ന്യൂദല്‍ഹി: സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ പാര്‍ലമെന്റ് അംഗവുമായിരുന്ന ആതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തില്‍ യു.പി സര്‍ക്കാരിനെതിരെ സുപ്രീം കോടതി. ആതിഖിന്റെ കൊലപാതകത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട ഹരജിയില് വാദം കേള്‍ക്കുന്നതിനിടയിലാണ് ചോദ്യങ്ങളുമായി സുപ്രീം കോടതി രംഗത്തെത്തിയത്.
ആതിഖിനെ ആശുപത്രിയില്‍ കൊണ്ട് പോകുന്ന കാര്യം കൊലയാളികള്‍ എങ്ങനെ അറിഞ്ഞെന്നാണ് കോടതി ചോദിച്ചത്. എന്തുകൊണ്ടാണ് പ്രതികളെ ആംബുലന്‍സില്‍ നിന്ന് ഇറക്കി നടത്തിക്കൊണ്ട് പോയതെന്നും കോടതി ചോദിച്ചു.
‘കൊലയാളികള്‍ എങ്ങനെയാണ് ആതിഖിന്റെയും സഹോദരന്റെയും വിവരങ്ങള്‍ അറിഞ്ഞത്. വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ നമ്മള്‍ ടി.വിയിലൂടെ കണ്ടതാണ്. എന്തുകൊണ്ടാണ് ആശുപത്രിയുടെ എന്‍ട്രി ഗേറ്റ് വരെ ആംബുലന്‍സ് കൊണ്ട് പോവാതിരുന്നത്. പ്രതികളെ കൊണ്ട് പരേഡ് നടത്തിയെന്തിനായിരുന്നു,’ കോടതി ചോദിച്ചു.
എന്നാല്‍ കോടതി നിര്‍ദേശ പ്രകാരമാണ് പ്രതികളെ വൈദ്യപരിശോധനക്ക് കൊണ്ട് പോയതെന്നായിരുന്നു യു.പി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുല്‍ റോഹ്ത്തഗി കോടതിയെ അറിയിച്ചു. മാത്രമല്ല ഇക്കാര്യങ്ങള്‍ ചാനലുകള്‍ക്ക് അറിയാവുന്നതാണെന്നും അതുകൊണ്ടാണ് പ്രതികള്‍ റിപ്പോര്‍ട്ടര്‍മാരുടെ വേഷത്തില്‍ സംഭവ സ്ഥലത്തെത്തിയതെന്നും അദ്ദേഹം അറിയിച്ചു.
ഏപ്രില്‍ 15നായിരുന്നു ആതിഖ് അഹമ്മദിനെയും സഹോദരനെയും മുന്നംഗ കൊലയാളി സംഘം വെടിവെച്ച് കൊന്നത്. പൊലീസിന്റെ കനത്ത സുരക്ഷയിലിരിക്കെയാണ് പ്രയാഗ്‌രാജ് ആശുപത്രിയുടെ മുന്നില്‍ വെച്ച് ഇരുവര്‍ക്കുമെതിരെ ആക്രമണം നടന്നത്. മാധ്യമ പ്രവര്‍ത്തകരുടെ വേഷത്തില്‍ സംഭവ സ്ഥലത്തെത്തിയ പ്രതികള്‍ ഇരുവര്‍ക്കുമെതിരെ നിറയൊഴിക്കുകയായിരുന്നു.
കേസില്‍ മൂന്ന് പ്രതികളെ സംഭവ സ്ഥലത്ത് വെച്ച് തന്നെ പൊലീസ് പിടികൂടിയിരന്നു. വെടിവെപ്പിന് പിന്നാലെ യു.പി പൊലീസിനെതിരെയും യോഗി സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇരുവരെയും കൊലപ്പെടുത്താന്‍ പൊലീസ് കെട്ടിച്ചമച്ച തിരക്കഥയാണ് അരങ്ങേറിയതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേമയം യോഗി സര്‍ക്കാരിന്റെ കീഴില്‍ സംസ്ഥാത്തെ ക്രമ സമാധാന നില തകര്‍ന്നെന്നും ഉത്തര്‍ പ്രദേശില്‍ ജംഗിള്‍ രാജാണ് നടക്കുന്നതെന്നുമായിരുന്നു പ്രതിപക്ഷ കക്ഷികളുടെ വിമര്‍ശനം.