ന്യൂദല്‍ഹി: തുടര്‍ച്ചയായി തിരിച്ചടി നേരിട്ട് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ ആയുഷ് മന്ത്രാലയം പുറത്തിറക്കിയ പുതിയ വിഞ്ജാപനം സുപ്രീം കോടതി സ്റ്റേ ചെയ്തു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍, മയക്കുമരുന്ന്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട പുറത്തിറക്കിയ വിഞ്ജാപനമാണ് കോടതി സ്റ്റേ ചെയ്തത്.
ആയുര്‍വേദ, സിദ്ധ, യുനാനി മരുന്നുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിരോധിക്കുന്ന ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് റൂള്‍സ്, 1945 ലെ റൂള്‍ 170 ഒഴിവാക്കിയാണ് ആയുഷ് മന്ത്രാലയം വിഞ്ജാപനം പുറത്തിറക്കിയത്. ഈ വിഞ്ജാപനം 2024 മെയ് ഏഴിന് കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പല്ലിലാണ് ഇരിക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു.
പരസ്യത്തിന് അംഗീകാരം ലഭിക്കുന്നതിന് മുന്നോടിയായി, പരസ്യദാതാക്കള്‍ സ്വയം പ്രഖ്യാപനം സമര്‍പ്പിക്കണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാല്‍ ഇത് ലംഘിച്ചുകൊണ്ടാണ് മന്ത്രാലയം വിഞ്ജാപനമിറക്കിയത്. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
1994 ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ചട്ടങ്ങള്‍ പ്രകാരമാണ് ഒരു പരസ്യത്തിന് അനുമതി നല്‍കുന്നതിന് മുമ്പ് പരസ്യദാതാക്കളില്‍ നിന്ന് സ്വയം പ്രഖ്യാപനം വാങ്ങണമെന്ന് കോടതി ഉത്തരവിട്ടത്. തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ പരസ്യത്തില്‍ ഇല്ലെന്നും ഒഴിവാക്കാനുമാണ് ഈ നിയമം ലക്ഷ്യം വെക്കുന്നത്. നിലവില്‍ പുതിയ ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ വിഞ്ജാപനത്തിന് മേലുള്ള സ്റ്റേ തുടരുമെന്ന് ബെഞ്ച് വ്യക്തമാക്കി.
വിഞ്ജാപനത്തിനെതിരെ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ട് ലൈസന്‍സിങ് അതോറിറ്റിക്ക് ആയുഷ് മന്ത്രാലയം അയച്ച കത്തിനെതിരെ സുപ്രീം കോടതി ചോദ്യം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ ഈ കത്ത് ഉടന്‍ പിന്‍വലിക്കുമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് പറഞ്ഞു.
നേരത്തെ ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിന്റെ ഉത്പന്നത്തിന് കൊവിഡ്-19 ഭേദമാക്കാന്‍ കഴിയുമെന്ന് കമ്പനി പരസ്യങ്ങളില്‍ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചപ്പോള്‍ അതിനെതിരെ ഒരു നിയമ നടപടിയും സ്വീകരിക്കാത്തതിന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
പതഞ്ജലിയുടെ ഉല്‍പന്നങ്ങളുടെ ഫലപ്രാപ്തിയെ കുറിച്ചും അലോപ്പതിയെ വിമര്‍ശിക്കുന്നതിനെ കുറിച്ചും, പ്രത്യേകിച്ച് കൊവിഡ് പാന്‍ഡെമിക്കിന്റെ കൊടുമുടിയില്‍, കേന്ദ്രം നടപടിയെടുക്കാത്തതിനെ കോടതി നിശിതമായി വിമര്‍ശിക്കുകയായിരുന്നു.