പൃഥ്വിയെ വിളിച്ച ആ ഫോണ്‍കോളാണ് ജീവിതം മാറ്റിമറിച്ചത്; പക്ഷെ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷിനെ പോലെയായിരുന്നു അന്ന്: സുപ്രിയ മേനോന്‍
Entertainment news
പൃഥ്വിയെ വിളിച്ച ആ ഫോണ്‍കോളാണ് ജീവിതം മാറ്റിമറിച്ചത്; പക്ഷെ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷിനെ പോലെയായിരുന്നു അന്ന്: സുപ്രിയ മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th December 2022, 1:10 pm

ഡ്രൈവിങ് ലൈസന്‍സ്, കുരുതി, ജന ഗണ മന, കടുവ, ഗോള്‍ഡ് എന്നീ നിരവധി ചിത്രങ്ങള്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മലയാളത്തില്‍ റിലീസ് ചെയ്തിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയ മേനോനും ഇപ്പോള്‍ നിര്‍മാണരംഗത്ത് പങ്കാളിയായുണ്ട്.

മുമ്പ് മാധ്യമപ്രവര്‍ത്തകയായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പൃഥ്വിരാജുമായി സൗഹൃദത്തിലായതിനെ കുറിച്ചും പിന്നീട് അത് വിവാഹത്തിലെത്തിയതിനെ കുറിച്ചും സംസാരിക്കുകയാണ് വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ സുപ്രിയ.

താരം എന്ന രീതിയിലല്ല പൃഥ്വിരാജുമായി അടുത്തതെന്നും വിവാഹശേഷം സിനിമാ നിര്‍മാണ രംഗത്തേക്ക് പ്രവേശിച്ചത് പ്ലാനിങ്ങോടെയായിരുന്നില്ലെന്നും സുപ്രിയ പറയുന്നുണ്ട്.

ഇടത്തരം വീട്ടില്‍ നിന്നുവന്ന പെണ്‍കുട്ടി എന്ന നിലയില്‍ താരകുടുംബത്തിലേക്ക് വിവാഹം കഴിഞ്ഞെത്തിയത് ആശങ്കയുണ്ടായിക്കിയിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇവര്‍.

”താരകുടുംബം എന്നൊന്നും അന്ന് ആലോചിച്ചിട്ട് കൂടിയില്ല. എന്‍.ഡി.ടി.വിയില്‍ ജോലി ചെയ്യുമ്പോള്‍ ശ്രീനിവാസ് ജെയ്ന്‍ എന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മലയാള സിനിമകളെ കുറിച്ച് ഒരു സ്റ്റോറി ചെയ്യാന്‍ അസൈന്‍മെന്റ് തന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍ എന്ന രണ്ട് ബിഗ് എം അല്ലാതെ മറ്റൊരു നടനെ കുറിച്ച് പോലും അന്ന് അറിയില്ല. സഹപ്രവര്‍ത്തകയായ കൂട്ടുകാരി ഒരു മൊബൈല്‍ നമ്പര്‍ തന്നിട്ട് പറഞ്ഞു, മലയാളത്തിലെ ഒരു യുവ താരമാണ്. സിനിമയെ കുറിച്ചൊക്കെ നല്ല ധാരണയുള്ള കക്ഷിയാണ്. നീ ഒന്ന് വിളിച്ച് നോക്ക്. ഉപകാരപ്പെടും, എന്ന്.

ഞാന്‍ വിളിച്ചു. ആ ഒരൊറ്റ കോള്‍ ആണ് ജീവിതം മാറ്റിമറിച്ചത്. ഇന്റര്‍വ്യൂവും ആ ഫീച്ചറും നടന്നില്ല. പക്ഷെ ഞാനും പൃഥ്വിയും കൂട്ടുകാരായി. പുള്ളി വലിയ സ്റ്റാറാണെന്നോ താര കുടുംബത്തിലാണെന്നോ ഒന്നും അറിയില്ലല്ലോ. പയ്യെപ്പയ്യെ സൗഹൃദം കൂടുതല്‍ ദൃഢമായി. ഞങ്ങള്‍ ഡേറ്റിങ് തുടങ്ങി.

തിരക്കിനിടയ്ക്കും പൃഥ്വി മുംബൈയില്‍ വരും. എന്റെ കൂടെ ഓട്ടോയില്‍ സഞ്ചരിക്കും. ബീച്ചിലിരിക്കും, റോഡരികില്‍ നിന്ന് ചായ കുടിക്കും. അക്കാലത്ത് എല്ലാ പുസ്തകങ്ങളും രണ്ടെണ്ണം വാങ്ങും. ഒന്ന് പൃഥ്വിക്കാണ്. വായന കഴിഞ്ഞ് അതേക്കുറിച്ച് ഒരുപാട് സംസാരിക്കും.

നാല് വര്‍ഷത്തെ പരിചയത്തിന് ശേഷമാണ് വിവാഹം തീരുമാനിക്കുന്നത്. എന്നോടൊത്ത് നടന്ന പൃഥ്വിയെ ആണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. അല്ലാതെ താരത്തെ ആയിരുന്നില്ല.

അതുകൊണ്ട് തന്നെ കേരളത്തിലെത്തിക്കഴിഞ്ഞാലുള്ള ജീവിതത്തെ കുറിച്ച് ആലോചിച്ചിട്ടേയില്ല. പക്ഷെ ഇവിടെയെത്തി കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി. എല്ലാവരും എന്നെ നോക്കുന്നു, ശ്രദ്ധിക്കുന്നു, പറഞ്ഞ വാക്കുകള്‍ പലതും വാര്‍ത്തയാകുന്നു, വിവാദമാകുന്നു.

ആറ് മാസത്തെ അവധി കഴിഞ്ഞ് മുംബൈയ്ക്ക് മടങ്ങി. തിരക്കോട് തിരക്കായിരുന്നു അന്ന്. ഞാന്‍ വല്ലാതെ മടുത്തു. അങ്ങനെ ജോലി വിടാന്‍ തീരുമാനിച്ചു. ഒരു പ്ലാനും ഇല്ലാതായിരുന്നു കേരളത്തിലേക്കുള്ള വരവ്,” സുപ്രിയ മേനോന്‍ പറഞ്ഞു.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അദ്ദേഹം തന്നെ നായകനായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Content Highlight: Supriya Menon talks about her friendship and marriage with Prithviraj