ന്യൂദല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ സര്‍ക്കാര്‍ നടപടിക്കെതിരായ ഹരജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ഹരജികളില്‍ നേരത്തെ വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റി വച്ചിരിക്കുകയായിരുന്നു.
സര്‍ക്കാരിന്റെ നടപടി കര്‍ണാടക ഹൈക്കോടതി ശരിവെച്ചതിന് എതിരെയുള്ള ഹരജികളിലാണ് ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാന്‍ശു ധൂലിയ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വാദം കേട്ടത്.
ഹിജാബ് ധരിക്കുന്നത് വൈവിധ്യത്തിന്റെ ഭാഗമായി കണ്ടുകൂടെ എന്ന് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. ഹിജാബ് വിലക്ക് മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് പഠനത്തിനുള്ള അവസരം നിഷേധിക്കുന്നതാണെന്ന് കേസില്‍ ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.
ഇത്തരത്തില്‍ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയ ഒരു സ്ഥാപനത്തില്‍ നിന്ന് 150 വിദ്യാര്‍ത്ഥിനികള്‍ പഠനം നിര്‍ത്തി പോയതിനുള്ള രേഖ സിബല്‍ കോടതിയില്‍ നല്‍കി. ഹിജാബ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും സിബല്‍ കോടതിയില്‍ പറഞ്ഞു.
സിഖ് മതവിഭാഗത്തിന്റെ ടര്‍ബന് നല്‍കുന്ന ഇളവ് ഹിജാബിന്റെ കാര്യത്തിലും വേണമെന്ന് മറ്റൊരു അഭിഭാഷകനായ കോളിന്‍ ഗോണ്‍സാല്‍വസ് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഹിജാബിനെ സിഖ് വിഭാഗം അണിയുന്ന തലപ്പാവുമായി താരതമ്യം ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ച് പരാമര്‍ശിച്ചു. ടര്‍ബന്‍ സിഖ് വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണെന്നും ബെഞ്ച് വ്യക്തമാക്കി.
ഹിജാബ് ധരിക്കുന്നത് മതാചാരത്തിന്റെ ഭാഗമാണെന്ന് രണ്ട് ഹൈക്കോടതി വിധികളുണ്ടെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് വാദിച്ചു. കേരള ഹൈക്കോടതിയും മദ്രാസ് ഹൈക്കോടതിയും കൈക്കൊണ്ട നിലപാടുകള്‍ക്കെതിരാണ് കര്‍ണാടക ഹൈക്കോടതി എടുത്ത സമീപനമെന്നും കാമത്ത് ചൂണ്ടിക്കാട്ടി.
എന്നാല്‍ ഹിജാബ് നിരോധനം വലിയ വിഷയമാക്കിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടല്‍ കാരണമാണെന്ന് ഹരജികളില്‍ കര്‍ണാടക സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചത്. ഇസ്‌ലാമിക രാജ്യമായ ഇറാനില്‍ പോലും ഹിജാബിനെതിരായ പ്രചാരണം തുടങ്ങിയിരിക്കുകയാണെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.