യു.എ.പി.എ കേസുകളെ ചോദ്യം ചെയ്യുന്ന മുഴുവന്‍ ഹരജികളും പിന്‍വലിച്ച് സുപ്രീം കോടതി
national news
യു.എ.പി.എ കേസുകളെ ചോദ്യം ചെയ്യുന്ന മുഴുവന്‍ ഹരജികളും പിന്‍വലിച്ച് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th February 2024, 7:48 am

ന്യൂദല്‍ഹി: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തെ (യു.എ.പി.എ) ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികള്‍ തള്ളാന്‍ അനുമതി നല്‍കി സുപ്രീം കോടതി.

സംസ്ഥാനത്തുണ്ടായ അക്രമത്തില്‍ നിലനിന്നിരുന്ന വര്‍ഗീയതയെ കുറിച്ചുള്ള 2021ലെ ഒരു ട്വീറ്റുമായി ബന്ധപ്പെട്ട് ത്രിപുര പൊലീസ് യു.എ.പി.എ പ്രകാരം രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിനെ ചോദ്യം ചെയ്ത് മാധ്യമപ്രവര്‍ത്തകനും രണ്ട് അഭിഭാഷകരും നല്‍കിയ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്.

ഇതേ വിഷയത്തില്‍ ഫയല്‍ ചെയ്യപ്പെട്ട മുഴുവന്‍ ഹരജികളും പിന്‍വലിച്ചതായി ജസ്റ്റിസ് ബേല എം. ത്രിവേദി പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം നേരിട്ട് സമര്‍പ്പിക്കുന്ന ഇത്തരം ഹരജികള്‍ തങ്ങള്‍ പരിഗണിക്കുകയോ അതില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്യാറില്ലെന്നും എം. ത്രിവേദി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹരജിക്കാരോട് ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. നിലവിലുള്ള ഇടക്കാല ഉത്തരവ്
നീട്ടാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും രണ്ടാഴ്ചത്തേക്ക് വിഷയത്തില്‍ നിര്‍ബന്ധിത നടപടിയൊന്നും സ്വീകരിക്കരുതെന്ന് ത്രിപുര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്നും ജസ്റ്റിസ് പങ്കജ് മിത്തല്‍ വ്യക്തമാക്കി.

നിയമപ്രകാരം അനുവദനീയമായ രീതിയില്‍ കോടതിക്ക് മുമ്പാകെ കൃത്യമായ വിഷയങ്ങള്‍ ഫയല്‍ ചെയ്യാന്‍ ഹരജിക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

വീഡിയോ കോണ്‍ഫറന്‍സിങ് വഴി കേസില്‍ ഹാജരാകാന്‍ സാധിക്കുമോ എന്നതില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കോടതി ആണെന്നും എല്ലാ വിഷയവും സൂക്ഷമമായി നിരീക്ഷിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും കോടതി അറിയിച്ചു.

ത്രിപുരയിലെ വര്‍ഗീയ കലാപത്തിനിടെ ആരാധനാലയങ്ങള്‍ തകര്‍ത്തത് ചിത്രീകരിക്കുന്ന പ്രകോപനപരമായ ട്വീറ്റുകള്‍ക്ക് എതിരെയാണ് പൊലീസ് യു.എ.പി.എ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

ഹരജിക്കാര്‍ക്കെതിരെ നിര്‍ബന്ധിത നടപടിയെടുക്കരുതെന്ന് സുപ്രീം കോടതി ത്രിപുര പൊലീസിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Content Highlight: Supreme Court withdraws all petitions challenging UAPA cases