തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് സൂര്യ. 27 വര്‍ഷത്തെ സിനിമജീവിതത്തില്‍ താരം പകര്‍ന്നാടാത്ത വേഷങ്ങളില്ല. ആദ്യകാലങ്ങളില്‍ അഭിനയം മോശമാണെന്ന് വിമര്‍ശനം കേള്‍ക്കേണ്ടി വന്ന സൂര്യ അതിനെയെല്ലാം സധൈര്യം നേരിട്ടു. സൂരറൈ പോട്ര് എന്ന സിനിമയിലെ പ്രകടനത്തിന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കാനും സൂര്യക്ക് സാധിച്ചു. ബോക്‌സ് ഓഫീസ് പവറും അഭിനയവും ഒരുപോലെ ബാലന്‍സ് ചെയ്തുകൊണ്ടുപോകുന്ന ചുരുക്കം തമിഴ് നടന്മാരില്‍ ഒരാളാണ് സൂര്യ.
സൂര്യയുടെ കരിയറില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട കഥപാത്രമാണ് റോളക്‌സ്. കമല്‍ ഹാസന്‍ നായകനായ ചിത്രത്തില്‍ അവസാന അഞ്ച് മിനിറ്റ് മാത്രമാണ് സൂര്യ പ്രത്യക്ഷപ്പെട്ടത്. കരിയറില്‍ ഇന്നേവരെ കാണാത്ത നെഗറ്റീവ് ഷേഡില്‍ വന്ന് സൂര്യ ഞെട്ടിച്ചു. ആ അഞ്ച് മിനിറ്റ് കഥാപാത്രം തിയേറ്ററില്‍ എല്ലാവരും ആഘോഷിച്ചു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ വരും ചിത്രങ്ങളില്‍ റോളക്‌സ് പ്രത്യക്ഷപ്പെടാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.
ആ ചിത്രത്തിലേക്ക് താന്‍ ഏറ്റവുമൊടുവിലാണ് എത്തിയതെന്നും സെറ്റിലെത്തിയപ്പോഴാണ് തനിക്ക് സ്‌ക്രിപ്റ്റ് ലഭിച്ചതെന്നും സൂര്യ പറഞ്ഞു. ലോകേഷ് തന്നോട് വില്ലന്‍ കഥാപാത്രമെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂവെന്നും ഷൂട്ടിന് ചെന്നപ്പോഴാണ് എങ്ങനെയുള്ള വില്ലനാണെന്ന് ലോകേഷ് വിശദീകരിച്ചതെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. 20 വര്‍ഷമായി പുകവലിക്കാത്ത താന്‍ ആ കഥാപാത്രത്തിന് വേണ്ടി പുകവലി വീണ്ടും ആരംഭിച്ചുവെന്നും സൂര്യ പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു സൂര്യ.
‘റോളക്‌സ് എന്ന കഥാപാത്രം യാതൊരു ഐഡിയയും ഇല്ലാതെ പോയി ചെയ്ത സിനിമയാണ്. ലോകേഷ് എന്നെ വിളിച്ച് ഇങ്ങനെയൊരു പരിപാടിയുണ്ടെന്ന് മാത്രമേ പറഞ്ഞുള്ളൂ. കമല്‍ സാര്‍, ഫഹദ്, വിജയ് സേതുപതി എന്നിവര്‍ക്ക് ശേഷം ഏറ്റവുമൊടുവിലാണ് ഞാന്‍ ജോയിന്‍ ചെയ്തത്. ഷൂട്ടിനായി സെറ്റിലെത്തിയപ്പോഴാണ് എനിക്ക് സ്‌ക്രിപ്റ്റ് തന്നത്. വെറും അരദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓരോ കാര്യവും ആ സമയത്ത് ഇംപ്രൊവൈസ് ചെയ്ത് എടുത്തതാണ്.
വില്ലന്‍ കഥാപാത്രമാണെന്ന് ആദ്യമേ എന്നോട് പറഞ്ഞിരുന്നു. പക്ഷേ എങ്ങനെയുള്ള വില്ലനാണെന്ന് പറഞ്ഞിരുന്നില്ല. ആ ക്യാരക്ടര്‍ സ്‌മോക്ക് ചെയ്താല്‍ നന്നായിരിക്കുമെന്ന് ലോകേഷ് പറഞ്ഞു. 20 വര്‍ഷമായി ഞാന്‍ സ്‌മോക്ക് ചെയ്തിട്ട്. ഞാന്‍ സൂര്യയാണ്, പുകവലിക്കാന്‍ പറ്റില്ല എന്നൊന്നും പറയാന്‍ പറ്റില്ല. ആ കഥാപാത്രം ഡിമാന്‍ഡ് ചെയ്യുന്നതുകൊണ്ട് ആ സീനില്‍ സ്‌മോക്ക് ചെയ്തു. ആ സെറ്റിലേക്ക് കമല്‍ സാര്‍ വരുന്നുണ്ടെന്ന് ആരോ പറഞ്ഞിരുന്നു, അദ്ദേഹം വരുന്നതിന് മുമ്പ് ഷൂട്ട് തീര്‍ക്കണമെന്നായിരുന്നു എന്റെ ലക്ഷ്യം,’ സൂര്യ പറഞ്ഞു.
Content Highlight: Suriya shares the shooting experience of Rolex character in Vikram movie