Entertainment news
സിനിമയില്‍ കാണുന്നത് പോലെയല്ല ഇക്കാര്യത്തില്‍ പൃഥ്വി, അത് പെണ്‍കുട്ടികളോട് ഒന്ന് പറഞ്ഞേക്കണേ: സുപ്രിയ മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 07, 06:46 am
Wednesday, 7th December 2022, 12:16 pm

മലയാള സിനിമയിലെ മുന്‍നിര നിര്‍മാതാക്കളിലൊരാളാണ് നടന്‍ പൃഥ്വിരാജിന്റെ ഭാര്യ കൂടിയായ സുപ്രിയ മേനോന്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഇവര്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്നത്.

മുമ്പ് മാധ്യമപ്രവര്‍ത്തകയായി പ്രവര്‍ത്തിച്ചിരുന്ന സുപ്രിയ പൃഥ്വിരാജുമായുള്ള വിവാഹശേഷമാണ് സിനിമാ നിര്‍മാണ രംഗത്തേക്ക് പ്രവേശിച്ചത്.

ഒരു പിറന്നാള്‍ ദിവസം പൃഥ്വിരാജിന് കൊടുത്ത സര്‍പ്രൈസിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ സുപ്രിയ മേനോന്‍. സിനിമയില്‍ കാണുന്നത് പോലെ അത്ര റൊമാന്റിക്കല്ല പൃഥ്വിരാജെന്നും സുപ്രിയ പറയുന്നു.

പൃഥ്വിരാജിന്റെ മുപ്പതാം പിറന്നാളിന് ഒരു പഴയകാല സുഹൃത്തിനെ വീട്ടിലെത്തിച്ചതിന്റെ കഥയാണ് വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ സുപ്രിയ പറയുന്നത്.

”പൃഥ്വിയുടെ മുപ്പതാം പിറന്നാളിനായിരുന്നു അത്. ഓസ്‌ട്രേലിയന്‍ പഠനകാലത്ത് റൂംമേറ്റും ചങ്ങാതിയുമായിരുന്ന ചൂങ് വിയെ കുറിച്ച് പ്രണയകാലത്ത് എപ്പോഴോ പൃഥ്വി പറഞ്ഞിരുന്നു.

അങ്ങനെ അവന്‍ എവിടെയെന്ന് തപ്പിയെടുത്തു. വിളിച്ച് കൊണ്ടുവന്നു. രാവിലെ കോളിങ് ബെല്‍ കേട്ട് പൃഥ്വി ചെന്ന് വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ ചൂങ് വി.

ഇപ്പോള്‍ പിറന്നാളുകളില്‍ പലപ്പോഴും രണ്ട് സ്ഥലത്തായിരിക്കും. അതുകൊണ്ട് സര്‍പ്രൈസുകളൊന്നുമില്ല.

ഒരു പിറന്നാളിന് പൃഥ്വി ജോര്‍ദാനില്‍ മരുഭൂമിക്ക് നടുവിലായിരുന്നു. എങ്കിലും പൂക്കളും ചോക്ലേറ്റും ഞാന്‍ അവിടെ എത്തിച്ചു.

ഞാനാണ് കൂടുതല്‍ റൊമാന്റിക് എന്ന് തോന്നാറുണ്ട്. അതുകൊണ്ട് സര്‍പ്രൈസ് പ്ലാന്‍ ചെയ്യുന്നതും ഞാനാണ്. സിനിമയില്‍ കാണുന്നത് പോലെ അത്ര റൊമാന്റിക് ഒന്നുമല്ല പൃഥ്വി ജീവിതത്തിലെന്ന് പെണ്‍കുട്ടികളോട് ഒന്ന് പറഞ്ഞേക്കണേ,” സുപ്രിയ മേനോന്‍ പറഞ്ഞു.

ഡ്രൈവിങ് ലൈസന്‍സ്, കുരുതി, ജന ഗണ മന, കടുവ, ഗോള്‍ഡ് എന്നീ നിരവധി ചിത്രങ്ങള്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മലയാളത്തില്‍ റിലീസ് ചെയ്തിട്ടുണ്ട്.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അദ്ദേഹം തന്നെ നായകനായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Content Highlight: supriya menon talks about Prithviraj and the birthday surprise she gave to him