തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം; കേന്ദ്ര നിയമം റദ്ദാക്കില്ലെന്ന് സുപ്രീം കോടതി
India
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം; കേന്ദ്ര നിയമം റദ്ദാക്കില്ലെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st March 2024, 12:19 pm

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തില്‍ കേന്ദ്ര നിയമത്തെ ചോദ്യം ചെയ്യേണ്ട സാഹചര്യം എന്തെന്ന് ഹരജിക്കാരോട് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി.

നിയമം റദ്ദാക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കാന്‍ ഒരു നിയമം കൊണ്ട് വരണമെന്നാണ് മുൻപ് ആവശ്യം ഉയര്‍ന്നത്. ഇപ്പോള്‍ നിയമം കൊണ്ട് വന്നപ്പോള്‍ എന്തിനാണ് അതിനെ എതിര്‍ക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു.

ഇതിന് മറുപടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യമാണ് തങ്ങള്‍ ഉന്നയിക്കുന്ന വിഷയമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ പറഞ്ഞു. നിയമം രൂപീകരിക്കുന്നതിനായി ചീഫ് ജസ്റ്റിസ് അംഗമായ ഒരു സമിതിയെ ഭരണഘടനാ ബെഞ്ച് നിയോഗിച്ചിരുന്നു. എന്നാല്‍ സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കൊണ്ടാണ് പുതിയ നിയമം നടന്നത്.

നിയമം ഭരണഘടനാ വിരുദ്ധമാണോ എന്ന് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാമെന്ന് കോടതി അറിയിച്ചു. എന്നാല്‍ നിയമം റദ്ദാക്കുന്നതിലേക്ക് കടക്കില്ലെന്നും കോടതി വ്യക്തമാക്കി.

പുതുതായി നിയമിക്കപ്പെട്ട രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ മറ്റ് ആക്ഷേപങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹരജിയില്‍ ഇപ്പോഴും സുപ്രീം കോടതിയില്‍ വാദം തുടരുകയാണ്.

അരുണ്‍ ഗോയലിന്റെ രാജിക്ക് പിന്നാലെ വന്ന രണ്ട് ഒഴിവിലേക്കാണ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം. മാര്‍ച്ച് 15നാണ് ഗ്യാനേഷ് കുമാറിനെയും സുഖ്ബീര്‍ സിങ്ങിനെയും പുതിയ കമ്മീഷണര്‍മാരായി നിയമിച്ചത്. ഇവരുടെ നിയമനത്തിനെതിരെ ലോക്‌സഭയിലെ മുഖ്യ പ്രതിപക്ഷ കക്ഷി നേതാവായ അധീര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തിയിരുന്നു.

പുതിയ നിയമപ്രകാരം തെരഞ്ഞെടുപ്പില്‍ രണ്ട് കമ്മിറ്റികളാണ് ഉള്ളത്. കേന്ദ്ര നിയമ മന്ത്രിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയാണ് ആദ്യത്തേത്. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ഉള്‍പ്പെടുന്ന സെലക്ട് കമ്മിറ്റിയാണ് രണ്ടാമത്തേത്.

രണ്ടാമത്തെ സമിതിയിലുള്ള ഈ മൂന്ന് ആളുകളും ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് ആളുകളുടെയും നിയമനം നടത്തേണ്ടത് എന്നാണ് ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നത്. എന്നാല്‍ ഈ ഉത്തരവ് മറികടന്ന് കൊണ്ടാണ് പുതിയ ഉദ്യോഗസ്ഥന്‍മാരെ നിയമിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

Content Highlight: Supreme Court Refuses To Stay Election Commissioners’ Act Dropping CJI From Selection Panel