ഉത്തര്‍പ്രദേശിലെ മദ്രസാ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി
national news
ഉത്തര്‍പ്രദേശിലെ മദ്രസാ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th April 2024, 7:57 pm

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ മദ്രസാ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി വിധി 17 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി വിധി സ്റ്റേ ചെയ്തത്.

നിയമത്തിന്റെ വ്യവസ്ഥകള്‍ മനസിലാക്കുന്നതില്‍ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചെന്ന് ചീഫ്ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഹരജിയില്‍ വിശദമായ വാദം കേള്‍ക്കേണ്ട ആവശ്യമുള്ളതിനാല്‍ കേന്ദ്ര സര്‍ക്കാരിനും യു.പി സര്‍ക്കാരിനും നോട്ടീസ് അയക്കുമെന്നും സുപ്രീം കോടതി വിധിയില്‍ പറഞ്ഞു.

യു.പി മദ്രസാ ബോർഡിന്റെ ലക്ഷ്യങ്ങള്‍ നിയമ വിധേയമാണെന്നും ബോഡിന്റെ പ്രവര്‍ത്തനങ്ങള്‍ മതേതര മൂല്യങ്ങള്‍ ലംഘിക്കുമെന്ന് പറഞ്ഞ് അവ റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അവകാശമില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ യു.പി സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

ജൂലൈ രണ്ടാം വാരം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. അത് വരെ ഹൈക്കോടതി ഉത്തരവിന് സ്റ്റേ തുടരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

യു.പിയിലെ മദ്രസാ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസമാണ് അലഹബാദ് ഹൈക്കോടതി നിയമം സ്‌റ്റേ ചെയ്തത്. വിധിക്ക് പിന്നാലെ വലിയ പ്രതിഷേധം യു.പിയിലാകെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് യു.പിയിലെ മദ്രസാ കമ്മിറ്റികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

യു.പിയിലെ മദ്രസകളില്‍ 17 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവരെയെല്ലാം പെട്ടന്ന് സംസ്ഥാനത്തെ സ്‌കൂളുകളിലേക്ക് മാറ്റണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ ഇത്രയും വിദ്യാര്‍ത്ഥികളെ പെട്ടെന്ന് സ്‌കൂളിലേക്ക് മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയത്.

Content Highlight:  Supreme Court stayed the Allahabad High Court’s verdict Madrasa Act in Uttar Pradesh