Entertainment
ആ നടന്‍ സിനിമയിലെ എന്റെ നല്ലൊരു സുഹൃത്ത്‌; ഒട്ടുമിക്ക സൗഹൃദങ്ങളെല്ലാം ഒരു ചിത്രം കഴിയുമ്പോള്‍ അവിടെ തീരും: സുരേഷ് കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 01, 02:29 pm
Wednesday, 1st January 2025, 7:59 pm

സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ സുരേഷ് കൃഷ്ണ. സിനിമക്ക് അകത്തുള്ള തന്റെ നല്ല സുഹൃത്താണ് ബിജു മേനോന്‍ എന്ന് സുരേഷ് കൃഷ്ണ പറഞ്ഞു. സിനിമയിലുള്ള ഒട്ടുമിക്ക സൗഹൃദങ്ങളെല്ലാം തന്നെ ആ സിനിമ കഴിയുമ്പോള്‍ അവിടെ കഴിയുമെന്നും വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് സിനിമക്ക് ശേഷവും മെസ്സേജ് അയക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ സൗഹൃദം കുറയാനുള്ള കാരണം മറ്റ് തൊഴിലിടങ്ങളിലെ പോലെ ഒരേ സ്ഥലത്ത് തന്നെ അല്ലെന്നും നേരിട്ട് കണ്ട് മുട്ടുന്ന അവസരങ്ങള്‍ വളരെ വിരളമാണെന്നും സുരേഷ് കൃഷ്ണ വ്യക്തമാക്കി. മനോരമ ന്യൂസ് നേരെ ചൊവ്വയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമക്ക് പുറത്തുള്ള എന്റെ നല്ലൊരു സുഹൃത്താണ് ബിജു മേനോന്‍. എന്നാല്‍ സിനിമക്ക് അകത്തുള്ള സുഹൃത്തുക്കളെല്ലാം മോശം ആണ് എന്നതിന് അര്‍ത്ഥമില്ല. സിനിമയിലുള്ള ഒട്ടുമിക്ക സൗഹൃദങ്ങളെല്ലാം തന്നെ ആ സിനിമ കഴിയുമ്പോള്‍ അവിടെ കഴിയും, തീരും. വളരെ ചുരുക്കം ഒന്ന് രണ്ട് പേര് മാത്രമായിരിക്കും അതിന് ശേഷം സുഖമാണോ, അടുത്ത സിനിമ തുടങ്ങിയോ എന്നെല്ലാം ചോദിച്ച് മെസേജ് അയക്കുന്നത്.

ബാക്കിയെല്ലാവരും സിനിമയുടെ സെറ്റില്‍ നല്ല കമ്പനി ആയിരിക്കും. അത് കഴിഞ്ഞ് അടുത്ത സിനിമയിലേക്ക് ഞാനും പോകും മറ്റൊരു ചിത്രത്തിലേക്ക് അയാളും പോകും. ബിജു മേനോനെ പോലെയുള്ള വളരെ ചുരുക്കം ചില ആളുകള്‍ മാത്രമാണ് സിനിമ അല്ലാതെ പുറത്ത് കണ്ടുമുട്ടുന്നതും സംസാരിക്കുന്നതുമെല്ലാം.

സിനിമയില്‍ ഇങ്ങനെ സൗഹൃദം കുറയാനുള്ള കാരണം മറ്റ് തൊഴിലിടങ്ങളിലെ പോലെ ഒരേ സ്ഥലത്ത് തന്നെ നടക്കുന്നില്ല എന്നത് തന്നെയാണ്. ഞാന്‍ ഇപ്പോള്‍ ഇന്ന് ഇവിടെ ആണെങ്കില്‍ നാളെ കോഴിക്കോട് ആയിരിക്കാം മറ്റന്നാള്‍ ഊട്ടിയില്‍ ആയിരിക്കാം.

നേരിട്ട് കണ്ട് മുട്ടുന്ന അവസരങ്ങള്‍ വളരെ വിരളമാണ്. എറണാകുളത്ത് താമസിക്കുന്നവരെങ്കില്‍ ഇടയ്ക്ക് എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടിയെന്ന വരാം,’ സുരേഷ് കൃഷ്ണ പറയുന്നു.

Content Highlight: Suresh Krishna Talks About Friendship In Film Industry