൽ സി.പി.ഐ.എം നേതാവ് ഹർകിഷൻ സിങ് സുർജീത് ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് ബൃന്ദ കാരാട്ട്. 1975 മുതൽ 1985 വരെയുള്ള ബൃന്ദയുടെ പത്ത് വർഷത്തെ അനുഭവങ്ങൾ ഉൾപ്പെടുന്ന ആൻ എജുക്കേഷൻ ഫോർ റിത എന്ന പുസ്തകത്തിലാണ് പരാമർശമുള്ളത്.

ഖലിസ്ഥാൻ വാദി നേതാക്കളുടെ കാര്യത്തിൽ കോൺഗ്രസ്‌ നടത്തിയ രാഷ്ട്രീയ ഇടപെടലിനെ പാർട്ടി താക്കീത് ചെയ്തിരുന്നുവെന്നും പഞ്ചാബിൽ ശിരോമണി അകാലി ദളിനെതിരെ പൊരുതാൻ കോൺഗ്രസ്‌ ഖലിസ്ഥാനികളെ പ്രയോജനപ്പെടുത്തുകയായിരുന്നു എന്നും ബൃന്ദ തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്.

സുരക്ഷാസേനയുടെ അടിച്ചമർത്തൽ നടപടികൾക്ക് പകരം ഖലിസ്ഥാനികളെ രാഷ്ട്രീയപരമായി ഒറ്റപ്പെടുത്തേണ്ട പ്രാധാന്യത്തെക്കുറിച്ച് തങ്ങൾ അന്ന് ചൂണ്ടിക്കാണിച്ചിരുന്നുവെന്നും ബൃന്ദ പറയുന്നു.

ഇന്ത്യ ഒരു ദുരന്തത്തിലേക്ക് നീങ്ങുകയാണെന്ന് സുർജീത് തിരിച്ചറിഞ്ഞിരുന്നുവെന്ന് അദ്ദേഹം നടത്തിയ ഇടപെടലുകളിൽ നിന്ന് മനസിലാക്കാമെന്ന് ബൃന്ദ പറയുന്നു.

ആർ.എസ്.എസ് പിന്തുണയിൽ ഹിന്ദു സുരക്ഷാസമിതി എന്ന സംഘടന വർഗീയ വികാരം ആളിക്കത്തിക്കുന്നതിനെക്കുറിച്ചും സുർജീത് മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് ബൃന്ദ പുസ്തകത്തിൽ പറയുന്നുണ്ട്.

അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ ഇരച്ചുകയറിയ ആർമി ജർനയ്ൽ സിങ് ബിന്ദ്രാവാലെ ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടന്നപ്പോഴും ഗുർദാസ്പൂരിൽ ഹിന്ദുക്കളെ ബസിൽ നിന്ന് പുറത്തിറക്കി കൊലപ്പെടുത്തിയപ്പോഴും സമാധാനം പുനസ്ഥാപിക്കാൻ സി.പി.ഐ.എം നടത്തിയ ശ്രമങ്ങളെ കുറിച്ചും പുസ്തകത്തിൽ പറയുന്നുണ്ട്.

അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയെ അവരുടെ സിഖ് അംഗരക്ഷകൻ കൊലപ്പെടുത്തിയതിനെ തുടർന്നുണ്ടായ സംഘർഷങ്ങൾ തടയുവാനും സി.പി.ഐ.എം ഇടപെടലുകൾ നടത്തിയിരുന്നുവെന്ന് ബൃന്ദ പറയുന്നു.

Content Highlight: Surjeet had flagged Canada offering shelter to Khalistan leaders in ’80s, writes Brinda Karat in her memoir