ന്യൂദല്‍ഹി: ഐ.പി.സി, സി.ആര്‍.പി.സി, എവിഡന്‍സ് ആക്റ്റ് എന്നിവയ്ക്ക് പകരമുള്ള പുതിയ നിയമങ്ങള്‍ക്കെതിരായ ഹരജി തള്ളി സുപ്രീം കോടതി. മൂന്ന് പുതിയ നിയമങ്ങളും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ തിവാരി സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്.
ഐ.പി.സി, സി.ആര്‍.പി.സി, എവിഡന്‍സ് ആക്റ്റ് എന്നിവക്ക് പകരമായി സര്‍ക്കാര്‍ കൊണ്ട് വന്ന ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം തുടങ്ങിയ നിയമങ്ങള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് തിവാരി കോടതിയെ സമീപിച്ചത്. നിയമങ്ങളിലെ സാധുത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ രൂപീകരിക്കാനും തിവാരി ആവശ്യപ്പെട്ടിരുന്നു.
ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളുകയായിരുന്നു. അതേസമയം നിയമം ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നും ജസ്റ്റിസ് ത്രിവേദി പറഞ്ഞു.
ഡിസംബര്‍ 21ന് നടന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലാണ് സര്‍ക്കാര്‍ മൂന്ന് നിയമങ്ങള്‍ പാസാക്കിയത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച തീരുമാനമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റേത്. പ്രതിപക്ഷ എം.പിമാരുടെ അസാന്നിധ്യത്തിലാണ് പാര്‍ലമെന്റ് നിയമം പാസാക്കിയത്.
പാര്‍ലമെന്റില്‍ നടന്ന സുരക്ഷാവീഴ്ചയെ ചോദ്യം ചെയ്തതിന്റെ ഭാഗമായി പ്രതിപക്ഷ എം.പി മാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. സഭാ നടപടികള്‍ തടസ്സപെടുത്തിയെന്ന് പറഞ്ഞായിരുന്നു സസ്‌പെന്‍ഷന്‍. ഇതിന് പിന്നാലെയായിരുന്നു പുതിയ നിയമം പാസാക്കിയത്.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നീ മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ 2024 ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
Content Highlight: Supreme Court refuses to entertain petition against new laws replacing IPC, CrPC and Evidence Act