Sports News
അവന് വിക്കറ്റ് എടുക്കാനുള്ള മികച്ച കഴിവുണ്ട്: ഇഷ്ട സ്പിന്നറെ തെരഞ്ഞെടുത്ത് സുരേഷ് റെയ്‌ന
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 11, 07:13 am
Tuesday, 11th February 2025, 12:43 pm

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ബരാബതി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 33 പന്ത് അവശേഷിക്കെ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഇംഗ്ലണ്ട് നേടിയ 304 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് നേടി മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇംഗ്ലണ്ടിനെതിരെയുള്ള ടി-20യില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വരുണ്‍ ചക്രവര്‍ത്തിയെയാണ് പകരം ഉള്‍പ്പെടുത്തിയത്. തന്റെ അരങ്ങേറ്റ മത്സരത്തില്‍ 54 റണ്‍സ് വിട്ടുകൊടുത്ത് വരുണ്‍ ഒരു വിക്കറ്റാണ് നേടിയത്. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ കുല്‍ദീപ് ഇറങ്ങിയപ്പോള്‍ 53 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയിരുന്നു.

ഇപ്പോള്‍ ഇരുവരിലും ആരെയാണ് ഇഷ്ടമെന്ന് തുറന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ഏകദിനത്തില്‍ മികച്ച പരിജയമുള്ള കുല്‍ദീപ് യാദവിനെയാണ് റെയ്‌ന തെരഞ്ഞെടുത്തത്.

‘കുല്‍ദീപ് യാദവിന് വിക്കറ്റ് എടുക്കാനുള്ള മികച്ച  കഴിവുമുണ്ട്. 2019ലെ ഏകദിന ലോകകപ്പില്‍ ബാബര്‍ അസമിനെ അവന്‍ മനോഹരമായി ക്ലീന്‍ ബൗള്‍ഡ് ചെയ്തു. വലിയ മത്സരങ്ങളില്‍ അവന് പരിചയമുണ്ട്. നാല് ഓവര്‍ മാത്രം എറിയുന്ന ടി-20യില്‍ വരുണ്‍ വിജയിച്ചപ്പോള്‍ 10 ഓവര്‍ എറിയുന്നത് വ്യത്യസ്തമായ ജോലിയാണ്. വരുണിനേക്കാള്‍ കുല്‍ദീപിനെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്,’ സുരേഷ് റെയ്‌ന പറഞ്ഞു.

ഏകദിനത്തില്‍ കുല്‍ദീപ് 107 മത്സരങ്ങളിലെ 104 ഇന്നിങ്‌സില്‍ നിന്ന് 173 വിക്കറ്റുകളാണ് നേടിയത്. ചാമ്പ്യന്‍സ് ട്രോഫി മുന്നിലുള്ളപ്പോള്‍ താരത്തിന് കൂടുതല്‍ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരയിലെ അവസാന മത്സരം ഫെബ്രുവരി 12ന് അഹമ്മദാബാദിലാണ് നടക്കുന്നത്.

 

Content Highlight: Suresh Raina Talking About Kuldeep Yadav