തല പെരുത്തിരിക്കുന്ന സമയത്താണ് മൂസയുടെ കഥയുമായി വരുന്നത്, 15 മിനിട്ടായപ്പോള്‍ നിര്‍ത്താന്‍ പറഞ്ഞു: സുരേഷ് ഗോപി
Film News
തല പെരുത്തിരിക്കുന്ന സമയത്താണ് മൂസയുടെ കഥയുമായി വരുന്നത്, 15 മിനിട്ടായപ്പോള്‍ നിര്‍ത്താന്‍ പറഞ്ഞു: സുരേഷ് ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd November 2022, 7:57 pm

ഒരു സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നതിന് മുമ്പേയുള്ള നീണ്ട പ്രക്രിയയെ പറ്റി പറയുകയാണ് സുരേഷ് ഗോപി. കഥയും സ്‌ക്രിപ്റ്റും കേട്ട് ആലോചിച്ചുറപ്പിച്ച ശേഷമേ ഒരു സിനിമക്ക് യെസ് പറയുകയുള്ളൂവെന്ന് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞു.

‘സാധാരണ ഞാന്‍ സ്‌ക്രിപ്റ്റിനെ പറ്റി ചോദിക്കത്തേയില്ല. അര മണിക്കൂറോ ഒരു മണിക്കൂറോ എടുത്ത് കഥ കേള്‍ക്കും. കഥ കേട്ടുകഴിഞ്ഞാല്‍ പിന്നെ ഒരു കൂളിങ് പിരിയഡുണ്ട്. മെയ്‌നായിട്ടും ഷവറിനടിയില്‍ നില്‍ക്കുമ്പോഴാണ് ഇതിന് പിന്നില്‍ എന്തൊക്കെയുണ്ട് അതിന്റെ സാധ്യതകള്‍ എനിക്കെന്താണ് ചലഞ്ചിങ്ങായിട്ട് വരുന്നത് എന്നൊക്കെ ആലോചിക്കുന്നത്. ആലോചിച്ച് കഴിഞ്ഞാണ് ഒരാഴ്ചയോ രണ്ടാഴ്ചയോ കഴിയുമ്പോള്‍ കഥ പറഞ്ഞ ആളോട് സ്‌ക്രിപ്റ്റ് എഴുതിയോ എന്ന് ചോദിക്കുക. എഴുതിയില്ലെങ്കില്‍ സ്‌ക്രിപ്റ്റ് എഴുത് വായിച്ചിട്ട് ഞാന്‍ പറയാം എന്ന് പറയും.

ഇനി സ്‌ക്രിപ്റ്റ് എഴുതിയതാണെങ്കില്‍ മൂന്നോ നാലോ മണിക്കൂര്‍, ചിലപ്പോള്‍ ആറ് മണിക്കൂര്‍ എടുത്ത് സ്‌ക്രിപ്റ്റ് വായിക്കും. അതില്‍ താല്‍പര്യം വന്നാല്‍ എപ്പോള്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്, ആരൊക്കെയാണ് വേണ്ടത്, അവരെയൊക്കെ എന്ന് കിട്ടും, അങ്ങനെ ചോദിച്ച് ആ വഴിക്ക് അത് പ്രൊഡക്ഷനായി മാറും. അങ്ങനെയാണ് സാധാരണ ചെയ്യുന്നത്.

പക്ഷേ ഇത് ഞാന്‍ നാട്ടുകാരുടെ മൊത്തം വിഷയങ്ങള്‍ക്ക് എന്റെ തല പൊട്ടിച്ചോണ്ടിരിക്കുന്ന സമയമാണ്. ആ സമയത്താണ് ഇവരെല്ലാവരും കൂടി രാത്രി പത്ത് മണിക്ക് കേറി വരുന്നത്. കഥ പറഞ്ഞ് 15 മിനിട്ടായപ്പോള്‍ നിര്‍ത്താന്‍ പറഞ്ഞു. എഴുതിയോ ചോദിച്ചപ്പോള്‍ എഴുതിയിട്ടുണ്ട്, സ്‌ക്രിപ്റ്റും കയ്യിലുണ്ട്. അത് വായിച്ചു തുടങ്ങാന്‍ പറഞ്ഞു. ഈ ഒരു സീസണില്‍ അങ്ങനെ പറഞ്ഞിട്ടില്ല.

വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ കഥയുമായി അനൂപ് വന്നപ്പോഴും ചെയ്യാമെന്ന് അങ്ങ് സമ്മതിച്ചു. കാവലിന്റെ കഥ വന്നപ്പോഴും സ്‌ക്രിപ്റ്റ് ആക്കി കൊണ്ടുവരാന്‍ പറഞ്ഞു. പാപ്പന്റെ കഥ അര മണിക്കൂര്‍ കൊണ്ട് പറഞ്ഞു. സ്‌ക്രിപ്റ്റുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്ന് പറഞ്ഞു. മൂന്നര മണിക്കൂര്‍ കൊണ്ട് വായിച്ചുതീര്‍ത്തു. അവരോട് ഒന്നും പറഞ്ഞില്ല. ജോഷിയേട്ടന് വിളിച്ച് എപ്പോഴത്തേക്കാണ് ചെയ്യുന്നതെന്ന് ചോദിച്ചു. അങ്ങനെയാണ് ഇതിന്റെ ഹിസ്റ്റീരിയോഗ്രഫി.

കഥ മുഴുവന്‍ കേട്ടപ്പോള്‍ എന്തായാലും ചെയ്യാമെന്ന് പറഞ്ഞു. അന്ന് പ്രൊഡ്യൂസറുണ്ടായിരുന്നില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പ്രൊഡ്യൂസറുമായി വന്നു. ഒരു ആറുവര്‍ഷം എന്നെ ചവിട്ടിത്തേച്ച കാലഘട്ടം ഉണ്ടായിരുന്നല്ലോ, അത് മനസില്‍ വെച്ച് വേറെ ആരെയോ ഇതിലേക്ക് കൊണ്ടുവരണം എന്ന് അദ്ദേഹം പറഞ്ഞു. ജിബുവിന് ഇതുപോലത്തെ അനുഭവം വെള്ളിമൂങ്ങയിലും ഉണ്ടായിട്ടുണ്ട്. അത് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല എന്ന് ജിബു പറഞ്ഞു. പിന്നെ അയാളെ ഒഴിവാക്കി, വേറെ ഒരാള്‍ വന്നു,’ സുരേഷ് ഗോപി പറഞ്ഞു.

Content Highlight: Suresh Gopi talks about the long process before deciding to do a film