ന്യൂദല്‍ഹി: പതഞ്ജലിയുടെ വിവാദ പരസ്യങ്ങളിൽ വിശദമായ റിപ്പോർട്ട് തേടി സുപ്രീം കോടതി. പതഞ്ജലി പരസ്യങ്ങള്‍ നീക്കം ചെയ്തോയെന്ന് ഉറപ്പാക്കണമെന്ന് കോടതി ഐ.എം.എ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍)യ്ക്ക് നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹരജിയില്‍ വാദം കേട്ടത്.
ലൈസന്‍സ് റദ്ദാക്കിയ 14 ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ ഒരു കാരണവശാലും എവിടെയും പ്രസിദ്ധീകരിക്കരുതെന്ന് കോടതി താകീത് നല്‍കി. ഉത്പാദനത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തരാഖണ്ഡ് ഡ്രഗ്‌സ് ആന്റ് ലൈസന്‍സിങ് അതോറിറ്റി പതഞ്ജലി ഉത്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.
എന്നാല്‍ ഇതിനുപിന്നാലെ ലൈസന്‍സ് റദ്ദാക്കപ്പെട്ട ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഫ്‌ലാറ്റുഫോമുകളിലും മറ്റും കമ്പനി പ്രസിദ്ധീകരിച്ചു. ഇതിനെതിരെ വ്യാപക വിമര്‍ശനവും പരാതിയും ഉയര്‍ന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കോടതി നിര്‍ദേശം നല്‍കിയത്. ഉത്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കപ്പെട്ട വിവരം ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നും കോടതി പറഞ്ഞു.
റദ്ദാക്കപ്പെട്ട ഉത്പന്നങ്ങളുടെ വില്‍പന നിര്‍ത്തിവെച്ചെന്ന് പതഞ്ജലിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ബല്‍ബീര്‍ സിങ് നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനുശേഷവും കമ്പനി പരസ്യങ്ങള്‍ നല്‍കുന്നത് തുടരുകയായിരുന്നു.
പതഞ്ജലിയുടെ മധുര പലഹാരമായ സോനാ പപ്പടിക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതായിരുന്നു കമ്പനിക്കെതിരായി അവസാനം റിപ്പോര്‍ട്ട് ചെയ്ത കേസ്. തുടര്‍ന്ന് കമ്പനിയുടെ അസിസ്റ്റന്റ് മാനേജര്‍ അടക്കം മൂന്ന് പേര്‍ക്ക് കോടതി തടവ് ശിക്ഷയും പിഴയും വിധിച്ചിരുന്നു. ഉത്പന്നത്തിന്റെ ഗുണനിലവാരം അളക്കുന്ന ടെസ്റ്റിലാണ് പതഞ്ജലിയുടെ മധുര പലഹാരമായ സോനാ പപ്പടിയുടെ നിലവാരമില്ലായ്മ കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ശക്തമായ താക്കീത് നല്‍കിയിട്ടും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പത്രങ്ങളില്‍ ഉള്‍പ്പെടെ നല്‍കിയതിന് കമ്പനിക്കെതിരെ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്തിരുന്നു. തെറ്റായ പരസ്യങ്ങള്‍ നല്‍കിയതില്‍ പതഞ്ജലിയുടെ ഓരോ ഉത്പന്നത്തിനും ഒരു കോടി രൂപ പിഴ ചുമത്തുമെന്നാണ് സുപ്രീം കോടതി താക്കീത് നല്‍കിയത്. പിന്നാലെ പലതവണ പരസ്യ മാപ്പപേക്ഷയുമായി പതഞ്ജലി രംഗത്തെത്തുകയും ചെയ്തിരുന്നു.