Entertainment
ഞാന്‍ മമ്മൂക്ക വളരെ ഇമോഷണലാകുന്നത് കണ്ടിട്ടുണ്ട്; വീട്ടിലെ ചേട്ടനെ പോലെയാണ് ഇക്ക ശാസിക്കുന്നത്: സുരേഷ് കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 11, 03:45 pm
Thursday, 11th July 2024, 9:15 pm

താന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമെന്നോ അദ്ദേഹവുമായി സൗഹൃദത്തിലാകുമെന്നോ ചിന്തിച്ചിരുന്നില്ലെന്ന് പറയുകയാണ് സുരേഷ് കൃഷ്ണ. തന്നോട് അദ്ദേഹം ഇതുവരെ ദേഷ്യപ്പെട്ടിട്ടില്ലെന്നും ചില കാര്യങ്ങളില്‍ അദ്ദേഹം ശാസിക്കാറുണ്ടെന്നും താരം പറയുന്നു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയായിരുന്നു സുരേഷ് കൃഷ്ണ.

‘ഞാന്‍ ഒരിക്കല്‍ പോലും മമ്മൂക്കയുടെ കൂടെ അഭിനയിക്കുമെന്നോ അദ്ദേഹവുമായി സൗഹൃദത്തിലാകുമെന്നോ ചിന്തിച്ചിരുന്നില്ല. ആ കാര്യം ഞാന്‍ മമ്മൂക്കയോടും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തോടുള്ള ആരാധന എനിക്ക് ഇന്നുമുണ്ട്. മമ്മൂക്ക പെട്ടെന്ന് ദേഷ്യപ്പെടുന്നത് പലരും കണ്ടിട്ടുണ്ട്. പക്ഷെ അദ്ദേഹം അടുത്ത അഞ്ച് മിനിട്ടില്‍ തന്നെ ശാന്തനാകും. ലൊക്കേഷനില്‍ മൂഡോഫാകുന്ന മമ്മൂക്കയെ ഞാന്‍ കണ്ടിട്ടുണ്ട്.

എന്നാല്‍ എന്നോട് അദ്ദേഹം ഇതുവരെ ദേഷ്യപ്പെട്ടിട്ടില്ല. കാരണം ഞാന്‍ അദ്ദേഹത്തിന് മുന്നില്‍ വെച്ച് തെറ്റൊന്നും ചെയ്തിട്ടില്ല. പിന്നെ ചില കാര്യങ്ങളില്‍ നമ്മളെ അദ്ദേഹം ശാസിക്കാറുണ്ട്. നമ്മുടെ വീട്ടിലെ ചേട്ടന്‍ നമ്മളെ ശാസിക്കുന്നത് എങ്ങനെയാണോ അത്തരത്തിലാണ് ആ ശാസന. അത് അഞ്ച് മിനിട്ടില്‍ തന്നെ തീരും. അദ്ദേഹത്തിന് ഇഷ്ടമുള്ളവരോട് മാത്രമാണ് അദ്ദേഹം അങ്ങനെ ചെയ്യുന്നത്.

പക്ഷെ മമ്മൂക്ക വളരെ ഇമോഷണലാണ്. എല്ലാവരും പറയാറുള്ളത് അദ്ദേഹത്തിന് ജാഡയാണ്, അഹങ്കാരമാണ് എന്നൊക്കെയാണ്. എന്നാല്‍ ഞാന്‍ ഇക്കയെ വളരെ ഇമോഷണലായി കണ്ടിട്ടുണ്ട്. അദ്ദേഹം വളരെ പെട്ടെന്ന് ഇമോഷണലാകും. പെട്ടെന്ന് കണ്ണ് നിറഞ്ഞ് വെള്ളം വരും. പക്ഷെ അത് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയാല്‍ അദ്ദേഹം എല്ലാവരും കണ്ടിട്ടുള്ള മമ്മൂട്ടിയായി മാറും. അകത്ത് വളരെ കുഞ്ഞ് മനസാണ്,’ സുരേഷ് കൃഷ്ണ പറഞ്ഞു.


Content Highlight: Suresh Krishna Says Mammootty Is A Very Emotional Person